തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച് ആരെയെങ്കിലും കണ്ടാൽ പൊലീസ് അപ്പോൾ പൊക്കി അകത്തിടും. നവകേരള സദസ് ബസ് പോകുന്ന വഴിയിൽ കറുത്ത ചുരിദാർ ധരിച്ച് നിന്നതിന് പത്തനാപുരം സ്വദേശി അർച്ചനയെ പൊലീസ് ഏഴുമണിക്കൂർ കസ്റ്റഡിയിൽ എടുത്തിരുന്നു. മൗലിക അവകാശം ലംഘിച്ച് എന്നാരോപിച്ച് അർച്ചന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ കറുപ്പിനോട് സർക്കാരിന് താൽപ്പര്യക്കുറവില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കറുത്ത വസ്ത്ര ത്തോടുള്ള അലർജി കേരളം മുഴുവൻ പാട്ടാണെങ്കിലും ഭരണ സിരാ കേന്ദ്ര മായ സെക്രട്ടേറിയറ്റിൽ ഇതൊരു പ്രശ്‌നല്ല. സെക്രട്ടേറിയേറ്റിലെ ശുചികരണ ജീവനക്കാർക്ക് കറുത്ത കളർ ഓവർ കോട്ട് വാങ്ങിച്ചിരിക്കുകയാണ് . 188 കറുത്ത ഓവർ കോട്ട് ആണ് വാങ്ങിയത്. കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് വാങ്ങിയ 188 കറുത്ത ഓവർ കോട്ടിന് 96,726 രൂപയാണ് വില. പണം സർക്കാർ ഖജനാവിൽ നിന്ന് നൽകി പുതുവർഷദിനം ഉത്തരവും ഇറങ്ങി.

ഒരു ഓവർ കോട്ടിന് 514 രൂപയാണ് വില. കറുത്ത ഓവർ കോട്ടും അണിഞ്ഞ് സെക്രട്ടേറിയേറ്റ് വൃത്തിയാക്കാൻ ശുചികരണ തൊഴിലാളികൾ ഇറങ്ങിയാൽ പ്രതിഷേധം ആണോ എന്ന് പൊലീസോ , പിണറായിയോ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയിലാണ് ശുചികരണ തൊഴിലാളികൾ. അതിനിടെ കറുത്ത കളർ മാറ്റാൻ പൊലീസ് റിപ്പോർട്ട് നൽകുമോ എന്ന സംശയവുമുണ്ട്. കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധക്കാർ സെക്രട്ടറിയേറ്റിൽ കടന്നു കയറാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിയാൻ കോട്ട് വിനയാണ്.

കറുത്ത ഓവർ കോട്ട് വാങ്ങാൻ ഉത്തരവിറക്കിയ അഡീഷണൽ സെക്രട്ടറി സി പി എമ്മിന്റെ സംഘടന നേതാവ് കൂടിയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതി കറുത്ത ഓവർ കോട്ട് മാറ്റാൻ തീരുമാനിച്ചാൽ ഖജനാവിൽ നിന്ന് ഓവർ കോട്ട് വാങ്ങാൻ വീണ്ടും 96, 726 രൂപ കൂടി ചെലവിടേണ്ടി വരും. അതും അധിക ചെലവാകും. ഏതായാലും രണ്ടു തവണ കൈത്തറി കോർപ്പറേഷന് പണവും കിട്ടും. അതിനുള്ള തന്ത്രമാണോ കറുത്ത കോട്ടെന്ന സംശയവും സജീവമാണ്.

നവകേരള ബസിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കറുത്ത വസ്ത്രം അണിഞ്ഞുള്ള പ്രതിഷേധം കണ്ട് ഞെട്ടിയ പിണറായി വിജയൻ സെക്രട്ടേറിയേറ്റിൽ എത്തുമ്പൾ 188 ജീവനക്കാർ കറുത്ത ഓവർ കോട്ട് അണിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ടാൽ എങ്ങനെയാകും പ്രതികരണം എന്ന് കാത്തിരുന്ന് കാണേണ്ടിവരും. കേരളത്തിൽ ഒരിടത്തും ശുചീകരണ തൊഴിലാകൾക്ക് കറുത്ത വസ്ത്രം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് സെക്രട്ടറിയേറ്റിലെ തൊഴിലാളികൾക്ക് കറുപ്പ് വസ്ത്രം നൽകുന്നതെന്ന സംശയവും ചർച്ചയാണ്. കറുപ്പിൽ അഴുക്ക് പറ്റിയാൽ തിരിച്ചറിയില്ല. ഇതാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് പറയുന്നത്.