തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ രംഗത്ത് എത്തുമ്പോൾ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാകും. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിയുമെന്നാണ് വിവരം. നേരത്തെ തന്റെ താൽപ്പര്യം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിനെ അറിയിച്ചിരുന്നു. മന്ത്രി അത് മന്ത്രിസഭയിലും ചർച്ചയാക്കി. എന്നാൽ തൽകാലം ബിജു പ്രഭാകർ തുടരട്ടേ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് മുമ്പിൽ ബിജു പ്രഭാകർ ആവശ്യം രേഖാമൂലം ഉന്നയിക്കുന്നത്.

ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയാനുള്ള നീക്കമെന്നും സൂചനയുണ്ട്. വിദേശ പര്യടനം കഴിഞ്ഞെത്തിയ ബിജുപ്രഭാകർ കെ എസ് ആർ ടി സിയുടെ ചുമതല ഏറ്റെടുത്തിരുന്നില്ല. ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേശ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു. ഇലക്ട്രിക് ബസിലെ ചർച്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സാഹചര്യത്തിൽ ബിജു പ്രഭാകറിനെ മാറ്റുമെന്നാണ് സൂചന. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം വരും.

ഇത്തരം വിഷയങ്ങളിൽ ഗണേശ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്. വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആർടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിമെന്നാണ് സൂചന.

ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേശ് കുമാറിന്റെ പ്രസ്താവന സിപിഎമ്മിലും ഇടതുമുന്നണിയിലും അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കെഎസ്ആർടിസിയിലെ നയപരമായ തീരുമാനങ്ങളിൽ ഉൾപ്പെടെ ഗണേശ്കുമാർ ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയർന്നു. ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയർന്നുവന്നിരുന്നു. ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേശ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എംഡി സ്ഥാനത്തു തുടരുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ ഗണേശ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്.

കെഎസ്ആർടിസി -സ്വിഫ്റ്റ് എംഡി സ്ഥാനം ഒഴിഞ്ഞേ മതിയാകൂവെന്ന തീരുമാനത്തിലാണ് ബിജു പ്രഭാകർ. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്നാണ് വിശദീകരണം. ജോലിത്തിരക്കുകളാൽ കെഎസ്ആർടിസിക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഗതാഗത വകുപ്പ് മന്ത്രി വന്നതും മന്ത്രി ഗണേശ് കുമാറിന്റെ തീരുമാനങ്ങൾക്കും നടപടികൾക്കും വിലക്കും തിരുത്തും വന്നതും മറ്റും പ്രതിസന്ധിക്ക് കാരണമാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്.

വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടും ചീഫ് സെക്രട്ടറി വി.വേണുവിനോടുമാണ് ബിജു പ്രഭാകർ തന്നെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. പുതിയ മേധാവിയെ നിയോഗിക്കുന്നതുവരെ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിന് ചുമതല നൽകുന്നതും മന്ത്രി ആലോചിച്ചിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസ തുടർന്നാണ് പദവി ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സ് ബിജു പ്രഭാകറിനൊപ്പമാണ്. തൽകാലം മാറ്റേണ്ടതില്ലെന്നാണ് പക്ഷം.കെ.ടി.ഡി.എഫ്.സി സി.എം.ഡിയുടെ ചുമതലയും ബിജുവിനാണ്. ഇലക്ട്രിക് ബസുമായുള്ള വിവാദങ്ങളാണ് മന്ത്രിയേയും കെ എസ് ആർ ടി സി എംഡിയേയും അകറ്റിയത്. ഇതോടെയാണ് ബിജു പ്രഭാകർ സ്ഥാനം ഒഴിയാൻ സന്നദ്ധനായത്.

കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടര വർഷമായി നടന്നുവന്ന പരിഷ്‌കാര പ്രവർത്തനങ്ങളെല്ലാം ശരിയല്ലെന്ന മന്ത്രി ഗണേശ് കുമാറിന്റെ നിലപാടിൽ ബിജു പ്രഭാകർ അതൃപ്തനായിരുന്നു. ഇ ബസ് നഷ്ടമാണെന്ന് അധികാരമേറ്റ ഉടൻ മന്ത്രി ഗണേശ് വാദിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്തു വന്നത്. ഇത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെ എം.ഡിയെ മാറ്റാനുള്ള നീക്കം സജീവമായിരുന്നു. ഇതിനിടെ ഗതാഗതമന്ത്രിക്ക് അനുകൂലമായ കണക്കും പുറത്തു വന്നു. ഇ ബസിൽ അഴിമതിയും ആരോപിച്ചു.