- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളക് സ്പ്രേയടിക്കൽ മുതൽ ഓട്ടോ കയറ്റി കൊല്ലാനുള്ള ശ്രമംവരെ; എവിടെ തിരിഞ്ഞാലും അക്രമവും പരിഹാസവും; മോർഫ് ചെയ്ത അശ്ളീല ചിത്രം പ്രചരിപ്പിച്ചും നിശബ്ദയാക്കാൻ നീക്കം; ശബരിമല സ്ത്രീ പ്രവേശനത്തിലുടെ വിവാദ നായികയായ ബിന്ദു അമ്മിണി കേരളം വിടുന്നു
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുടെ വിവാദ നായികയായ ബിന്ദു അമ്മിണി കേരളം വിടുന്നു. നിലവിൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലെ ഗസ്റ്റ് ലക്ച്ചറർ ആയിരുന്ന ബിന്ദു, ഇനി പുതിയ തട്ടകമായ തെരഞ്ഞെടുക്കുന്നത് ഡൽഹിയാണെന്നാണ് അറിയുന്നത്. കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ശബിമലയിലെ സ്ത്രീ പ്രവേശനത്തിനുശേഷം അടിക്കടി ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയായിരുന്നു. ബസ്സിലും ഓട്ടോയിലും പാർക്കിലും ബീച്ചിലുമൊക്ക, ശബരിമലയിൽ കയറിയതിന്റെ പേരിൽ അവർ പരിഹസിക്കയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നിട്ടും അവർ ധീരമായി തന്റെ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ഇതിനെല്ലാം കാരണക്കാരായ പിണറായി വിജയൻ സർക്കാറും സിപിഎമ്മുമാവട്ടെ ബിന്ദു അമ്മിണിയെ പുർണ്ണമായി തഴയുകയും ചെയ്തു.
അതിജീവിച്ചത് വധശ്രമം വരെ
ശബരിമല സ്ത്രീ പ്രവേശനത്തിനുശേഷം ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളിലൂടെയാണ് ബിന്ദു അമ്മിണി കടന്നുപോയത്. 2019 നവംബർ 26 നു കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസ് വളപ്പിലാണ് ബിന്ദു അമ്മിണിക്കെതിരെ ഹിന്ദുത്വ നേതാവായ ശ്രീനാഥ് മുളക് സ്പ്രേ അടിച്ചത്. ഈ കേസിൽ എറണാകുളത്തെ ബിജെപി നേതാവ് സി ജി രാജഗോപാൽ, ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെയും പരാതി ഉണ്ടായിരുന്നു.
കർഷകസമരത്തിൽ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് അശ്ലീലപരാമർശം നടത്തിയത് ബിജെപി വക്താവായ സന്ദീപ് വാര്യരുടെ പിതാവായ ഗോവിന്ദവാര്യരുടെ അക്കൗണ്ടിൽ നിന്നായിരുന്നു. ശക്തമായ വിമർശനമുയർന്നതിനെ തുടർന്നാണ്് പോസ്റ്റ് പിൻവലിച്ച് പ്രൊഫൈൽ ലോക്ക് ചെയ്തത്.
2021 സെപ്റ്റംബർ 20ന് ഒരു ബസ്സിലെ രാഖി കെട്ടിയ ഡ്രൈവർ വാഹനം സ്റ്റോപ്പിൽ നിർത്താതെയും തെറി വിളിച്ചും അധിക്ഷേപിച്ചതായി ബിന്ദു അമ്മിണി പരാതി നൽകി. ഈ സംഭവത്തിൽ ഐപിസി 509 പ്രകാരം കേസ് പൊലീസ് കേസ് എടുത്തു. 2021 ഡിസംബറിൽ രാത്രി ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താൻ നോക്കി. തൊട്ടടുത്ത ദിവസം വീണ്ടും കോഴിക്കോട് ആളുകൾക്ക് മുന്നിൽ വച്ച് ബിന്ദു അമ്മിണിയെ മോഹൻദാസ് എന്നൊരാൾ ആക്രമിച്ചു.
ബിന്ദുവിന്റെ മോർഫ് ചെയ്ത അശ്ളീല വീഡിയോ ദൃശ്യങ്ങളും പ്രചരിക്കപ്പെട്ടു. എന്നാൽ ഇതിനെല്ലാം എതിരെ ശക്തമായ പ്രതികരിച്ചുകൊണ്ടാണ് ബിന്ദു രംഗത്ത് എത്തിയത്. 'എന്റേതെന്ന പേരിൽ നിങ്ങൾ മോർഫ് ചെയ്ത അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുമ്പോൾ ഞാൻ തൂങ്ങി ചാകുമെന്നാണോ കരുതിയത്. സംഘ പരിവാറിനെതിരെ അവസാന ശ്വാസംവരെ പോരാടും. ബിജെപിയുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്കാര ശൂന്യതയ്ക്ക് തെളിവാണ് ഇത്. നിങ്ങൾ പകർന്നു കൊടുത്ത വർഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികൾ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്''- ബിന്ദു അമ്മിണി ഒരിക്കൽ ഫേസ്ബുക്കിൽ കുറിച്ചത് അങ്ങനെയാണ്. എത്ര ആക്രമണം ഉണ്ടായിട്ടും തന്റെ നിലപാട് അവർ അണുവിട തിരുത്തിയില്ല.
ദലിത് - ആദിവാസി ആകീറ്റിവിസ്റ്റ്
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു അമ്മിണി ദളിത് സമുദായാംഗമാണ്. ആദിവാസി-സ്ത്രീ-ദളിത് അവകാശങ്ങൾക്ക് വേണ്ടിയാണ് ബിന്ദു എന്നും നിലകൊണ്ടിരുന്നത്. കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്സലിസത്തിൽ ആകൃഷ്ടയായത്. ഒരു സമരത്തിന്റെ പേരിൽ ജയിലിലും ആയിട്ടുണ്ട്. സിപിഐഎംഎല്ലിനൊപ്പം നിലയുറപ്പിച്ച ബിന്ദു ജീവിതപങ്കാളിയെ കണ്ടെത്തിയതും അവിടെ നിന്നുതന്നെ. ഹരിഹരനെ. എന്നാൽ, പത്തുവർഷം മുമ്പ് പാർട്ടിയോട് പിണങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് വിരാമമിട്ടു. നിയമജോലിയിൽ പ്രവേശിച്ചു.
കനക ദുർഗക്കൊപ്പം, സർക്കാറിന്റെ പിന്തുണയോടെ ശബരിലമലയിൽ പ്രവേശിച്ചതിന്ബിന്ദു അമ്മിണിക്ക് ഇപ്പോഴും കുറ്റബോധമില്ല. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നതിനും ശാക്തീകരണത്തിനും അത്തരം നടപടികൾ അനിവാര്യമാണെന്നാണ് അവർ പറയുന്നത്. ഒപ്പം മലകയറിയ കനകദുർഗക്കും പിന്നീടുള്ള ജീവിതം സുഖകരമായിരുന്നില്ല. അവർ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. ഭർത്താവ് ഉപേക്ഷിച്ചു. മാസങ്ങൾക്ക് മുമ്പ് ,സാമൂഹിക പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയെ കനക ദുർഗ വിവാഹം കഴിച്ചു. ആ സമയത്ത് ബിന്ദു നേരത്തെ വിളയോടിയുടെ പേരിൽ ഉണ്ടായിരുന്ന സ്ത്രീ പീഡന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണി പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളം വിടുന്നത് സ്ഥിരീകരിച്ച് പോസ്റ്റിട്ട ബിന്ദുഅമ്മിണി, ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് കയറിവരാനുള്ള ഇടമായ ഷീ പോയിന്റ് എന്ന തന്റെ സ്വപ്നം ഉപക്ഷേിച്ചല്ല കേരളം വിടുന്നത് എന്നും വ്യക്മാക്കുന്നുണ്ട്.
'ഷീ പോയിന്റ് എന്ന എന്റെ സ്വപ്നം ഉപേക്ഷിച്ചിട്ടല്ല ഞാൻ കേരളം വിടുന്നത്. ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് കയറിവരാൻ ഒരിടം സൂക്ഷിച്ചിട്ടാണ് ഞാൻ കേരളം വിടുന്നത്.എന്റെ സ്വപ്നങ്ങൾ ഇതിനെ ചുറ്റിപ്പറ്റി തന്നെ ഉണ്ട്.പത്തു ലക്ഷം രൂപയിൽ മൂന്ന് ലക്ഷം മാത്രമാണ് കൊടുത്തിട്ടുള്ളത്. അതിൽ ഒരു ലക്ഷം ക്രൌഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചതാണ്.ഇത് കൂടാതെ ഒന്നര ലക്ഷം രൂപയോളം ഷീ പോയിന്റിൽ മുടക്കിയിട്ടുണ്ട്. ഇനിയും 7 ലക്ഷം കൊടുത്തു തീർക്കാൻ ഉണ്ട്. അതിന് വേണ്ടി കൂടി മെച്ചപ്പെട്ട ജോലി അത്യാവശ്യവുമാണ്. ഇന്ദുമേനോൻ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്ത് 500 നടുത്തു ബുക്കുകൾ ഷീപോയിന്റ്നു വേണ്ടി ശേഖരിച്ചു നൽകിയിരുന്നു.
ഇവിടെ വരുന്ന സ്ത്രീകൾക്ക് സ്വന്തം ഇടമായി കണ്ടു പരിമിതമായ സൗകര്യങ്ങളിൽ നിൽക്കാവുന്നതാണ്. സ്വന്തം വീട് പോലെ.ലൈബ്രറി കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബുക്കുകൾ നൽകാൻ താല്പര്യ മുള്ളവർക്ക് നൽകാവുന്നതാണ്. ഒരു അലമാര കൂടി അത്യാവശ്യമാണ്. വയനാട് മില്ലുമുക്കിനടുത്തു സ്ഥിതി ചെയ്യുന്ന ഷീ പോയിന്റിൽ സമയം ചെലവിടുകയും പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.''- പോസ്റ്റിൽ ബിന്ദു ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ