- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒറ്റപ്പെടലും രോഗദുരിതങ്ങളും ഉറ്റവരുടെ അവഗണനയും; ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും; കള്ളൻ പവിത്രനിലെ നായിക മലയാളിയുടെ മനസ്സിൽ ഇന്ന് നൊമ്പരക്കാഴ്ച; സഹോദരങ്ങൾ കൈവിട്ട നടിയെ സുമനസ്സുകൾ ഏറ്റെടുക്കുമ്പോൾ

കൊച്ചി: ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ച് നല്കിയ അക്ഷര വീട്ടിൽ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കുനാവാതെ വീട് വിട്ടിറങ്ങിയ ചലച്ചിത്ര നടി ബീന സാബുവിന് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും. കൊടുമൺ കുളത്തിനാലിൽ പ്രവർത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് എത്തിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ അഭിനയ മികവുകാട്ടി, പ്രതിഭധനനായ പത്മരാജന്റെ 'കള്ളൻ പവിത്രൻ' എന്ന ഹിറ്റ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ബീന കുമ്പളങ്ങി. നായികയായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് അത്ര നല്ല അവസരങ്ങളൊന്നും ബീനയ്ക്ക് ലഭിച്ചിരുന്നില്ല. പഴയകാല നടൻ എം ഗോവിന്ദൻകുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എൺപതുകളിൽ ബീന സിനിമാരംഗത്ത് എത്തുന്നത്. 'രണ്ടു മുഖം' എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീടാണ് കള്ളൻ പവിത്രൻ, ചാപ്പ അടക്കമുള്ള ക്ലാസിക് സിനിമകളിലും വേഷമിട്ടത്. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമ ലോകത്ത് ശ്രദ്ധേയയാക്കിയത്. പക്ഷേ ജീവിതം ദുരിതമായി മാറിയെന്നതാണ് വസ്തുത.
മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയും, ചലച്ചിത്ര നടിയുമായ സീമ ജി നായർ, മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആന്റണി, മഹാത്മ ലീഗൽ അഡൈ്വസർ അഡ്വക്കേറ്റ് മുജീബ് റഹ്‌മാൻ എന്നിവർ കൊച്ചിയിലെത്തി ബീന സാബുവിന്റെ സംരക്ഷണം ഏറ്റെടുത്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി തന്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കും, തന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കുമെതിരെ ബീനാ സാബു പരാതി നൽകിയിരുന്നു. താൻ തന്റെ സുരക്ഷിതമായ ജീവിതത്തിന് അടൂർ മഹാത്മയിൽ അഭയം തേടുന്ന വിവരം പൊലീസിനെ അവർ അറിയിക്കും. കുമ്പളങ്ങി തൈകൂട്ടത്തിൽ ജോസഫ്, റീത്ത ദമ്പതികളുടെ മകളായിരുന്ന ബിന കള്ളൻ പവിത്രനിലെ നായികയായിരുന്നു. അറുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും പഴയതും, പുതിയതുമായ തലമുറയോടൊപ്പം 42 വർഷം അഭ്രപാളികളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ബീന കുമ്പളങ്ങി.
1979-ലെ മാമാങ്കം, തളിരിട്ട കിനാക്കൾ തുടങ്ങി - തൃഷ്ണ, മുന്നേറ്റം, വിടപറയും മുമ്പേ, രണ്ടു മുഖങ്ങൾ, വിഷം, ഉരുക്കുമുഷ്ടികൾ, ഗ്രീഷ്മ ജ്വാല, ആറ്റും മണമ്മേലെ ഉണ്ണിയാർച്ച, ചാപ്പ , മാറ്റുവിൻ ചട്ടങ്ങളെ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, കോമരം, പ്രേംനസീറിനെ കാൺമാനില്ല, മണിയറ, കൈകേയി , പാലം, പാഞ്ചജന്യം, എനിക്ക് വിശക്കുന്നു, അടുത്തടുത്ത്, കാണാമറയത്ത്, വേട്ട ധകൊമ്പ്), ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, അർച്ചന ആരാധന, മകൻ എന്റെ മകൻ, മൗനനൊമ്പരം എന്നിവയിൽ മികച്ച വേഷങ്ങളിൽ അഭിനയിച്ചു.
അങ്ങാടിക്കപ്പുറത്ത്, അമ്പട ഞാനേ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കൊടുങ്ങല്ലൂർ ഭഗവതി, ആറ്റിനക്കരെ, തൂവൽ സ്പർശം, ആയുഷ്‌കാലം, നിന്നെയും തേടി, അപരന്മാർ നഗരത്തിൽ, ഷാർജ ടു ഷാർജ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, കല്യാണരാമൻ, സ്നേഹിതൻ, കാക്കേ കാക്കേ കൂടെവിടെ, സ്റ്റോപ്പ് വയലൻസ്, ക്രോണിക്ക് ബാച്ചിലർ, സദാനന്ദന്റെ സമയം, ശിങ്കാരി ബോലോനാ, ചതിക്കാത്ത ചന്തു, സാന്ദ്ര, 5 ഫിംഗർസ്, മോഹിതം, പതിനൊന്നിൽ വ്യാഴം, ക്രൈം നമ്പർ 89, അടിയാളൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
ബീന കുമ്പളങ്ങിയുടെ യഥാർത്ഥ ജീവിത കഥയിപ്പോൾ സിനിമയിലേതിനെക്കാളും സങ്കടകരമാണ്. ബീന ഇന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലാണ്. സഹോദരങ്ങൾ ഉപേക്ഷിച്ചുപോവുകയും ഭർത്താവ് അകാലത്തിൽ വിടപറയുകയും ചെയ്തപ്പോൾ തീർത്തും ആലംബഹീനയായി. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ ബീന കലാരംഗത്ത് സജീവമായിരുന്നു. സ്‌കൂളിലും പള്ളിയിലും നടക്കുന്ന നൃത്ത പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു. കലാഭവനിൽ നൃത്തം പഠിച്ചിട്ടുണ്ട്.
എൺപതുകളിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ബീന എറണാകുളത്തെ പ്രധാന കുടുംബത്തിലാണ് പിറന്നത്. കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫും റീത്തയുമാണ് മാതാപിതാക്കൾ. അപ്പച്ചന് ബിസിനസ്സ് ആയിരുന്നു. ഏഴ് മക്കൾ ഉള്ള വലിയ കുടുംബം. വലിയ വീടൊക്കെ ആയിരുന്നെങ്കിലും പട്ടിണി മാറാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. ഇതിനിടെ സിനിമയിൽ എത്തിയ ബീന തനിക്ക് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കുടുംബത്തിന്റെ ദാരിദ്ര്യമകറ്റുവാനാണ് വിനിയോഗിച്ചത്. ഇതിനിടെ പെരുമ്പാവൂർ സ്വദേശിയായ സാബുവിനെ സ്നേഹിച്ച് വിവാഹം കഴിച്ചു. 36-ാമത്തെ വയസ്സിലായിരുന്നു ബീനയുടെ ജീവിതത്തിലേക്ക് സാബു എത്തിയത്. മക്കൾ ഇല്ല.
30 സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നെങ്കിലും അത് ഭർത്താവ് പണയം വച്ചതിനാൽ കിടപ്പാടവും നഷ്ടമായി. സഹോദരങ്ങളെല്ലാം നല്ല നിലയിൽ കഴിയുമ്പോഴും ബീന ജീവിതത്തിന്റെ ദുരവസ്ഥയിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നു. 2004ൽ ചിക്കൻപോക്സിന്റെ ഇൻഫക്ഷൻ ബാധിച്ച് ഭർത്താവ് സാബു അരയ്ക്ക് കീഴ്പോട്ട് തളർന്നു കിടപ്പിലായി. ഒടുവിൽ മരിച്ചു. അമ്മയും മരിച്ചതോടെ പൂർണമായ ഒറ്റപ്പെടൽ. വാടക വീട്ടിലായിരുന്ന ബീനയ്ക്ക് കുമ്പളങ്ങി 16-ാം വാർഡിൽ മൂന്നു സെന്റ് സ്ഥലത്ത് ചെറിയ ഒരു വീട് വച്ചു കൊടുത്തു. ബീന അഭിനയിച്ച അവസാന ചിത്രം കല്ല്യാണരാമനാണ്.
കള്ളൻ പവിത്രനിലെ മുണ്ടും ബ്ലൗസും റോളുകളായിരുന്നു പിന്നീട് ലഭിച്ചതെല്ലാം. നല്ല റോളാണെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നതെങ്കിലും പിന്നീട് ചെയ്ത് തുടങ്ങുമ്പോഴാണ് ചെറിയ വേഷമാണെന്ന് മനസ്സിലാക്കുന്നത്. അവസരങ്ങൾ കുറഞ്ഞതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.


