ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധി വരുമ്പോൾ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ട്. സുപ്രധാനമായ ഈ വിധിപ്രസ്താവനത്തിൽ മലയാളി സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടലും നിർണായകമായി. കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈ യൂണിറ്റ് എസ്‌പിയായിരുന്ന നന്ദകുമാർ നായർ ആണ് ഗോധ്ര ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയത്.

കേസിൽ പ്രധാന പ്രതിയായ ശൈലേഷ് ശിവലാൽ ഭട്ടിന് ശിക്ഷാഇളവ് കൊടുക്കാനുള്ള തീരുമാനത്തിൽ ഗോധ്ര ജയിൽ സൂപ്രണ്ട്, സിബിഐ മുംബൈ എസ്‌പിയായിരുന്ന നന്ദകുമാർ നായരുടെ അഭിപ്രായം തേടിയിരുന്നു. മുംബൈ സ്പെഷ്യൽ ക്രൈംബ്രാഞ്ചിനായിരുന്നു കേസിന്റെ അന്വേഷണചുമതല. അന്ന് ക്രൈംബ്രാഞ്ച് എസ്‌പി യായി നന്ദകുമാർ വരുമ്പോഴാണ് കേസിന്റെ ഓഫീൽ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നത്.

വെറുതെ വിട്ടവർക്കടക്കം ശിക്ഷ വാങ്ങിനൽകാനും കാര്യക്ഷമമായി വിചാരണ നടത്താനും ക്രൈംബ്രാഞ്ച് തലവനായിരുന്ന നന്ദകുമാർ നായർക്ക് കഴിഞ്ഞിരുന്നു. ഗുജറാത്തിലെ ബിജെപി സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ട വേളയിലാണ് നന്ദകുമാർ നായർ വിഷയത്തിൽ തന്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി കത്തെഴുതിയത്.

അതേസമയം ബിൽകിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷിയും രംഗത്തുവന്നു. ബിൽകിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുൾ റസാഖ് മൻസുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബിൽകിസിന്റെ ബന്ധുക്കൾ സുപ്രീംകോടതി വിധിയിൽ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

ബാനുവിന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കി, പ്രതികളോട് കീഴടങ്ങാൻ നിർദ്ദേശിച്ച സുപ്രീംകോടതി വിധിയിൽ വളരെ സന്തോഷമുണ്ട്. അബ്ദുൾ റസാഖ് മൻസുരി പറഞ്ഞു. സംഭവത്തിന് ഞാൻ സാക്ഷിയാണ്. കേസിലെ 11 പ്രതികളെയും മഹാരാഷ്ട്ര കോടതി ശിക്ഷിച്ചതാണ്. ഈ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച നടപടി തെറ്റാണ്. അതാണ് കോടതിയിൽ ചോദ്യം ചെയ്തത്. സുപ്രീംകോടതി വിധി വളരെയധികം സന്തോഷം തരുന്നുവെന്നും അബ്ദുൾ റസാഖ് മൻസുരി പറഞ്ഞു. സുപ്രീംകോടതി വിധി ടെലിവിഷനിൽ കണ്ടതിനു പിന്നാലെ ബന്ധുക്കൾ പടക്കം പൊട്ടിച്ച് കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു.

അതേസമയം കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീംകോടതി, ഗുജറാത്ത് സർക്കാറിനെതിരെ അതിരൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. ഗുജറാത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചു. നിയമവ്യവസ്ഥയെ അട്ടിമറിച്ചു. ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചത്. നിയമപരമല്ലാത്ത നടപടിയാണിത്. അധികാര ദുർവിനിയോഗം ചെയ്തതിന്റെ പേരിൽ സർക്കാർ ഉത്തരവ് റദ്ദാക്കുകയാണെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.

പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിലൂടെയാണ് പ്രതികൾ നേരത്തെ അനുകൂല വിധി നേടിയത്. പ്രതികൾ സഹാനുഭൂതി അർഹിക്കുന്നില്ല. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ല. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് അതിനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി. 2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷ തീരുംമുമ്പ് വിട്ടയച്ച ബിജെപി സർക്കാർ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജയിലിൽനിന്നിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നൽകിയുമാണ് സ്വീകരിച്ചത്. വി.എച്ച്.പി ഓഫിസിലടക്കം പ്രതികൾക്ക് സ്വീകരണം നൽകിയിരുന്നു. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകുന്നതെന്നായിരുന്നു ഗുജറാത്ത് സർക്കാർ വാദം.

2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. എന്നാൽ, ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും കോടതിയെ സമീപിക്കുകയായിരുന്നു.

2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 11 പ്രതികളെയും വെറുതെവിട്ട് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

ശിക്ഷായിളവ് റദ്ദാക്കിയതോടെ കേസിലെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും. ഗുജറാത്ത് സർക്കാറിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി.