- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ആർ ടി സിയിൽ നിന്നും ബിജു പ്രഭാകറിനെ ഒഴിവാക്കും
തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ഭിന്നത വാർത്തകൾ നിഷേധിച്ച് അവധി അപേക്ഷയുമായി ഗതാഗത സെക്രട്ടറി കൂടിയായ കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ എത്തുന്നത് സർക്കാരിനെ പ്രകോപിപ്പിക്കാതെ സ്ഥാനം ഒഴിയാൻ. ഇതോടെ ബിജുപ്രഭാകറിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയൻ ബിജു പ്രഭാകറിനെ മാറ്റാൻ പച്ചക്കൊടി കാട്ടും.
6 ചുമതലകളാണ് ഇപ്പോൾ വഹിക്കുന്നത് ഗതാഗത വകുപ്പിൽ തന്നെ സെക്രട്ടറി, കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിന്റെയും സിഎംഡി, കെടിഡിഎഫ്സി ചെയർമാൻ എന്നീ സ്ഥാനങ്ങൾക്കു പുറമേ ഗുരുവായൂർ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം ദേവസ്വം കമ്മിഷണറുമാണ്. കെഎസ്ആർടിസി സിഎംഡി സ്ഥാനം മാത്രമല്ല, ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുന്നതിന് മുന്മന്ത്രിയുടെ കാലത്ത് കഴിഞ്ഞ ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നതാണെന്നതാണ് വസ്തുത്. കെ എസ് ആർ ടി സിയിൽ നിന്നും മാറിയാലും കെടിഡിഎഫ്സിയിൽ ബിജു പ്രഭാകർ തുടരുമോ എന്നതും ചോദ്യമായി ഉയരുന്നുണ്ട്.
ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാറുമായി അഭിപ്രായവ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകർ പരസ്യമായി പറഞ്ഞു. മന്ത്രിയെ അംഗീകരിച്ചു കൊണ്ടാണ് നിലപാട് വിശദീകരിക്കുന്നത്. കെഎസ്ആർടിസിയിൽ മുൻപ് റെക്കോർഡ് കലക്ഷൻ വന്നത് 2019ൽ ആയിരുന്നു 213 കോടി. ഇപ്പോൾ അത് മാസം 245 കോടിയിലെത്തി. ദിവസവരുമാന റെക്കോർഡ് 8.5 കോടിയായിരുന്നത് 9 കോടിയെത്തി ബിജു പ്രഭാകർ പറഞ്ഞു. അതായത് കെ എസ് ആർ ടി സിയെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിച്ച ശേഷമാണ് പടിയിറങ്ങുന്നതെന്ന് കൂടി വിശദീകരിക്കുകയാണ് ബിജു പ്രഭാകർ. അടുത്ത മന്ത്രിസഭാ യോഗം ബിജുവിനെ മാറ്റുമെന്നാണ് സൂചന.
മികച്ചൊരു ടീം ഉദ്യോഗസ്ഥർ കെഎസ്ആർടിസിയുടെ തലപ്പത്തുണ്ട്. അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. പുതിയ മന്ത്രി കെ.ബി.ഗണേശ്കുമാർ ചുമതലയേറ്റെടുത്ത് അദ്ദേഹവുമായി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സ്ഥാനമൊഴിയുന്ന കാര്യം പറഞ്ഞിരുന്നു. മന്ത്രി എതിർത്തു. ഇന്നലെ അദ്ദേഹത്തോട് ഇക്കാര്യം നേരിട്ടു പറഞ്ഞപ്പോഴും സ്ഥാനമൊഴിയരുത്, തുടരണമെന്നാണു മന്ത്രി നിർദ്ദേശിച്ചതെന്നും ബിജു പ്രഭാകർ വിശദീകരിക്കുന്നു.
ചീഫ് സെക്രട്ടറിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് കത്തു നൽകിയതെന്നും സർക്കാരിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾ ഉള്ളതിനാൽ 10 ദിവസം അവധിയും മന്ത്രിയുടെ അനുമതിയോടെ എടുത്തുവെന്നാണ് ബിജു പ്രഭാകർ പറയുന്നത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചു പൊതു മേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ആർടിസിയും എത്തിയെന്ന ആത്മവിശ്വാസവും ബിജു പ്രഭാകറിനുണ്ട്.
2022 - 2023 ൽ കെഎസ്ആർടിസിയുടെ വരുമാനം 2410 കോടി രൂപയാണ്. 2021-2022ൽ ലഭിച്ച 1217 കോടിയിൽ നിന്നാണ് ഇരട്ടിയോളമുള്ള കുതിപ്പ്. ലാഭത്തിലുള്ള മറ്റു കോർപറേഷനിൽ ഒന്നിനുപോലും ഇത്രയും വരുമാന വളർച്ചയില്ലെന്നതും ബിജു പ്രഭാകറിന് അഭിമാനിക്കാൻ വക നൽകുന്നതാണ്. ബജറ്റ് ടൂറിസം, ടിക്കറ്റിതര വരുമാനത്തിന് വിവിധ പദ്ധതികൾ എന്നിവ ആവിഷ്കരിച്ചാണ് വരുമാന ഉയർച്ച ഉണ്ടായത്.