- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമുടി പർദ്ദയണിഞ്ഞ് കറുത്ത ചാക്കുപോലുള്ള ശരീരം; കണ്ണുപോലും കാണാതിരിക്കാൻ നീല കൂളിങ്ങ് ഗ്ലാസ്; അങ്ങ് ഇറാനിൽ ഹിജാബ് കത്തിച്ചുകളഞ്ഞ് സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവിടെ കോളജ് കുട്ടികളെ ചാക്കിലാക്കുന്നു; ബ്രണ്ണൻ കോളജിലെ ഫ്രട്ടേണിറ്റി വിജയിയെ കണ്ട് ഞെട്ടി കേരളം!
കോഴിക്കോട്: ഇറാനിലെ ഹിജാബ് വിരുദ്ധ സമരം ലോകത്തെ പിടിച്ചുകുലുക്കുമ്പോൾ, ഇങ്ങ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ഒരു കോളജ് വിജയിയുടെ ഫോട്ടോ കണ്ടാൽ നാം ഞെട്ടിപ്പോകും. മുഖമോ മുടിയോ പോയിട്ട് ഒരു രോമം പോലും കാണാത്ത രീതിയിൽ ശരീരം പർദക്കുള്ളിൽ മൂടിയിരിക്കയാണ്. ഒപ്പം കണ്ണുകൾ പോലും കാണാതിരിക്കാനായെന്നോണം നീല കൂളിങ്ങ് ഗ്ലാസും! കടുത്ത ഇസ്ലാമിക കാർക്കശ്യത്തിന് പേരുകേട്ട ഇറാനിൽ പോലും, നിരവധി സ്ത്രീകൾ തങ്ങളുടെ ജീവൻ കൊടുത്താണ് ഹിജാബ് വിരുദ്ധ സമരം നടത്തുന്നത്. അപ്പോഴാണ്, പർദ തങ്ങളുടെ ചോയ്സാണെന്ന വാദവുമായി ഫ്രട്ടേണിറ്റി പോലുള്ള സത്വവാദത്തിന്റെ മൂടുപടമിട്ട മതമൗലികവാദികൾ മുസ്ലിം സ്ത്രീകളെ വഴി തെറ്റിക്കുന്നത്.
ബ്രണ്ണൻ കോളേജിൽ ഫ്രറ്റേണിറ്റിയുടെ ബാനറിൽ അറബിക്ക് അസോസിയേഷനിലേക്ക് മത്സരിച്ച് ജയിച്ച, മിഷാബ് സഹദ് എന്ന വിദ്യാർത്ഥിനിയുടെ ചിത്രങ്ങളാണ് ട്രോൾ ആവുന്നത്. സാമൂഹിക പ്രവർത്തകൻ പ്രമോദ് പുഴങ്കര ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'ഇനിയങ്ങോട്ട് ജനാധിപത്യം പൂത്തുലയും എന്നാണ് ചിത്രത്തിലെ സ്വതന്ത്ര ഇസ്ലാമിക പുരുഷന്മാർ പ്രസംഗിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീയുടെ 'ഏജൻസി'യാണ് ചിത്രത്തിൽ കാണുന്നത്. ഈ വക മതഭീകരവാദികൾക്കെതിരെയാണ് ഇറാനിലെ സ്ത്രീകൾ ജീവൻ കളഞ്ഞുകൊണ്ട് സമരം നയിക്കുന്നത്. ജനാധിപത്യത്തിന്റെ നേരെ എതിർപക്ഷത്താണ് ഇസ്ലാമിക് രാഷ്ട്രീയം. ഇതുപോലുള്ള രാഷ്ട്രീയ,സാമൂഹ്യജീവിതം മുസ്ലിം സ്ത്രീയുടെ ഏജൻസിയാണ് എന്ന് പറയുന്നത് അടുക്കളപ്പണി അവകാശവും ആനന്ദവുമാണ് എന്നുപറയുന്ന സ്ത്രീയുടെ ഏജൻസി അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് എന്ന് പറയുന്ന പോലെയാണ്. ഒരു ആധുനിക ജനാധിപത്യ സമൂഹം വിട്ടുവീഴ്ചയില്ലാതെ പുറത്താക്കേണ്ടതാണ് ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സ്ത്രീവിരുദ്ധ മതരാഷ്ട്രീയത്തെ.''- പ്രമോദ് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രചിന്തകയും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ജസ്ല മാടശ്ശേരി അടക്കമുള്ളവർ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
ബ്രണ്ണൻ കോളജിലെ അറബിക്ക് അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെച്ച കട്ടൗട്ടിലും ഒരു തരി ശരീരംപോലും കാണാതെയാണ് പെൺകുട്ടിയുടെ രൂപമുള്ളത്. അത് കഴിഞ്ഞ് നടന്ന വിജയാഹ്ലാദത്തിന്റെ ചിത്രങ്ങളിലും പുരുഷന്മാർക്കിടയിൽ സമ്പൂർണ്ണമായി ശരീരം മറച്ച പെൺകുട്ടിയെ കാണാം.
മൗദൂദിസം മറച്ചുവെച്ച് പുരോഗമനവാദികൾ ചമയാൻ ശ്രമിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയും പുറമെ സ്ത്രീപക്ഷവാദവും തുല്യതയും ഒക്കെ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം വെറും പുറം പൂച്ച് മാത്രമാണെന്നും യഥാർഥ ഇസ്ലാമിൽ സ്ത്രീയുടെ അവസ്ഥ ഇതാണെന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റകൾ ചൂണ്ടിക്കാട്ടുന്നു. '' ഇസ്ലാമിൽ സ്ത്രീ എന്നാൽ അര പുരുഷനാണ്. സ്വത്തവകാശത്തിലും തെളിവ് നൽകുന്നകാര്യത്തിലുമൊക്കെ അത് അങ്ങനെയാണ്. യഥാർഥ ഇസ്ലാമിൽ സ്ത്രീ ഇങ്ങനെ തന്നെയാണ്. നാം അതിനെ ആധുനിക ജനാധിപത്യ മൂല്യങ്ങൾ ഉപയോഗിച്ച് നേർപ്പിക്കുന്നതുകൊണ്ടാണ്, ഇത് അത്രയൊന്നും ബാധിക്കാത്തത്. എന്നാൽ ഫ്രട്ടേണിറ്റി പോലുള്ള പ്രസ്ഥാനങ്ങൾ ഈ ജനാധിപത്യ പൗരാവകാശ മൂല്യങ്ങളെ ഒറ്റയടിക്ക് റദ്ദാക്കി, സ്ത്രീയെ ചാക്ക് കെട്ടിന് സമാനമാക്കുകയാണ്''- ഇസ്ലാം വിട്ട് സ്വതന്ത്ര ചിന്തയിലേക്ക് വന്ന ജാമിദ ടീച്ചർ വ്യക്തമാക്കുന്നു.
എന്താണ് ഫ്രട്ടേണിറ്റി
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി ഉണ്ടാക്കിയതിനെ തുടർന്ന് അവർ ഉണ്ടാക്കിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് ഫ്രട്ടേണിറ്റി. നേരത്തെ എസ്ഐഒ, ജിഐഒ എന്നീ രണ്ട് സംഘടനകളാണ്, ജമാഅത്തെ ഇസ്ലാമിക്കായി വിദ്യാർത്ഥി സംഘടനകളായി ഉണ്ടായിരുന്നത്. ഇവയെ നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ സംഘടന വന്നത്. ദലിത് ന്യൂനപക്ഷ വിശാല വിദ്യാർത്ഥി ഐക്യം എന്നപേരിലാണ് ഫ്രട്ടേണിറ്റി സ്ഥാപിതമായത്.
2017 ഏപ്രിൽ 30ന് ഡൽഹി അംബേദ്കർ ഭവനിൽ നടന്ന വിദ്യാർത്ഥി - യുവജന കൺവെൻഷനിൽ വച്ചാണ് ദേശീയ തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അലിഗഡ് സർവകലാശാല വിദ്യാർത്ഥി അൻസാർ അബൂബക്കറിനെ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.2017 മെയ് 13ന് എറണാംകുളം ടൗൺ ഹാളിൽ നടന്ന വിദ്യാർത്ഥി യുവജന കൺവെൻഷനിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരളാ ഘടകം നിലവിൽ വന്നത്. ഇപ്പോൾ കേരളത്തിലെ മുസ്ലിം മേഖലകളിലെ കാമ്പസുകളിൽ ഫ്രട്ടേണിറ്റിക്ക് യൂണിറ്റുകൾ ഉണ്ട്. എസ്ഡിപിഐയുടെ വിദ്യാർത്ഥി വിഭാഗവമായ കാമ്പസ് ഫ്രന്റിനെപ്പോലെ വർഗീയത പച്ചക്ക് പറയുകയും, അക്രമം കാട്ടുകയും ചെയ്യുന്നില്ലെങ്കിലും, തീവ്രവാദത്തിനും മതമൗലികവാദത്തിനും തീവെട്ടി പിടിക്കുന്ന സ്വഭാവമാണ് ഫ്രട്ടേണിറ്റിയുടേത്. ഇന്റലക്ച്ച്വൽ ജിഹാദ് എന്നാണ് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ളവർ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. ഇതിന്റെ അവസാന സൂചനയാണ് ഇപ്പോൾ കാണുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
ഇറാനിൽ സംഭവിക്കുന്നത്
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന് കടുത്ത താക്കീതായാണ് ഹിജാബ് വിരുദ്ധ സമരം അവിടെ ഉയർന്നുവരുന്നത്. സാൻ, സിന്ദഗി, ആസാദി...' ഇറാനിൽ ഇപ്പോൾ അലയടിക്കുന്ന മുദ്രാവാക്യമാണിത്. അർഥം 'സ്ത്രീകൾ, ജീവിതം, സ്വാത്രന്ത്ര്യം'. അതെ ലോക ചരിത്രത്തിൽ ഇത് ആദ്യമായി ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ സ്ത്രീകൾ കൂട്ടമായി സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയും ശക്തമായി തെരുവിൽ ഇറങ്ങിയിരിക്കയാണ്. പർദക്കുള്ളിൽ മൂടപ്പെട്ട വ്യക്തിത്വമില്ലാത്ത ചാക്കുകെട്ടുകൾ അല്ല തങ്ങളെന്നും, പുരുഷനെപ്പോലെ തുല്യ പരിഗണന കിട്ടേണ്ട മനുഷ്യരാണെന്നും പറഞ്ഞ്, പതിനായിരിക്കണക്കിന് സ്ത്രീകൾ പ്രേക്ഷോഭത്തിന് ഇറങ്ങുമ്പോൾ, മുട്ടടിക്കുന്നത് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനാണ്. കഴിഞ്ഞ മൂന്നാഴ്ചയിലേറെ തുടരുന്ന പ്രക്ഷോഭത്തിൽ 16നും 24നും വയസ്സിൽ ഇടയിലുള്ള നാനൂറിലേറെ പെൺകുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്്! 25,000 പേർ അറസ്റ്റിലായി. ഇതിൽ ഏറെയും സ്ത്രീകൾ. ഇതും ലോക ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമാണ്. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വനിതകൾ തെരുവിൽ ഇറങ്ങുകയാണെങ്കിൽ അവർ എത്രമാത്രം അനുഭവിച്ചു എന്ന് നോക്കണം. അപ്പോഴാണ് പ്രബുദ്ധം എന്ന് പറയുന്ന കേരളത്തിൽ പർദക്കായി ആഹ്വാനം ഉയരുന്നത്.
ഹിജാബ് നേരെ ധരിച്ചില്ലെന്ന് പറഞ്ഞ്, മഹ്സ അമിനി എന്ന 22 കാരി യുവതിയെ മതകാര്യപൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയും, തുടർന്ന് അവർ മരിക്കുകും ചെയ്തയോടെയുണ്ടായ പ്രക്ഷോഭം, ഇറാനിൽ ഫലത്തിൽ ഭരണകൂടത്തിന് എതിരായി മാത്രമല്ല ഇസ്ലാമിനെതിരെ തന്നെയായി മാറിക്കഴിഞ്ഞു .കസ്സ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അമിനിയുടെ സുഹൃത്തുക്കൾ തുടങ്ങിയ പ്രതിഷേധം ഇറാനിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കുമൊക്കെ വ്യാപിച്ചിച്ചു. വിദ്യാർത്ഥികൾ ഒന്നടങ്കം പ്രക്ഷോഭത്തിൽ പങ്കുചേരുകയാണ്. പൊലീസ് അടിച്ചമർത്തൽ കൂടുതൽ ശക്തമായിരിക്കുന്നു. ഇറാനിൽനിന്ന് ഔദ്യോഗികമായി വാർത്തകൾ പൂർണ്ണമായി പുറത്തുവരുന്നില്ലെങ്കിലും വിദ്യാർത്ഥികൾക്ക്നേരെയുള്ള പൊലീസ് മൃഗീയതയുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഹിജാബ് വലിച്ചെറിഞ്ഞും പൊലീസിനെ വെല്ലുവിളിച്ചുമുള്ള വിഡിയോകളും കാണാൻ കഴിയും. 'സാൻ സിന്തഗി ആസാദി' എന്ന ഈ മുദ്രാവാക്യം ഇപ്പോൾ ഇറാനിലെങ്ങും മുഴങ്ങുകയാണ്.
ഒരു മനുഷ്യാവകാശ പ്രശ്നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടൊണ് ഇറാനിലെ ഭരണകൂടത്തിനെതിരായ സമരമായത്. ഇപ്പോൾ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറിയിരിക്കയാണ്. 'ഞങ്ങൾക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്ന് പരസ്യാമായി മുദ്രാവാക്യം വിളിക്കുന്ന ഇറാനിലെ സ്ത്രീകളെ, പർദ ചോയസാണെന്ന് പറയുന്ന കേരളത്തിലെ വെളുപ്പിക്കൽ ടീമുകൾ ഒന്ന് പഠിക്കേണ്ടതാണ്.
സർക്കാരിനും ഇറാൻ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹല്ല ഖൊമേനിക്കും ഇപ്പോഴത്തെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിക്കും എതിരേ ജനരോഷം ആളിക്കത്തുകയാണ്. ഇരു ആത്മീയ നേതാക്കളുടെയും ചിത്രങ്ങൾ തെരുവിൽ പരസ്യമായി കത്തിക്കുന്നതുകൂടാതെ അവരുടെ ചിത്രങ്ങൾക്കു നേരേ അശ്ളീല ചിഹ്നങ്ങൾ കാട്ടി ജനം പ്രതിഷേധിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ചിത്രം കൂട്ടിയിട്ട് ജനം കത്തിക്കുന്ന ഒരു കാലം ഓർക്കാൻ കഴിയുമോ.
അതിലും ഭീകരമാണ് ഖൊമോനിയുടെ ചിത്രം കത്തിക്കൽ. കാരണം അയാൾ ഒരു മതനേതാവു കൂടിയാണ്. തലപോകുന്ന കേസാണ് ഇറാനിൽ ഖുമേനി നിന്ദ. പാക്കിസ്ഥാനിൽ ജിന്നയുടെ ഫോട്ടോ കത്തിച്ചാലുള്ള അവസ്ഥ എന്താവും. എന്നിട്ടും ഈ സ്ത്രീകൾ ധൈര്യസമേതം രംഗത്ത് എത്തിയിരിക്കയാണ്. ഇത്രയേറെ അപമാനകരമായ ഒരു അവസ്ഥ ഇറാനിലെ ആത്മീയനേതാക്കൾക്ക് ഇതിനുമുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാനൂറ് പേർ കൊല്ലപ്പെട്ടു കഴിഞ്ഞിട്ടും സ്ത്രീകൾ പിന്മാറുന്നില്ല. ആ സമയത്താണ് കേരളത്തിൽ ഈ രീതിയിൽ സ്ത്രീകളെ ചാക്കിലാക്കുന്ന കോപ്രായങ്ങൾ നടക്കുന്നത്. കേരളം എത്രമാത്രം പിന്നോട്ട് ഓടുന്നുവെന്നതിന്റെ ഉദാഹരണമാണ്, ഫ്രട്ടേണിറ്റിയുടെ ചാക്കുകെട്ടുകളും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ