- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം ഉദ്യോഗസ്ഥരോട് ഉറപ്പായി പറയുന്നു; നമ്മുടെ വസ്തുവകകൾ മോഷ്ടിക്കാൻ പരിശ്രമിക്കുകയാണെങ്കിൽ അടങ്ങിയിരിക്കുകയില്ല; ബഫർ സോൺ ഈ രീതിയിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും താമരശേരി ബിഷപ്പ്; ഉപഗ്രഹ സർവേ നടത്തിയതിനു പിന്നിൽ നിഗൂഢ ലക്ഷ്യമെന്ന് കൂരൂച്ചുണ്ടിലെ പ്രതിഷേധ സമ്മേളനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; കർഷകർ ഒരുമിക്കുമ്പോൾ
കോഴിക്കോട്: കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കൃത്യമായ വിവരങ്ങൾ ലഭിക്കാമെന്നിരിക്കെ ഉപഗ്രഹ സർവേ നടത്തിയതിനു പിന്നിൽ നിഗൂഢ ലക്ഷ്യമുണ്ടെന്ന വാദം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചർച്ചയാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് സർക്കാർ. ബഫർ സോൺ പ്രഖ്യാപനത്തിന്റെ ഭാഗമായി സർക്കാർ പുറത്തുവിട്ട ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പ്രതിഷേധിച്ച് കേരള കർഷക അതിജീവന സംയുക്ത സമിതി സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൂരാച്ചുണ്ടിൽ നടന്ന സമര പ്രഖ്യാപന പ്രതിഷേധ മഹാ പൊതുസമ്മേളനം വെല്ലുവിളിയാണെന്ന് സർക്കാരും തിരിച്ചറിയുന്നു.
അതിനിടെ ബഫർ സോൺ വിഷയത്തിൽ ഓരോ ദിവസവും ജനങ്ങളുടെ ആശങ്കകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു. ഇന്നുച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം. നിരവധി ജനവാസമേഖലകൾ ഉപഗ്രഹസർവേയിൽനിന്നു വിട്ടുപോയതായുള്ള ആക്ഷേപങ്ങൾ നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വനം, റവന്യു, തദ്ദേശം, ധനകാര്യം എന്നീ വകുപ്പുകളുടെ ചുമത ലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് തലവന്മാരും യോഗത്തിൽ പങ്കെടുക്കും.
ബഫർ സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ടിനെപ്പറ്റി കർഷകരും ജനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പ്രതികരണം. റിപ്പോർട്ട് പൂർണമല്ലെന്നും അപാകതകളുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഭൂരേഖകൾ കൂടി പരിശോധിച്ച് അതിസൂക്ഷ്മമായി നടത്തേണ്ട സർവേയെക്കുറിച്ചു തുടക്കം മുതൽ ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു. വനംവകുപ്പ് അതു ഗൗരവത്തിലെടുത്തു പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്.
കൂരാച്ചുണ്ടിൽ നടന്ന സമര പ്രഖ്യാപന പ്രതിഷേധ മഹാ പൊതുസമ്മേളനം സർക്കാരിനെ ഞെട്ടിക്കുന്നുണ്ട്. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമരത്തിന് നേതൃത്വം നൽകുന്നതും ഉയർത്തുന്ന ചോദ്യങ്ങളും നിർണ്ണായകമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് മൂന്നു മാസം പൂഴ്‌ത്തിവച്ചെന്നും ബിഷപ് ചോദിച്ചു. വിഷയത്തിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള കർഷക ആഭിമുഖ്യം എന്തുകൊണ്ട് കേരളത്തിലെ ജനപ്രതിനിധികൾ സ്വീകരിക്കുന്നില്ല. വനം ഉദ്യോഗസ്ഥരോട് ഉറപ്പായി പറയുന്നു; നമ്മുടെ വസ്തുവകകൾ മോഷ്ടിക്കാൻ പരിശ്രമിക്കുകയാണെങ്കിൽ അടങ്ങിയിരിക്കുകയില്ല. ബഫർ സോൺ ഈ രീതിയിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ നാം ഒന്നിച്ചു നിൽക്കണം. കേരളത്തിലെ 62 കർഷകസംഘടനകൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതിനെതിരേ പോരാടണമെന്നുള്ളത്. എന്നാൽ സ്വതന്ത്രസംഘടനകൾ ലക്ഷ്യത്തിലെത്താൻ വ്യാമോഹിക്കുന്നുണ്ട്. അവർ കർഷക സ്‌നേഹികളല്ല, കർഷകദ്രോഹികളാണെന്നും കർഷകരെ ഒറ്റുകൊടുക്കുന്നവരാണെന്നും ബിഷപ് പറഞ്ഞത്. ബഫർ സോൺ സംബന്ധിച്ച് ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ടിൽ അവ്യക്തതകളുണ്ടെന്നു വനംവകുപ്പു മന്ത്രിതന്നെ വ്യക്തമാക്കിയതാണ്. ബഫർസോൺ വിഷയത്തിൽ കഴിഞ്ഞ ജൂൺ മൂന്നിന് മൂന്നു മാസത്തിനുള്ളിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം.
എന്നാൽ, സർവേ നടപടികൾ ഒച്ചിഴയുന്ന വേഗത്തിലായതോടെ ജനങ്ങൾ കൂടുതൽ ആശങ്കയിലുമായി. ഒടുവിൽ, കഴിഞ്ഞ ഓഗസ്റ്റ് 29ന് കെഎസ്ആർഇസി മുഖ്യമന്ത്രിക്കു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ടിൽ ആശയക്കുഴപ്പമുണ്ടെന്ന സൂചനകളെത്തുടർന്നാണ് നേരിട്ട് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നല്കാനായി വിദഗ്ധസമിതിയെ തീരുമാനിച്ചത്. ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായ സമിതി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും മൂന്നുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും നല്കമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഫീൽഡ് തല പരിശോധനകൾ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം നീട്ടി നല്കുകയുമാണുണ്ടായത്.
സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ജൂൺ മൂന്നിനു സുപ്രീം കോടതി നിർദ്ദേശിച്ചെങ്കിലും 10 ദിവസത്തിനു ശേഷമാണു വനം വകുപ്പിൽ ഇതിനായുള്ള ആലോചന തുടങ്ങിയത്. സർവേ സംബന്ധിച്ചു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായഭിന്നത പിന്നെയും കാര്യങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ കെഎസ്ആർഇസിയെ ഏൽപിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ നെയ്യാർ, തൃശൂരിലെ പീച്ചി വാഴാനി വന്യജീവി സങ്കേതങ്ങളെക്കുറിച്ചു പരീക്ഷണാർഥം സർവേ നടത്തിയ ശേഷം തീരുമാനിക്കാമെന്ന് അവിടെനിന്ന് അറിയിച്ചു. സർവേ നടത്താൻ ജൂലൈ 11നു ധാരണയാകുമ്പോഴേക്കും കോടതി ഉത്തരവിട്ട് ഒരു മാസവും 8 ദിവസം കഴിഞ്ഞിരുന്നു. സർക്കാർ ഉത്തരവിറങ്ങാൻ പിന്നെയും വൈകി.
സർവേ നടത്താൻ കെഎസ്ആർഇസിക്കു വനം വകുപ്പ് 50 ദിവസമാണ് അനുവദിച്ചത്. 42 ദിവസത്തിനകം സെന്റർ റിപ്പോർട്ട് നൽകി. 22 സംരക്ഷിതവന മേഖലകളിൽ 14 എണ്ണത്തിന്റെ സർവേ പൂർത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ടു നടത്തിയ സർവേയിലെ പിഴവുകൾ പരിശോധിച്ചു തിരുത്താൻ വനം വകുപ്പും ശ്രമിച്ചില്ല. കെഎസ്ആർഇസി ഓഗസ്റ്റ് 29നു നൽകിയ റിപ്പോർട്ട് സർക്കാർ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത് ഈ മാസം 12നു മാത്രമാണ്. അപ്പോഴേക്കും കോടതി തീരുമാനം വന്ന് ആറുമാസം കഴിഞ്ഞിരുന്നു. ഇത്രയും വച്ചുതാമസിപ്പിച്ചതിനും വനംവകുപ്പിന് ഉത്തരമില്ല. റിപ്പോർട്ട് പുറത്തായതോടെ, കർഷകരും ജനങ്ങളും അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആശങ്കകൾ പങ്കുവച്ചും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലുമായി.
അതിനിടെ ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കു സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണു സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നു ബോധ്യമായി. വിദഗ്ധ സമിതി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും പങ്കാളിത്തത്തോടെ കുറ്റമറ്റ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാകും. എന്നാൽ, ഇതൊന്നുമല്ല നടക്കുന്നതെന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നു. അവരുടെ ഉദ്ദേശ്യങ്ങൾക്ക് അനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതികൾ പരിഹരിച്ച ശേഷമുള്ള ശുദ്ധീകരിച്ച റിപ്പോർട്ടാകും കോടതിയിൽ സമർപ്പിക്കുകയെന്ന് ഇന്നലെ രാവിലെ മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട്ടു പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടാകും നൽകുകയെന്നു പ്രതിപക്ഷം ഉൾപ്പെടെ പ്രചരിപ്പിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ