- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകർ ഐഎഎസ് മാറിയത് മന്ത്രിയുമായുള്ള തർക്കത്തിനിടെയാണ് എന്ന വാർത്തകൾക്കിടയിലും മന്ത്രിക്ക് ചിരിച്ചുകൈകൊടുത്ത് യാത്ര പറഞ്ഞ് ചുമതലയൊഴിഞ്ഞു. ഇ ബസിന്റെ ലാഭ നഷ്ടത്തെ ചൊല്ലിയായിരുന്നു മന്ത്രി കെ ബി ഗണേശ് കുമാറും കെ എസ് ആർ സി ടി സിഎംഡിയായിരുന്ന ബിജു പ്രഭാകറും തമ്മിൽ ഭിന്നത ഉടലെടുത്തത്.
തിരുവനന്തപുരത്ത് ഇ-ബസുകളും സർക്കുലർ സർവീസുകളും അവതരിപ്പിച്ചതിന് ചുക്കാൻ പിടിച്ച ആളായിരുന്നു ബിജു പ്രഭാകർ. എന്നാൽ ആന്റണി രാജുവിൽ നിന്ന് ഗതാഗത വകുപ്പ് ഏറ്റെടുത്ത ഗണേശ് കുമാർ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഇ-ബസുകൾ ഒട്ടും ലാഭകരമല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ ഇത് ഖണ്ഡിക്കുംവിധം ബിജു പ്രഭാകർ വാർഷിക കണക്ക് പുറത്തുവിട്ടതോടെയാണ് ഗണേശും, കെഎസ്ആർടിസി സിഎംഡിയും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചത്. പിന്നീട് ഗണേശ് കുമാറിന് ഈ നിലപാടിൽ നിന്ന് പിൻവലിയേണ്ടി വന്നിരുന്നു.
അതേസമയം, ബിജു പ്രഭാകറിന് പകരം കെ വാസുകിയെയാണ് ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിചത്. തിങ്കളാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന വാസുകിക്ക് അധിക ചുമതലയായാണ് ഗതാഗത സെക്രട്ടറി സ്ഥാനം നൽകിയത്.
മൂന്ന് വർഷത്തെയും എട്ട് മാസത്തെയും സേവനത്തിന് ശേഷമാണ് കെഎസ്ആർടിസി സിഎംഡി പദവിയിൽ നിന്നും, രണ്ടര വർഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയിൽ നിന്നും ബിജു പ്രഭാകർ ചുമതല ഒഴിഞ്ഞത്. പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയിൽ നാളെ( ബുധനാഴ്ച) ചുമതലയേൽക്കും. ചുമതല ഒഴിയുന്നതിന് മുൻപ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ ചേമ്പറിലെത്തി യാത്ര പറയുകയും ചെയ്തു. ഗതാഗത വകുപ്പിനും, കെഎസ്ആർടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവിൽ ബിജു പ്രഭാകർ നൽകിയ അഭിമാനകരമായ പ്രവർത്തനങ്ങൾക്ക് മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ബിജു പ്രഭാകറിനെ വ്യവസായ വകുപ്പ് (മൈനിങ് & ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാൻഡ്ലൂം & കശുവണ്ടി) സെക്രട്ടറിയായാണ് നിയമിച്ചത്. ഗുരുവായൂർ, കൂടൽ മാണിക്കം ദേവസ്വങ്ങളുടെ കമ്മീഷണറായി സേവനമനുനുഷ്ഠിക്കുന്നതിനൊപ്പം ഗതാഗത (റെയിൽവേ, മെട്രോ, ഏവിയേഷൻ) മുഴുവൻ അധിക ചുമതലകളും അദ്ദേഹം വഹിക്കും.
ഗണേശ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ബിജു പ്രഭാകർ
മന്ത്രി കെബി ഗണേശ് കുമാറുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, അത് ധാരണകളിലെ വ്യത്യസ്തതയുടെ കാര്യമാണെന്നുമാണ് ബിജു പ്രഭാകർ വിശദീകരിച്ചത്. ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് വന്നതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ പ്രതികരണം. ജോലി ഭാരം കൊണ്ടാണ് ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി, സി.എം.ഡി എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞത്. നേരത്തെ മാറാൻ സന്നദ്ധത അറിയിച്ചതാണ്. താൻ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്ത സ്ഥാപനമാണ് കെ.എസ്.ആർ.ടി.സിയെന്നും ബിജു പ്രഭാകർ പറഞ്ഞു.
നേരത്തെ ജനുവരി 29ന് തന്നെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കത്ത് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും, കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ നീക്കികൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയാണ് നടപടിക്ക് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ.
ഒരു തീരുമാനത്തിനായി താൻ ഒരാഴ്ചയോളം കാത്തിരുന്നു. അതിനിടയിൽ ജനുവരി 30ന് ഒരു ഡിപിസി യോഗം നടന്നു, ഗതാഗത സെക്രട്ടറി എന്ന നിലയിലാണ് അത് നടന്നത്. കെഎസ്ആർടിസിയുടെ 4500 ബസുകൾ കൈകാര്യം ചെയ്യുക എന്നത് 24 മണിക്കൂർ ജോലിയാണ്, കൂടാതെ ഒരുപാട് ചുമതലകൾ നിറവേറ്റേണ്ടതുണ്ട്. അതിനാൽ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് പിന്മാറാൻ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്', ബിജു പ്രഭാകർ പറഞ്ഞു. കത്തിൽ തീരുമാനം വൈകിയതോടെയാണ് ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത്.