- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂരപ്പുഴയിലൂടെ ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സർവീസ്; 35 പേർക്കുള്ള ബോട്ടിൽ കയറിയത് അൻപതിലേറെ പേർ; ദുരന്തമുണ്ടാക്കിയ വിനോദ സഞ്ചാര ബോട്ടിന് ലൈസൻസില്ല; ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സർവീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി തുടർന്നു; ഒടുവിൽ ഓട്ടുമ്പ്രം തീരം കണ്ണീർ പുഴയായപ്പോൾ
മലപ്പുറം: 35പേർക്കുള്ള സീറ്റിൽ കയറിയത് അൻപതിൽ ഏറെ പേർ. താനൂരിൽ അപകടത്തിൽപ്പെട്ട വിനോദ സഞ്ചാര ബോട്ടിന് ലൈസൻസില്ല. താനൂർ ഓട്ടുമ്പ്രം തൂവൽതീരം ബീച്ചിൽ വിനോദഞ്ചാര ബോട്ട് മറിഞ്ഞ് നിരവധിപേർ മരണപ്പെട്ട സംഭവത്തിൽ വൻ അനാസ്ഥ.
കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നത്. പൂരപ്പുഴയിലൂടെ നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ എത്തിയിരുന്നു. ഇതിനാൽകൂടുതൽ ആളുകളെ ബോട്ടിൽ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. ബോട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടം.
പരപ്പനങ്ങാടി നഗരസഭയും അതിർത്തി പങ്കിടുന്ന പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങൾ ചിലവഴിക്കാൻ നിരവധി പേരാണ് എത്തിയിരുന്നത്. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂർ നഗരസഭാ ഭാഗം തൂവൽ തീരത്ത് കഴിഞ്ഞ മാസം ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് കൂടി ഉൽഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേർ ഇവിടെ ഉല്ലസിക്കാൻ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സർവീസാണ് ഇന്നലെ തീരത്തെ കണ്ണീരിലാഴ്ത്തിയത്.
വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സർവീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി സർവീസ് തുടർന്നു. കുടുംബത്തോടെ എത്തിയവരിൽ പലർക്കും അവസാന സർവ്വീസിൽ കയറി പറ്റാനായില്ലെങ്കിലും പുരുഷന്മാർ മാറി നിന്ന് സ്ത്രീകളെ കുട്ടികളെയും കയറ്റിയാണ് ബോട്ട് വൈകിയ നേരത്ത് സർവീസ് നടത്തിയത്. കൈ വീശി യാത്രയയച്ച കുടുംബത്തിന്റെ അപകടം തീരത്തിന് നൊമ്പരക്കാഴ്ചയായി.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
മലപ്പുറം ജില്ല തിരൂർ താലൂക്ക് പരപ്പനങ്ങാടിക്കടുത്ത് ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്