- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ലോക മഹായുദ്ധത്തിൽ പൊട്ടാതെ കിടന്ന 500 കിലോ ബോംബ് ഇംഗ്ലണ്ടിലെ പ്ലിമത്തിൽ കണ്ടെത്തി; ആയിരക്കണക്കിന് ജനങ്ങളെയും നൂറ് കണക്കിന് വീടുകളും ഓഫീസുകളും സ്കൂളുകളുമൊഴിപ്പിച്ച് നീക്കിയ ബോംബ് ഇംഗ്ലീഷ് ചാനലിൽ എത്തിച്ച് നിർവീര്യമാക്കും; ബോംബ് കണ്ടെത്തിയത് വീടിന്റെ വിപുലീകരണത്തിന് കുഴിയെടുത്തപ്പോൾ
ലണ്ടൻ: പ്ലിമത്തിലെ ഒരു വീടിനടിയിൽ നിന്നും കണ്ടെടുത്ത, രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അത്യധികം ഉദ്വേഗം നിറഞ്ഞ പരിശ്രമത്തിനൊടുവിലായിരുന്നു നാസികളുടെ ബോംബ് കടലിലെത്തിച്ച് നിർവ്വീര്യമാക്കിയത്. കണ്ടെടുത്ത ബോംബ് ട്രക്കിൽ കയറ്റി നാല് മണിക്കൂറുകൾക്ക് ശേഷം രാത്രി 9.51 ന് അത് പൂർണ്ണമായും നിർവ്വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മറ്റു വിശദാംശങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.,
ഇക്കഴിഞ്ഞ ഫെബ്രുവരി 20 ന് ആയിരുന്നു ബോംബ് കണ്ടെത്തിയത്. തന്റെ മകളുടെ വീടിനോട് ചേർന്ന് മറ്റൊരു മുറിപണിയാൻ കുഴിയെടുക്കുന്നതിനിടയിൽ ഒരു പിതാവായിരുന്നു ഇത് കണ്ടെത്തിയത്. സെയിന്റ് മൈക്കൽ അവെന്യൂവിൽ കണ്ടെത്തിയ ബോംബ് സുരക്ഷിതമായി പുറത്തെടുക്കാൻ ചെറിയ തോതിലൊരു സൈനിക പ്രവർത്തനം തന്നെ വേണ്ടിവന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പരിസരത്തെ നൂറുകണക്കിന് ഓഫീസുകളും, കടകളും, സ്കൂളുകളും വീടുകളും എല്ലാം ഒഴിപ്പിച്ചിട്ടായിരുന്നു ബോംബ് പുറത്തെടുത്തത്. സമാധാനകാലത്ത് ബ്രിട്ടൻ നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് പറയാം. ആർമി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ വിദഗ്ദ്ധർ എത്തിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ട്രക്കിലേറ്റി ബോംബ് ആദ്യം കടൽത്തീരത്തെ ഫെറിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് അതൊരു കൺടെയ്നറിൽ ആക്കി, ഒരു സൈനിക ബോട്ടിൽ കടലിലേക്ക് കൊണ്ടു പോയി. തീരത്ത് നിന്നും ഏറെ ദൂരെ എത്തിച്ച ബോംബ് കടലിൽ മുക്കി, സ്ഫോടനം നടത്തിയാണ് അതിനെ നിർവീര്യമാക്കിയത്. റോയൽ നേവിയുടെ മുങ്ങൽ വിദഗ്ദ്ധർ ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. കണ്ടെത്തിയിടത്ത് വെച്ച് ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു എന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു.
4300 ഓളം വരുന്ന കെട്ടിടങ്ങളിൽ ഉണ്ടായിരുന്ന 10,320 ഓളം പേരോട് ഒഴിഞ്ഞു പോകാനോ അതല്ലെങ്കിൽ കെട്ടിടങ്ങൾക്ക് ഉള്ളിൽ തന്നെ തുടരാനോ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു ഈ ബോംബ് പ്ലിമത്തിലെ വീതി കുറഞ്ഞ വഴികളിലൂടെ ലോറിയിൽ കൊണ്ടു പോയത്.
മറുനാടന് ഡെസ്ക്