- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രമായി ബഫർസോൺ നിശ്ചയിക്കണമെന്ന നിർദ്ദേശം സുപ്രീംകോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷ; കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിച്ച് ഇളവുകൾ നൽകുമെന്ന് വിലയിരുത്തൽ; ബഫർസോണിൽ മലയോരത്ത് ആശ്വാസം; സുപ്രീംകോടതി നല്ല നിലപാടിലേക്ക് വരുമ്പോൾ
തിരുവനന്തപുരം: കേരളത്തിന്റെ മലയോരം പ്രതീക്ഷയിലാണ്. കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിച്ച് ഇളവു നൽകുന്നത് സുപ്രീംകോടതി പരിഗണിച്ചാൽ സംസ്ഥാനത്തെ 22 വന്യജീവിസങ്കേതങ്ങൾ ബഫർസോണിൽ നിന്നു പൂർണമായി ഒഴിവാകും. ഇതിനുള്ള സാധ്യത ഏറെയാണ്. ഇനി സുപ്രീംകോടതിയുടെ മനസ്സാണ് നിർണ്ണായം. ഇതു പോലെ ഒരുമിച്ചൊരു ഇടപെടലാണ് കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്ന് കർഷകർ പ്രതീക്ഷിച്ചത്. അത് സംഭവിച്ചു. അതുകൊണ്ടു ത്ന്നെ കോടതി നിലപാടും നിർണ്ണായകമാകും.
കേന്ദ്രത്തിന്റെ അപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നതിനിടെയാണ് ബഫർസോൺ നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്നു കോടതി വാക്കാൽ സൂചിപ്പിച്ചത്. കേന്ദ്രത്തിന്റെ അപേക്ഷ കോടതി 16 ന് വീണ്ടും പരിഗണിക്കും. ഇത് കേരളത്തിന് നിർണ്ണായകമാണ്. കർഷർക്കൊപ്പം നിൽക്കുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാക്കു നൽകിയിരുന്നു. ഇത് സുപ്രീംകോടതിയിൽ ബോധ്യപ്പെടുത്താനായാൽ ജനവാസ മേഖലയെല്ലാം ബഫർസോണിന് പുറത്താകും. ജനവാസ മേഖലകളെ ബഫർസോണാക്കിയാൽ അത് വലിയ സാമൂഹിക പ്രശ്നമാകുമെന്ന് സുപ്രീംകോടതിയും തിരിച്ചറിയുന്നുണ്ട്.
ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും കിഫയുടെയും ഹർജികൾ വാദം കേൾക്കാൻ വച്ചിരുന്നതാണ്. എന്നാൽ ് സോളിസിറ്റർ ജനറലിന് അസൗകര്യം ഉള്ളതുകൊണ്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയും മാറ്റിവെച്ച സമയത്ത് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വാക്കാൽ പരാമർശം നടത്തുകയാണ് സുപ്രീം കോടതി ചെയ്തത്. ഈ വിഷയത്തിൽ നിലവിൽ രണ്ട് കേസുകളാണ് കിഫ സുപ്രീം കോടതിയിൽ കൊടുത്തിരിക്കുന്നത്.
ഒന്നാമത്തെത് ആർ പി ഡി /42719 / 2022 എന്ന നമ്പറിലുള്ള റിവ്യൂ പെറ്റീഷനും രണ്ടാമത്തേത് ഐഎ / 6798 / 2023 എന്ന നമ്പറിൽ ഉള്ള ഇന്റർവീനിങ്ങ് ആപ്ലിക്കേഷനുമാണ്. ഇതിൽ 6798 / 2023 എന്ന നമ്പറിലുള്ള അപേക്ഷയാണ് കേന്ദ്രസർക്കാറിന്റെയും കേരള സർക്കാരിന്റെയും ഹർജിയോടൊപ്പം സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നത്. അതാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. കേരള സർക്കാരിന്റെയും കിഫയുടെയും റിവ്യൂ പെറ്റീഷൻ അനുവദിക്കുന്ന കാര്യവും തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതെല്ലാം നിർണ്ണായകമാകും.
നേരിട്ടുള്ള സ്ഥലപരിശോധനയിൽ ഇരട്ടിപ്പു കണ്ടെത്തിയതിനെ തുടർന്ന് മുന്നു ദിവസത്തിനിടെ 761 നിർമ്മിതികളുടെ എണ്ണം കുറഞ്ഞെന്നാണു വനം വകുപ്പിന്റെ റിപ്പോർട്ട്. നേരത്തെ അസറ്റ് മാപ്പർ ആപ്പിലൂടെ അപ്ലോഡ് ചെയ്ത നിർമ്മിതികളുടെ എണ്ണം പരിശോധിച്ച് ഇരട്ടിപ്പുള്ളവ ഒഴിവാക്കി. ഒരേ വിഷയത്തിൽ ഒന്നിൽ കൂടുതൽ പരാതികൾ അയച്ചതാണ് ഇരട്ടിപ്പിനു കാരണം. പത്താം തീയതി വരെ 76,378 പരാതികളാണ് പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്.
ഇരട്ടിപ്പ് നീക്കിയതോടെ 11ന് ഇത് 69,613 എണ്ണമായി കുറഞ്ഞു. ഇന്നലെ വീണ്ടും 69,463 ആയി താഴ്ന്നു. ഇന്നലെ വരെ അപ്ലോഡ് ചെയ്തതിന്റെ എണ്ണം 60, 425 ആയി. 45,791 പരാതികൾ തീർപ്പാക്കി. ഇനി 23,672 പരാതികൾ കൂടി പരിഗണിക്കാനുണ്ട്. ഇതുവരെ വനം വകുപ്പ് കണ്ടെത്തിയ ആകെ നിർമ്മിതികളുടെ എണ്ണം 1,01,869 ആയിരുന്നു. ഇരട്ടിപ്പ് നീക്കിയപ്പോൾ 1,09,755 ആയി കുറഞ്ഞു.
23 സംരക്ഷിത വന മേഖലകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെ പ്രദേശങ്ങൾ ബഫർസോൺ ആയി നിശ്ചയിച്ച് കേന്ദ്രത്തിന് 2020-21 കാലയളവിൽ സംസ്ഥാന സർക്കാർ കരട് വിജ്ഞാപന ശുപാർശ അയച്ചിരുന്നു. ഇതിൽ, മതികെട്ടാൻ ചോലയുടെ ബഫർസോൺ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം ഇറക്കി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്രമായി ബഫർസോൺ നിശ്ചയിക്കണമെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ശുപാർശ. ഇതു കേന്ദ്രം പരിഗണിക്കാനിരിക്കേയാണ് കഴിഞ്ഞ വർഷം ജൂൺ 3 ന് സുപ്രീംകോടതി ഉത്തരവുണ്ടായത്. കേരളത്തിന്റെ നിലപാട് സുപ്രീംകോടതി അംഗീകരിക്കാൻ സാധ്യത ഏറെയാണ്.
കേരളത്തിൽ ഇരുപത്തി നാലാമതായി വിജ്ഞാപനം ചെയ്യപ്പെട്ട കരിമ്പുഴ വന്യജീവി സങ്കേതത്തിനു ചുറ്റും സ്വകാര്യ ഭൂമിയോ ജനവാസ കേന്ദ്രങ്ങളോ ഒട്ടും തന്നെയില്ല. കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിച്ച് ഇളവുകൾ നൽകുന്നത് പരിഗണിക്കുമെന്നുള്ള സുപ്രീംകോടതിയുടെ നിലപാട് കേരളത്തിലെ മലയോര കർഷക ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ