- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിൽ ആയിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ കടുംപിടുത്തം തുടരുന്നു; സന്ദർശന സമയം അനുവദിക്കാത്തത് സംഘർഷത്തിന് ഇടയാക്കുന്നു; സുരക്ഷാ ജീവനക്കാരെ സന്ദർശകർ മർദ്ദിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മർദ്ദിച്ച സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മെഡിക്കൽ കോളജിൽ സന്ദർശനത്തിന് നിശ്ചിത സമയം അനുവദിക്കാൻ അധികൃതർ തയാറാവാത്തതാണ്് സംഘഷത്തിന് പലപ്പോഴും ഇടയാക്കുന്നത്. കോവിഡ് രൂക്ഷമാവുന്നതിന് മുൻപുവരെ വൈകുന്നേരങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം രോഗികളെ കാണാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് രണ്ടു വർഷത്തിൽ അധികമായി ഈ സംവിധാനം ഇല്ലാതായതാണ് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരും സന്ദർശകരുമായി വാക്കേറ്റവും കൈയാങ്കളിയിലേക്കുമെല്ലാം നീങ്ങുന്നതെന്നാണ് റിപ്പോർട്ട്.
കോവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്കു എത്തിയെങ്കിലും സന്ദർശകർക്കുള്ള വിലക്ക് അതുപോലെ തുടരണമെന്ന് ജില്ലാ കലക്ടറും ആശുപത്രി സൂപ്രണ്ടും തീരുമാനിക്കുകയായിരുന്നു. ആളുകളെ കയറ്റിവിടാത്തതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ രോഗികളുടെ ബന്ധുക്കളും സുരക്ഷാ ജീവനക്കാരുമായി പലപ്പോഴായി സംഘർഷങ്ങൾ രൂപപ്പെടാറുണ്ട്. മിക്കപ്പോഴും അവയെല്ലാം വാഗ്വാദങ്ങളിൽ അവസാനിക്കാറാണ് പതിവ്.
കൂടുതൽ സന്ദർശകർ എത്തുന്നത് നിന്നുതിരിയാൻ ഇടമില്ലാത്ത ആശുപത്രിയിലെ സാഹചര്യം കൂടുതൽ ദുസ്സഹമാക്കുമെന്നും രോഗികൾ രോഗം മാറി തിരിച്ചുപോകുന്നതിനുള്ള കാലദൈർഘ്യം കൂട്ടുമെന്നുമെല്ലാമുള്ള കാരണങ്ങൾ നിരത്തിയാണ് കോവിഡ് ആരംഭിക്കുന്നതിന് മുൻപ് വരെ പതിറ്റാണ്ടുകളായി അനുവദിച്ചിരുന്ന ഒരു ആനുകൂല്യം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം നിഷേധിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഒരാൾ രോഗിയായി ആശുപത്രിയിൽ എത്തിയാൽ ഒപ്പം നിൽക്കാൻ ഒരാൾക്കു മാത്രമാണ് പാസ് അനുവദിക്കുന്നത്. അതീവ ഗുരുതരമായ രോഗികളുടെ കേസുകളിൽ രണ്ടുപേർക്കും അനുമതി നൽകാറുണ്ട്. ഇതിന് പുറമേ രോഗിയെ സ്കാനിങ്ങിനും മറ്റും കൊണ്ടുപോകാനോ മറ്റ് അത്യാവശ്യഘട്ടത്തിലോ വാർഡിൽ നിന്നോ, റൂമിൽ നിന്നോ ഡ്യൂട്ടി ഡോക്ടർമാരോ, നഴ്സോ ആവശ്യപ്പെടുന്ന പക്ഷം സെക്യൂരിറ്റി കവാടത്തിന് സമീപം കാത്തിരിക്കുന്ന ബന്ധുവിനെ അകത്തേക്കു കയറ്റിവിടുന്ന അവസ്ഥയുമുണ്ട്.
ഏത് നേരത്താണ് തങ്ങളുടെ ബന്ധുവിനെ കാണാൻ സാധിക്കുകയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതാണ് ഇവിടെ സംഘർഷങ്ങൾക്കും ഉന്തും തള്ളിലേക്കും മർദനത്തിലേക്കുമെല്ലാം നയിക്കുന്നത്. ഇന്ന് രാവിലെ ഉണ്ടായ സംഘർഷത്തിനും ഇടയാക്കിയത് ഇതേ കാരണങ്ങളായിരുന്നു. ഭാര്യക്കൊപ്പം എത്തിയ യുവാവ് ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ രാവിലെ 7.30ക്ക് എത്തിയപ്പോൾ കയറ്റിവിടില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. പിന്നീട് അൽപനേരം കഴിഞ്ഞ് ഒരുകൂട്ടം ആളുകളുമായി എത്തി സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയായിരുന്നെന്നാണ് മെഡിക്കൽ കോളജ് പൊലിസ് വ്യക്തമാക്കുന്നത്.
മുഖ്യപ്രതിയായ അനുപ് ഉൾപ്പെടെ 16 പേർക്കെതിരേയാണ് സുരക്ഷാ ജീവനക്കാർ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. കവാടത്തിലെത്തിയ അനുപ് എന്ന യുവാവ് അകത്തേക്കു കയറ്റിവിടാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അൽപം കഴിഞ്ഞ് സംഘം ചേർന്ന് എത്തി മർദിക്കുകയുമായിരുന്നൂവെന്ന് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരുടെ ചുമതലയുള്ള സൂപ്പർവൈസർ കെ സദാശിവൻ വ്യക്തമാക്കി.
സൂപ്രണ്ടിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് അനൂപ് ബഹളം വെച്ചത്. സൂപ്രണ്ടിന്റെ ഓഫീസ് രണ്ടാം നിലയിലാണെന്നും ഒ പിയിലേക്കുള്ള പിൻഭാഗത്തെ കവാടത്തിലൂടെയാണ് അങ്ങോട്ട് പോകേണ്ടതെന്നും സുരക്ഷാ ജീവനക്കാർ പറഞ്ഞിരുന്നു. അന്നശേറി സ്വദേശിയായ ദിനേശൻ (61) എന്ന ജീവനക്കാരനാണ് കൂടുതൽ പരുക്കേറ്റത്. ഇയാളെ ഇടിച്ചു തള്ളിയിടുകയായിരുന്നു. നരിക്കുനി സ്വദേശിയായ ശ്രീലേഷ് (45)ന് നെഞ്ചിലും നാഭിക്കും ചവിട്ടേറ്റിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയായ രവീന്ദ്ര പണിക്കർ (45) അടിയേറ്റും പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഇവരെല്ലാം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
റിപ്പോർട്ടിങ്ങിന്റെ ഭാഗമായി എത്തിയ മാധ്യമം റിപ്പോർട്ടർ ശറഫുദ്ദീനും മർദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും ലഭ്യമാണ്. താൻ ഉൾപ്പെടെയുള്ളവർ വാർഡുകളിൽ പോയ അവസരത്തിലാണ് സംഘർഷം ഉണ്ടായത്. പതിനെട്ടും ഇരുപതും വർഷം പട്ടാളത്തിൽ സേവനം ചെയ്തു എത്തുന്ന തങ്ങൾക്ക് സന്ദർശകരുടെയും രാഷ്ട്രീയ ഗുണ്ടകളുടെയും തല്ലുകൊള്ളേണ്ടുന്ന സ്ഥിതിയാണെന്നും ഇദ്ദേഹം പ്രതികരിച്ചു.
അതേസമയം സുരക്ഷാ ജീവനക്കാരിൽ ചിലരുടെ ധാർഷ്ട്യ മനോഭാവമാണ് പ്രശ്നങ്ങളിലേക്കു നയിക്കുന്നതെന്നു മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില പൊതുപ്രവർത്തകർ വ്യക്തമാക്കി. അനുപ് ഭാര്യയുമായി അകത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തടയുകയും ഭാര്യയുടെ കൈയിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചത്.
സെക്യൂരിറ്റി ജീവനക്കാർ നടക്കാൻ ബുദ്ധിമുട്ടുള്ളവരെ സെട്രക്ചറിൽ കയറ്റിയിരുത്തി തള്ളി അകത്തേക്ക് എത്തിക്കാൻ പോലും തയാറായിരുന്നപ്പോൾ ഇപ്പോഴുള്ളവർ തങ്ങളുടെ ഡ്യൂട്ടിയിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതും കടുംപിടുത്തം തുടരുന്നതുമാണ് മെഡിക്കൽകോളജിനെ സംഘർഷത്തിലേക്കു എത്തിക്കുന്നതെന്നുമാണ് ഇവരുടെ പക്ഷം. ഭാര്യയെ കയറിപ്പിടിച്ചെന്ന് കാണിച്ച് അനൂപും പൊലിസിൽ പരാതി നൽകിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട പരാതികളിൽ എഫ് ഐ ആർ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്