കണ്ണൂർ: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേലിൽ പോയ കൃഷിവകുപ്പ് സംഘത്തെ വെട്ടിലാക്കിയ തിരോധാനമായിരുന്നു കണ്ണൂർ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യന്റേത്. ബിജു കുര്യന്റേത് ആസൂത്രിതമായ മുങ്ങലായിരുന്നു എന്നാണ് മടങ്ങിയെത്തിയ യാത്രാസംഘവും വ്യക്തമാക്കുന്നത്. കുര്യൻ അടക്കം 27 പേരായായിരുന്നു കൃഷ്ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് നയിച്ച സംഘത്തിലുണ്ടായിരുന്നത്. 26 പേരാണ് മടങ്ങി വന്നത്.

കുര്യൻ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സംഘത്തിൽപ്പെട്ട കർഷകർ പറഞ്ഞു. പരിപാടി കഴിഞ്ഞ് ഭക്ഷണത്തിന് പോകാനാരിക്കെയാണ് പെട്ടന്ന് ഇയാൾ അപ്രത്യക്ഷനായതെന്നും കർഷകർ പറയുന്നു. 'പരിപാടി കഴിഞ്ഞാൽ എല്ലാവരും തിരിച്ച് ഹോട്ടലിലേക്ക് വരും. ഉറങ്ങുന്നതിന് മുമ്പായി വേണമെങ്കിൽ കുറച്ച് സമയം പുറത്തൊക്കെ ചെലവഴിക്കാമായിരുന്നു. പരിചയമില്ലാത്തയിടമായതുകൊണ്ട് ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്നാൽ ഇയാൾ നടന്നു പോയി, പിന്നീട് കണ്ടില്ല' സംഘത്തിലുണ്ടായിരുന്ന കർഷകനായ ജോബി ഡേവിഡ് പറഞ്ഞു.

'വ്യാഴാഴ്ച നിശ്ചയിച്ച പരിപാടികൊളൊക്കെ കഴിഞ്ഞ് ഭക്ഷണത്തിന് പോകാനായി ഒരുങ്ങിയതാണ്. അതുവരെ ഞങ്ങളുടെ ബസിന് തൊട്ടുപിന്നിലായി ഉണ്ടായിരുന്നതാണ്. ഇതിനിടെ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നുമുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അനുമതി വാങ്ങാതെ അങ്ങനെ പോകാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെയിൽ അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷമായി' ജോപ്പുജോൺ എന്ന കർഷകൻ പറഞ്ഞു.

ബിജുവിനെ കാണാതായതോടെ ഉടൻ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറി പൊലീസിൽ വിവരം അറിയിച്ചു. സംഘത്തിലുള്ള ഞങ്ങളും ലോക്കൽ ഗെയ്ഡിനെ ബന്ധപ്പെട്ട് ടൂറിസ്റ്റുകൾ പോകാറുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. പിന്നീട് എംബിസിയിലും അറിയിച്ചുവെന്നും മറ്റൊരു കർഷകൻ വ്യക്തമാക്കി. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നാണ് രാത്രി ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് ബസിൽ കയറാൻ തയ്യാറായി വന്ന വേളയിലാണ് ബിജു കുര്യൻ അപ്രത്യക്ഷനായത്.

ബിജുവുമായി ബന്ധമുള്ള ഇസ്രയേലിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യൻ വീട്ടുകാർക്ക് സന്ദേശമയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ കൈമാറിയില്ല. പിന്നീട് ബന്ധുക്കളും അന്വേഷണസംഘവും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ബിജു കുര്യന്റെ വിസയ്ക്ക് മെയ്‌ എട്ടുവരെ കാലാവധിയുണ്ടെങ്കിലും സർക്കാർ ശുപാർശയിലായതിനാൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ വിസ റദ്ദാകാനുള്ള സാധ്യത അധികൃതർ ആരായുന്നുണ്ട്.

ഇതിനിടെ കർഷകരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപവുമുണ്ട്. ഇതിൽ അന്വേഷണമുണ്ടാവും. കർഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. ബിജുവിന്റെ പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. മതിയായ കാർഷികപശ്ചാത്തലമില്ലെന്നും ആരോപണമുണ്ട്. ഉളിക്കൽ കൃഷിഭവൻ പരിധിയിലാണ് എൽ.ഐ.സി. ഏജന്റായ ബിജു താമസിക്കുന്നതെങ്കിലും ഇസ്രയേലിലേക്ക് പോയത് പായം കൃഷിഭവൻ മുഖേനയാണ്. ബിജുവിന് പായത്ത് രണ്ടേക്കർ സ്ഥലമുണ്ട്.

ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 ന് ആണ് സംഘം ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായെന്നാണു വിവരം. ബിജുവിന് അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.