- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലാൽ പറഞ്ഞത് അനുസരിച്ച് വിഷുസദ്യ; ആദ്യം സ്ത്രീകൾ കഴിക്കട്ടേ എന്ന് തീരുമാനം; അറിയാതെ എത്തി ഇലയ്ക്ക് മുമ്പിൽ റിനോഷ് ഇരുന്നപ്പോൾ 'റിനോഷെ പെണ്ണാണോ നീ' എന്ന് വിളമ്പലുകാരന്റെ ചോദ്യം; ഹനാന്റെ വിവാദത്തിന് ശേഷം വീണ്ടും റിനോഷ് ചർച്ചകളിൽ; ബിഗ് ബോസ് ഹൗസിലെ 'വിഷു'വും ചർച്ചകളിൽ
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ വിഷു ആഘോഷത്തിലും വിവാദം. ഈസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾക്ക് ശേഷം മോഹൻലാൽ എത്തിയതോടെ വിഷു കെങ്കേമം ആക്കിയിരിക്കുകയാണ് ബിഗ് ബോസ് ടീം. മത്സരാർത്ഥികളുടെ വീട്ടുകാരെ കാണിച്ചുകൊണ്ടായിരുന്നു ഷോ ഇന്ന് ആരംഭിച്ചത്. ശേഷം പായസ മത്സരവും നടന്നു. കഴിഞ്ഞ ആഴ്ചയിലെ കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം മത്സരാർത്ഥികൾക്ക് സർപ്രൈസ് നൽകി മോഹൻലാൽ വീടിനുള്ളിൽ പോകുകയും ചെയ്തു.
മത്സാരർത്ഥികളുടെ പിണക്കങ്ങൾ മാറിയതിൽ സന്തോഷവാനാണെന്ന് പറഞ്ഞ മോഹൻലാൽ വീട്ടിലേക്ക് പോവുക ആയിരുന്നു. അപ്രതീക്ഷിതമായ മോഹൻലാലിന്റെ വരവ് മത്സരാർത്ഥികളും പ്രതീക്ഷിച്ചില്ല. മത്സരാർത്ഥികൾ ഉണ്ടാക്കിയ പായസം കുടിച്ച് അൽപ്പനേരം അവർക്കൊപ്പം ചിലവഴിച്ച് ലാൽ പുറത്തേക്ക് വന്നു. ചങ്കിനുള്ളിൽ ലാലേട്ടൻ എന്ന പാട്ടു പാടിയാണ് ലാലിനെ അവർ യാത്രയാക്കിയത്. എല്ലാ പരിപാടികളും കഴിഞ്ഞപ്പോൾ വീണ്ടും വിവാദം.
പരിപാടികൾക്ക് അവസാനം ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് സദ്യ ഒരുക്കിയിട്ടുണ്ടെന്ന് മോഹൻലാൽ അറിയിച്ചു. തുടർന്നാണ് അദ്ദേഹം രംഗം വിട്ടത്. പിന്നാലെ ബിഗ്ബോസ് അംഗങ്ങൾ ആദ്യം വീട്ടിലെ സ്ത്രീകൾ ഭക്ഷണം കഴിക്കട്ടെ എന്ന തീരുമാനത്തിൽ എത്തി. സ്ത്രീകൾ സ്ഥാനം പിടിച്ചു. അഖിൽ മാരാർ അടക്കം ഒരു വിഭാഗം ഭക്ഷണം വിളമ്പാൻ ആരംഭിച്ചു. എന്നാൽ ഇതേ സമയത്ത് റിനോഷ് എത്തി ഒരു കസേരയിൽ ഇരിക്കാൻ തുടങ്ങി.
അപ്പോൾ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന ഷിജു 'റിനോഷെ പെണ്ണാണോ നീ' എന്ന് ചോദിച്ചു. ഇതോടെ അതീവ ദുഃഖിതനായി റിനോഷ് തീന്മേശയിൽ നിന്നും എഴുന്നേറ്റ് പോയി. ആദ്യം സ്ത്രീകളാണ് ഇരിക്കേണ്ടതെന്ന കാര്യം റിനോഷ് അറിഞ്ഞില്ലെന്നാണ് സൂചന. എന്നാൽ റിനോഷിനെ ഭക്ഷണത്തിന് മുന്നിൽ നിന്നും അപമാനിച്ചുവിട്ടുവെന്നാണ് ആരാധകർ പറയുന്നത്. ലിംഗം നോക്കിയാണ് ഭക്ഷണം എങ്കിൽ ട്രാൻസിനെ ഇരുത്താമോ എന്ന ചോദ്യവും ഉയരുന്നു. ബിഗ് ബോസ് വീടിന് പുറത്താണ് ചർച്ചകൾ.
അതിനിടെ ഈ സീസണിൽ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് ഹൗസിലെത്തിയ താരമാണ് ഹനാൻ. ഹൗസിലെത്തിയതിനു പിന്നാലെ തന്നെ ചെറിയ പൊട്ടിത്തെറികളുമായാണ് ഹനാന്റെ മത്സരം ആരംഭിച്ചത്. വീക്ക്ലി ടാസ്ക്കിനിടയിൽ റിനോഷുമായുണ്ടായ കലഹം ഹൗസ് അംഗങ്ങളെ മുഴുവനായും ബാധിച്ചു. ചിലർക്ക് മാനസിക സമ്മർദ്ദങ്ങൾക്കു വരെ ആ വഴക്ക് വഴിവച്ചു. വഴക്കുണ്ടായതിനു കാരണം ഹനാൻ ആണെന്നുള്ള നിഗമനത്തിൽ ഹൗസ് അംഗങ്ങളുമെത്തി. ഇതു ഹനാനെ മാനസികമായി തളർത്തി. തുടർന്ന് രാത്രി ഉറങ്ങാതിരിക്കുകയും ഭക്ഷണം വേണ്ടെന്ന് പറയുകയും ചെയ്തു.
ഹനാന്റെ നില മോശമാണെന്ന് മനസ്സിലാക്കിയ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ നിർദ്ദേശ പ്രകാരം പകൽ സമയം ഉറങ്ങാൻ കിടന്ന ഹനാന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ വിശ്രമം ആവശ്യമായതിനെ തുടർന്ന് ഹനാൻ ഇനി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തില്ലെന്ന് ബിഗ് ബോസ് മത്സരാർത്ഥികളെ അറിയിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായി മാറുകയാണ് റിനോഷ് ജോർജ് എന്നാണ് വിലയിരുത്തൽ. റിനോഷിന്റെ പേരിലുള്ള ഫാൻസ് പേജുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് പ്രേക്ഷകർ സ്നേഹത്തോടെ റിനോഷിനെ വിളിക്കുന്നത്. അൽപ്പം മനസാക്ഷിയുള്ള, വിശ്വസിക്കാവുന്ന മത്സരാർത്ഥിയെന്നാണ് വീടിനകത്തുള്ളവരും റിനോഷിനെ വിശേഷിപ്പിക്കുന്നത്. സ്ക്രീൻ സ്പേസിനു വേണ്ടിയുള്ള ഡ്രാമകളൊന്നും റിനോഷ് സൃഷ്ടിക്കുന്നില്ലെന്നതും കൂട്ടത്തിൽ റിനോഷിനെ വ്യത്യസ്തനാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ