- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിമാർക്കും ജീവനക്കാർക്കും പുക മൂലം തലവേദന അനുഭവപ്പെട്ടു; പുക എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; തീ അണഞ്ഞെന്ന മറുപടിക്ക് ബദലായി ഓൺലൈനിൽ കാണണമെന്ന് പറഞ്ഞപ്പോൾ രണ്ടിടത്ത് തീയുണ്ടെന്ന് മാറ്റി പറഞ്ഞ് കോർപ്പറേഷൻ; ഹൈക്കോടതി പ്രത്യേക സമിതിയെ അയക്കും
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ ഹൈക്കോടതിയെ സമീപിച്ച് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. കൊച്ചി പുകയാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 9 ദിനങ്ങളായ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ. ജനങ്ങളുടെ നീറുന്ന ആശങ്കകൾക്ക് പരിഹാരവും, ശാശ്വത നടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചിരിക്കുകയാണ് എംഎൽഎ. ഇതോടെ കോടതിയുടെ തുടർ നടപടി നിർണ്ണായകമാകും.
അതിനിടെ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ പുക എത്ര നാൾ സഹിക്കണമെന്ന് ഹൈക്കോടതിയുടെ ചോദ്യം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സ്ഥലത്ത് നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചു. കലക്ടർ, ലീഗൽ സർവീസ് അഥോറിറ്റി അംഗങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലുള്ളത്. ഖരമാലിന്യ സംസ്കരണത്തിൽ കർമപദ്ധതി സമർപ്പിക്കാൻ സർക്കാരിനോട് നിർേദശിച്ച കോടതി, നാളെ മുതൽ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്നും നിർദ്ദേശിച്ചു.
മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്താൻ ഹൈക്കോടതി സമിതിയെ അയയ്ക്കും. ജഡ്ജിമാർക്കും ജീവനക്കാർക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കൊച്ചി കോർപറേഷൻ കോടതിയെ അറിയിച്ചപ്പോൾ, ബ്രഹ്മപുരത്തെ അവസ്ഥ ഓൺലൈനിൽ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരത്തെ ആറ് മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി. അതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ഇടപെടിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട് ബിജെപി സംസ്ഥാന നേതൃത്വം.
ബ്രഹ്മപുരം തീപിടുത്തതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി സംസ്ഥാന ബിജെപി. വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. പലരും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കാര്യങ്ങൾ കൈവിട്ടുപോയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ 'ആരോഗ്യ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചിട്ടില്ല എന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്താൻ തീരുമാനമായിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് ഈ കാര്യത്തിൽ തീരുമാനം ഉണ്ടായത്. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാർക്കുണ്ട്. കരാറിന് പിന്നിലെ വൻ അഴിമതി മറച്ചുവെക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർ തീകൊളുത്തിയതെന്നാണ് പൊതുധാരണ.
മാലിന്യനിർമ്മാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ