കോഴിക്കോട്: നടി ഹണിറോസിനെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് അറസ്റ്റിലായ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂര്‍ എന്ന ബോ ചെയെ, പന പോലെ വളര്‍ത്തിയത്, ലക്ഷങ്ങളുടെ പരസ്യം വാങ്ങി വാര്‍ത്ത മുക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍, ഈ ശൈലി പൊളിച്ചെഴുതിയത് മറുനാടന്‍ മലയാളിയായിരുന്നു. ബോബിയുടെ തട്ടിപ്പുകള്‍ തെളിവുകള്‍ സഹിതം വാര്‍ത്തയായി പുറത്തുവിട്ട മറുനാടനായിരുന്നു. അതോടെ കാലക്രമത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത മുക്കല്‍ സാധ്യമാകാതെ വന്നു.

ഇന്നലെ ഹണിയുടെ പരാതിയില്‍ ബോബി അറസ്റ്റിലായതോടെ ചാനലുകളുടെ അന്തിചര്‍ച്ചകളില്‍ നിറഞ്ഞത്, ഇയാളുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അന്വേഷണം നടത്തണം എന്ന് അടക്കമുള്ള നിലയിലേക്കായിരുന്നു. അത് മറുനാടന്‍ ഇടപെടലില്‍ ഉണ്ടായ മാറ്റമായി വിലയിരുത്തപ്പെടുന്നു. ബോബിയുടെ സാമ്പത്തിക വിഷയങ്ങള്‍ അടക്കം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കരും, ശ്രീകുമാര്‍ മനയിലുമടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി.


ആദ്യകാലത്തൊക്കെ സോഷ്യല്‍ മീഡിയയുടെ പരിഹാസ പാത്രമായിരുന്നു, ബോബി നന്‍മ മരമായി മാറിയാണ് സ്വയം ഒരു ബ്രാന്‍ഡായത്. ഇതിന് അയാള്‍ കണ്ടെത്തിയ വഴി ലക്ഷങ്ങള്‍ പരസ്യം നല്‍കി മീഡിയയെ സ്വാധീനിക്കുക എന്നതായിരുന്നു. വി എസ് അച്യുതാനന്ദന്‍ മാത്രമാണ്, ബോബി ചെമ്മണ്ണൂരിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ട ഏക രാഷ്ട്രീയ നേതാവ് എന്ന് പറയാം.

2015 നവംബറില്‍, 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുകയാണ് ബോബി ചെമ്മണ്ണൂര്‍ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പത്രസമ്മേളനത്തല്‍ പറഞ്ഞപ്പോള്‍ ഉടന്‍ ലൈവ് സംപ്രേഷണം നിര്‍ത്തുകയാണ് ചാനലുകള്‍ ചെയ്തത്. പല വിഷയങ്ങളും വി എസ് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ലൈവായി കൊടുത്തിരുന്ന ചാനലുകള്‍ വിഷയം ചെമ്മണ്ണൂരിലേക്കെത്തിയപ്പോള്‍ പരസ്യ ബ്രേക്ക് കൊടുത്ത് മുങ്ങി. പിന്നെ ലൈവേ ഉണ്ടായില്ല. ഗുരുതരമായ ആരോപണത്തിന്റെ ഒരു ഫോളോ അപ്പും ഉണ്ടായില്ല.

മറുനാടന്റെ ഇടപടല്‍ തുടക്കം മുതല്‍

ബോബിയുടെ സ്വര്‍ണ്ണചിട്ടി തട്ടിപ്പുകള്‍ക്കെതിരെ തുടക്കം മുതലേ പ്രതികരിച്ചത് മറുനാടന്‍ മലയാളി ഓണ്‍ലൈനായിരുന്നു. ചിട്ടിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം അടച്ചിട്ടും തുടര്‍ന്ന് അടക്കാന്‍ കഴിയാത്തവരെ മുടക്കു മുതല്‍ പോലും നല്‍കാതെ ബോബി പറ്റിച്ചത്, കോഴിക്കോട്ടെ ഒരു സിപിഐ പ്രവര്‍ത്തകന്‍ സ്വന്തം അനുഭവം പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയിട്ടും മാധ്യമങ്ങള്‍ മുക്കി. മറുനാടന്‍ മലയാളിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒരു മുഖ്യധാര മാധ്യമത്തില്‍ ആദ്യമായിട്ടായിരുന്നു, ബോബിക്കെതിരെ വാര്‍ത്ത വരുന്നത്. അതിനുശേഷം കൊള്ളപ്പലിശക്ക് വിധേയനായി ഒരാള്‍ തിരൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആ വാര്‍ത്തയും അന്നത്തെ മെയിന്‍ സ്ട്രീം മീഡിയ കൊടുത്തില്ല.

മറുനാടന്‍ ഇതെല്ലാം ടേക്ക് അപ്പ് ചെയ്തു എന്ന് മാത്രമല്ല, രക്തബാങ്കിനായുള്ള കൂട്ടയോട്ടത്തിന്റെയും, ഓക്സിജന്‍ സിറ്റിയുടെയും, ബോ ചെ ടീയുടെയുമൊക്കെ മറവില്‍ ബോബി നടത്തിയ നിയവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരന്തരം വാര്‍ത്തകൊടുത്തു. ഇതോടെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ ബോബി രംഗത്ത് എത്തി. ഷാജനെ സംവാദത്തിന് ബോബി വെല്ലുവിളിച്ചു. മറുനാടന്‍ ആ വെല്ലുവിളി അംഗീകരിക്കുകയും, സ്റ്റുഡിയോവില്‍ എത്താനുള്ള തീയതി പ്രഖ്യാപിക്കുകുകയും ചെയ്തപ്പോള്‍, അപകടം മണത്ത ബോബി നൈസായി സ്‌കൂട്ടാവുകയായിരുന്നു.

ആദ്യകാലത്തൊക്കെ വെറും നെഗറ്റീവ് അഭിപ്രായങ്ങളാണ് ബോബിയെക്കുറിച്ച് പൊതുസമൂഹത്തില്‍ ഉണ്ടായിരുന്നത്. ജ്വല്ലറിയിലെ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ നല്‍കിയ പീഡന പരാതി വിവാദമായിരുന്നു. പിന്നീട് ഇത് എങ്ങനെയോക്കെയോ ഒത്തുതീര്‍ന്നു. അന്ന് വാര്‍ത്ത കൊടുക്കരുത് എന്ന് പറഞ്ഞ് മാധ്യമ ഓഫീസുകളില്‍ കയറിയിറങ്ങിയ ബോബിയെ കോഴിക്കോട്ടെ പഴയ മാധ്യമ പ്രവര്‍ത്തകര്‍ മറന്നുകാണില്ല. അന്നും പരസ്യബലത്തിലാണ് ബോബി പിടിച്ചുനിന്നത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ബോബി ഒരു സ്ത്രീയുമായുള്ള വീഡിയോ പ്രചരിച്ചു. അതില്‍ ബോബിയെ കുറിച്ച് ഗുരുതരമായ പീഡന ആരോപണമാണ് ഉയര്‍ന്നത്. 'ഞാന്‍ ചാരിറ്റിയും നടത്തും, പെണ്ണ് പിടുത്തവും തുടരും. നാട്ടുകാര്‍ അറിഞ്ഞാലും എനിക്കൊരു പ്രശ്നമല്ല' എന്ന് ആ വീഡിയോയില്‍ ബോബി വെട്ടിത്തുറന്ന് പറയുന്നുണ്ട്. പക്ഷേ ഇതൊന്നും എവിടെയും വാര്‍ത്തയായില്ല.

കാശുണ്ടെങ്കില്‍, പത്ത് പാവങ്ങള്‍ക്ക് സഹായം ചെയ്യുന്നുണ്ടെങ്കില്‍ തനിക്ക് എന്തിനും ലൈസന്‍സ് ഉണ്ട് എന്നപോലെയായിരുന്നു ബോബിയുടെ പ്രവര്‍ത്തനം. അവസാനം അയാള്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയും ചെയ്തു. പക്ഷേ ഇപ്പോഴും അയാളുടെ സാമ്പത്തിക തട്ടിപ്പുകള്‍ മാധ്യമങ്ങള്‍ ഗൗരവമായി എടുക്കുന്നില്ല. തീര്‍ത്തും നിയമ വിരുദ്ധവും 1934-ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായിട്ടാണ് ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത് നിക്ഷേപം വാങ്ങുന്നത് എന്നും ചൂണ്ടികാട്ടി 2017-ല്‍ വി.എസ് അച്യുതാനന്ദന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. പിണറായി ഭരിക്കുന്ന അക്കാലത്ത് വിഎസ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനാണ്. എന്നിട്ടും ആ പരാതി വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ല.