ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിൽ വൻ ബോംബ് സ്‌ഫോടനം. നോർത്ത് പെഷാവാറിലെ സ്‌ഫോടനത്തിനു പിന്നാലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വേറ്റയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

പ്രമുഖ് പാക്കിസ്ഥാൻ മാധ്യമമായ ഡോൺ തന്നെയാണ് സ്‌ഫോടന വിവരം പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോൺമെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ ഒരു മരണം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെഹ്‌രികെ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ അകലെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിനു പിന്നാലെ പ്രദർശന മത്സരം താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. പാക്കിസ്ഥാനിലെ നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്‌ഫോടനത്തിനു പിന്നാലെ മുൻകരുതലായാണു കളി നിർത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്.

പ്രദർശന മത്സരം കാണാൻ ആരാധകരാൽ നിറഞ്ഞ ഗാലറിയാണ് നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങൾ പ്രദർശന മത്സരത്തിനെത്തിയിരുന്നു. അതേസമയം കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിർത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്‌സും പെഷവാർ സൽമിയും തമ്മിലായിരുന്നു പ്രദർശന മത്സരം നടത്തിയത്.

ഞായറാഴ്ച രാവിലെ എഫ്സി മൂസ ചെക്ക്പോസ്റ്റിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വേറ്റ പൊലീസ് ആസ്ഥാനത്തിനും ക്വേറ്റ കന്റോൺമെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷാ മേഖലായാണിത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ക്വേറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. പൊലീസും എമർജൻസി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പെഷവാർ നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് തൊട്ടുതാഴെ, അതീവ സുരക്ഷാ മേഖലയിലുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ നടുക്കം മാറും മുൻപേയാണ് ക്വേറ്റയിലും സ്‌ഫോടനം നടക്കുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പെഷാവാറിലെ വിശ്വാസികൾ തിങ്ങിനിറഞ്ഞ പള്ളിയിൽ ചാവേർ ആക്രമണം ഉണ്ടായത്. തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പെഷാവാർ സ്‌ഫോടനത്തിൽ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.