- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര പൂജാരി വിളിക്കുമ്പോൾ പൊങ്ങി വരും; ചോറുരുളകൾ കഴിച്ച് മടങ്ങും; 1945ൽ ക്ഷേത്ര മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചു കൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ കുളത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഐതീഹ്യം; കുമ്പള ശ്രീ അന്തപത്മനാഭ സന്നിധിയിലെ ബബിയ എന്ന മുതല ഇനി ഓർമ്മ
കാസർകോട്: ബബിയ ഇനി ഓർമ്മ. സനാതന ധർമ്മത്തിലധിഷ്ഠിതമായി ഒരു മഹത്തായ ആചാര സംരക്ഷണത്തിന്റെ ഭാഗമായി തന്റെ ജീവിതം മാറ്റി വച്ച ബബിയ ഇന്നലെ രാത്രി കുമ്പള ശ്രീ അന്തപത്മനാഭ സന്നിധിയിൽ ഓർമയായി. വർഷങ്ങളായി ഈ അമ്പലത്തിൽ എത്തുന്ന ആളുകൾക്ക് അത്ഭുത കാഴ്ച ആണ് ബബിയ. പേര് വിളിച്ചാൽ ആളുകളെ കാണാനായി അമ്പല കുളത്തിലെ വെള്ളത്തിൽ നിന്നും തല പൊക്കി നോക്കും. പതിറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള പുരാതന കുളത്തിൽ ഭക്തജനങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും കണ്ണിലുണ്ണിയായി കഴിഞ്ഞു വരികയായിരുന്നു ബബിയ.
രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. പൂർണമായും സസ്യാഹാരിയാണ് ബബിയ. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചു കൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിക്ക് കണക്കാക്കുന്ന പ്രായം.
ക്ഷേത്രത്തിലെ കാർമ്മികൻ ചോറുമായി കുളക്കരയിലെത്തിയാൽ ബബിയ വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവന്ന് ഇട്ടു കൊടുക്കുന്ന ചോറുരുളകൾ കഴിക്കും. ക്ഷേത്ര പരിസരം വിജനമായാൽ കരക്കു കയറി പ്രധാന വീഥിയിലൂടെ ക്ഷേത്ര മുറ്റത്തും ശ്രീകോവിലിലും മറ്റും ഇഴഞ്ഞെത്തും. ഒരു വർഷം മുമ്പ് സന്ധ്യാ പൂജ സമയത്ത് ശ്രീകോവിലിൽ ഇഴഞ്ഞെത്തിയ ബബിയയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബബിയയുടെ വിയോഗം ക്ഷേത്ര ജീവനക്കാരെയും ഭക്തരെയും ദുഃഖിതരാക്കി.
കുളത്തിലെ മറ്റ് മത്സ്യങ്ങളെയോ ഒന്നും ബബിയ ഉപദ്രവിക്കാറില്ലായിരുന്നു. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. 72 വയസുള്ള 'ബബിയ' മുതല ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്പീശന്റെ വിളിക്ക് കാതോർത്താണ് വെള്ളത്തിൽ നിന്നും പൊങ്ങി വരുന്നത്. കാസർകോട്ടു നിന്ന് 16 കിലോമീറ്റർ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം. ക്ഷേത്രത്തിലേക്കു പാലമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാളക്കാരൻ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവച്ചുകൊന്നെന്നും രണ്ടാം ദിവസം മുതല വീണ്ടും പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. ദൈവിക പരിവേഷമുള്ള മുതലയെ കാണാനും ക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകളാണ് നിത്യവും അനന്തപുരത്തെത്തുന്നത്. തടാകക്ഷേത്രത്തിൽ ഉപാസിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാൻ ഊരും പേരും അറിയാത്ത ഒരു ബാലൻ എത്തിയെന്നാണ് ഐതീഹ്യം. ഒരിക്കൽ സ്വാമി പൂജ ചെയ്യുമ്പോൾ ബാലൻ പൂജാസാധനങ്ങളെടുത്ത് കുസൃതി കാണിച്ചു. ബാലനെ സ്വാമി തള്ളിമാറ്റി. ബാലൻ ദൂരേക്കു തെറിച്ചുവീണിടത്ത് ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു.
ബാലന്റെ ദിവ്യത്വം മനസിലായ സ്വാമി പിറകേ പോയി. എത്തിയത് ഇന്നത്തെ തിരുവനന്തപുരത്ത്. അപ്പോൾ ബാലൻ ഭഗവാനായി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളിൽ കിടക്കാൻ അപേക്ഷിച്ചു. അങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനം ആയത് എന്നാണ് ഐതിഹ്യം. ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്നതായി കരുതുന്ന ഒരു ഗുഹയുടെ മുഖം തടാക ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ