- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റും ജയിൽവാസവും തൽകാലത്തേക്ക് ഒഴിവായെങ്കിലും സാധുവായ പട്ടയം ഇല്ലാത്തത് നടന് വിനയാകും; മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങളിൽ ദുരൂഹതകൾ ഏറെ; ബാബുരാജിന് ആശ്വാസം; താര സംഘടനാ നേതാവിന് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം
ഇടുക്കി;സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥതിചെയ്യുന്ന റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. കോതമംഗലം ഊന്നുകൽ സ്വദേശി അരുൺകുമാർ അടിമാലി കോടതിയിൽ നൽകിയ ഹർജ്ജിയിലുണ്ടായ അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ അടിമാലി പൊലീസ് ചാർജ്ജുചെയ്തിരുന്ന വഞ്ചന കേസിലാണ് താരത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.
50000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ കർശന ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം,ഒരു മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം,നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,ജാമ്യം നിലനിൽക്കെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ മുഖം കൂടിയാണ് ബാബുരാജ്.
അടിമാലി പൊലീസ് രണ്ട് തവണ നോട്ടീസ് നൽകി ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു.തുടർന്നാണ് ബാബുരാജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഈ ഹർജ്ജിയിലാണ് ഇപ്പോൾ താരത്തിന് അനുകൂല വിധി ലഭിച്ചിട്ടുള്ളത്. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം.
ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല.ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ പണം തിരികെ നൽകാൻ നടൻ തയ്യാറായില്ല.ഇതെത്തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ്‌നൽകിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ പറയുന്നു. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കേസിന്റെ നൂലാമാലകളിൽ നിന്നും നടന് എളുപ്പത്തിൽ രക്ഷപെടാൻ കഴിയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കേസിൽ തന്റെ വാദം തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഇത് കൈമാറുമെന്നും പരാതിക്കാരനായ അരുൺകുമാർ പറഞ്ഞു.പൊലീസ് അന്വേഷണത്തിൽ പൂർണ്ണവിശ്വാസം ഉണ്ട്.നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.അരുൺകുമാർ വിശദമാക്കി.
മറുനാടന് മലയാളി ലേഖകന്.