താഴത്ത് പുല്ലായിക്കുടി ഗോപാലന്‍ നമ്പ്യാര്‍! ആ കണ്ണൂര്‍കാരന്റെ പേര് അധികം ആര്‍ക്കും അറിയില്ല. പക്ഷേ ബിപിഎല്‍ നമ്പ്യര്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ ആരുമില്ല. കണ്ണൂരില്‍നിന്ന് വളര്‍ന്ന്് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച, ബിപിഎല്‍ എന്ന കമ്പനി സ്ഥാപാന്‍, ടിപിജി നമ്പ്യാര്‍ എന്ന താഴത്ത് പുല്ലായിക്കുടി ഗോപാലന്‍ നമ്പ്യാര്‍ വിടപറയുമ്പോള്‍, അത് വ്യാവസായിക ലോകത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണ്.

കച്ചവടക്കാരും, സംരംഭകരും തമ്മിലുള്ള വ്യത്യാസം ഇനിയും മനസ്സിലാകാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗവും. ഒരു ഇന്നവേറ്റീവ് ഐഡിയയുമായി വന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിയ മലയാളികള്‍ ഏറെ കുറവാണ്. അവരില്‍ ഒരാളാണ് ടിപിജി നമ്പ്യാര്‍. ഇന്ത്യയിലെ സമ്പന്ന വ്യവസായികളുടെ പട്ടികയിലുണ്ടായിരുന്ന ഏക മലയാളിയായിരുന്നു അദ്ദേഹം. 96-ാം വയസ്സില്‍, ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. തങ്കം നമ്പ്യാരാണ് ടി.പി.ജി. നമ്പ്യാരുടെ ഭാര്യ. മക്കള്‍ അജിത് നമ്പ്യാര്‍, അഞ്ജു നമ്പ്യാര്‍. ഒരു കാലഘട്ടത്തിന്റെ ബിസിനസ് ചരിത്രം അടയാളപ്പെടുത്തിയാണ് നമ്പ്യാര്‍ വിടവാങ്ങുന്നത്.




കേരളം വിട്ടത് വെറുത്ത്

കണ്ണൂര്‍ കോടിയേരിയില്‍ രായരപ്പന്‍ നമ്പ്യാരുടെയും ദേവികയമ്മയുടെയും മകനായി 1929-ലായിരുന്നു ജനനം. സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹം കമ്യൂണിസ്റ്് അനുഭാവിയായിരുന്നു. വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നവരായിരുന്നു കുടുംബം. അങ്ങനെ ലണ്ടനില്‍ പഠിക്കാന്‍ അവസരം കിട്ടിയതാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത് എന്ന്, മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ലണ്ടനിലെ നാഷണല്‍ കോളേജില്‍നിന്ന് എയര്‍കണ്ടീഷണിങ് ആന്‍ഡ് റെഫ്രിജറേഷനില്‍ ഡിപ്ലോമയെടുത്ത ടിപിജി. നമ്പ്യാര്‍, ഏറെക്കാലം ലണ്ടനില്‍ തന്നെ ജോലിചെയ്തു. യു.കെ.യിലെ പല കമ്പനികളിലും സിസ്റ്റം എന്‍ജിനീയറായി ജോലിചെയ്യുന്നതിനിടെ അമേരിക്കന്‍ റേഡിയേറ്റര്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സാനിറ്ററി കോര്‍പ്പറേഷന്‍ അദ്ദേഹത്തെ പരിശീലന കോഴ്‌സിനായി തിരഞ്ഞെടുത്തു. പരിശീലനശേഷം അമേരിക്കയില്‍ ആപ്ലിക്കേഷന്‍ എന്‍ജിനീയറായി രണ്ടുവര്‍ഷത്തോളം ജോലിനോക്കി. പിന്നീട് വീണ്ടും ലണ്ടനിലെത്തി. അവിടെനിന്ന് പഴയ ബോംബെയിലേക്കും. ഈ പരിചയം കൈമുതലാക്കിയാണ് ടി.പി.ജി. നമ്പ്യാര്‍ 1962-ല്‍ ബിപിഎല്‍ എന്ന ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് എന്ന കമ്പനി ഏറ്റെടുക്കുന്നത്. പിന്നെ അത് വെച്ചടി വളര്‍ന്നു.

പാലക്കാട്ടാണ് ടിപിജി നമ്പ്യാര്‍ കമ്പനിയുടെ ഫാക്ടറി ആരംഭിച്ചത്. 1963-ല്‍ ബിപിഎല്‍ പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങി. പക്ഷേ പാലക്കാട് തന്റെ ഫാക്ടറിയില്‍ ഉണ്ടായ തൊഴിലാളി സമരം വല്ലാതെ മടുപ്പിച്ചുവെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്്. അങ്ങനെയാണ് ബിപിഎല്ലിന്റെ ആസ്ഥാനം ബാംഗ്ലൂരിലേക്ക് മാറ്റുന്നത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന അഭിപ്രായമാണ് അവസാന സമരം വരെ അദ്ദേഹത്തിനുണ്ടായിരുന്നത്.




2500 കോടിയിലേക്കുള്ള വളര്‍ച്ച

ഇന്ത്യന്‍ പ്രതിരോധസേനകള്‍ക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിച്ചായിരുന്നു തുടക്കം. 1982-ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ കളര്‍ ടിവികള്‍ക്കും വീഡിയോ കാസറ്റുകള്‍ക്കുമുണ്ടായ ഡിമാന്‍ഡ് കണ്ടറിഞ്ഞ് ബിപിഎല്‍ ആ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണി ബിപിഎല്‍ കീഴടക്കി. ഗ്യാസ് സ്റ്റൗ ,ടെലിവിഷന്‍ തൊട്ട് മൊബൈല്‍ ഫോണ്‍ വരെ അവര്‍ പുറത്തിറക്കി.

80കളിലും 90കളിലും ബിപിഎല്‍ രാജ്യത്തെ നമ്പര്‍ വണ്‍ ഇലട്രോണിക്ക് കമ്പനിയായി വളര്‍ന്നു. 90കളില്‍ വിറ്റുവരവ് 2500 കോടിക്ക് മുകളിലെത്തി.

ജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാന്യോയുമായി കൈകോര്‍ത്ത് ബിപിഎല്‍ വിപണിയില്‍ ചലനമുണ്ടാക്കി. ടെലികോം രംഗത്ത് മോട്ടോറോള അടക്കം ബി.പി.എല്ലിന്റെ പങ്കാളികളായി.

1995-ലാണ് ബി.പി.എല്‍. മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമായത്. മരുമകനായ രാജീവ് ചന്ദ്രശേഖറായിരുന്നു ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത്. 2005-ല്‍ രാജീവ് ചന്ദ്രശേഖര്‍ ബി.പി.എല്‍. കമ്മ്യൂണിക്കേഷനിലെ തന്റെ 64 ശതമാനം ഓഹരികളും എസ്സാര്‍ ഗ്രൂപ്പിന് വിറ്റു.

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ രംഗത്ത് വന്‍കിട കമ്പനിയായി വളര്‍ന്നെങ്കിലും വിപണിയിലെ കിടമത്സരവും കുടുംബപ്രശ്‌നങ്ങളും ബി.പി.എല്ലിനെ തളര്‍ത്തിയെന്നാണ് പൊതു വിലയിരുത്തല്‍. ഇലക്ട്രോണിക്‌സ് വിപണിയില്‍ കൊറിയന്‍ കമ്പനികള്‍ ആധിപത്യം ഉറപ്പിച്ചതോടെ ബി.പി.എല്ലിന്റെ പ്രതാപം നഷ്ടമായി. ബി.പി.എല്‍. മൊബൈലുമായി ബന്ധപ്പെട്ടുണ്ടായ കുടംബ തര്‍ക്കങ്ങളും വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖം കാരണം അദ്ദേഹം പൂര്‍ണ്ണമായും വിശ്രമത്തിലായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയില്‍ ബെംഗളുരു ബയ്യപ്പനഹള്ളി ടെര്‍മിനലിനടുത്തുള്ള കല്‍പ്പള്ളി ശ്മശാനത്തില്‍ നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.