- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണ സമയത്തു എൻജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസ്; ക്രമീകരണത്തിൽ മാറ്റംവരുത്തി ചീറി പാഞ്ഞു; ഉടമയ്ക്ക് സ്പീഡ് കൂടുതലെന്ന സന്ദേശം രണ്ടു തവണ കിട്ടി; ബസിനേയും കാറിനേയും നടക്കു കൂടി ഓവർടേക്ക് ചെയ്തത് അപകടമായി; ഇനി സ്‌കൂൾ വിനോദയാത്രകൾ ഗതാഗത വകുപ്പിനെ അറിയിച്ചേ മതിയാകൂ; ഇത് വടക്കഞ്ചേരി ദുരന്തത്തിന്റെ ബാക്കി പത്രം
പാലക്കാട്: ആ ബസിന് വേഗപ്പൂട്ടുണ്ടായിരുന്നു. വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോൾ ഉടമയ്ക്ക് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിക്കുകയും ചെയ്തു. എന്നാൽ ഉടമ വേഗത കുറയ്ക്കാൻ ഇടപെട്ടില്ല. അതുകൊണ്ടു തന്നെ ഡ്രൈവർക്കൊപ്പം ഉടമയും അപകടത്തിന് കുറ്റക്കാരനാണ്. അപകടത്തിന് മുൻപ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്താണ് വെളിപ്പെടുത്തിയത്. ആദ്യം രാത്രി 10.18നും പിന്നാലെ 10.56നും ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ പറഞ്ഞു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് 5 വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ ജീവനെടുത്തത്. അപകടസമയത്ത് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. നിർമ്മാണസമയത്തുതന്നെ എൻജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസാണിത്. എന്നാൽ, ഈ ക്രമീകരണത്തിൽ മാറ്റംവരുത്തിയതാണ് ബസിന് ഇത്രയും േവഗത്തിൽ പോകാൻ അവസരമൊരുക്കിയത്.
കെ.എസ്.ആർ.ടി.സി. ബസിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന കാറിനെ ഇടതുവശത്തുകൂടി (ഇരു വാഹനങ്ങൾക്കും ഇടയിലൂടെ) അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. എൻ.കെ. ജയേഷ് കുമാർ പറഞ്ഞു. ഉദ്ദേശിച്ച വേഗത്തിൽ മറികടക്കാൻ പറ്റാതായതോടെ കെ.എസ്.ആർ.ടി.സി.യുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടംനടന്ന സ്ഥലത്തുണ്ടായിരുന്ന ക്യാമറ ദൃശ്യത്തിലാണ് ഇത് വ്യക്തമായത്. ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് 200 മീറ്ററോളം മുന്നോട്ടുപോയി ൈഡ്രവറുടെ വശത്തേക്ക് മറിഞ്ഞു. മറിഞ്ഞശേഷവും 50 മീറ്ററോളം നിരങ്ങി റോഡിന്റെ ഇടതുവശത്തേക്കിറങ്ങി നിന്നു. ബസ്സിനടിയിൽപ്പെട്ട വിദ്യാർത്ഥികളും ഞെരിഞ്ഞമർന്ന് നിരങ്ങിനീങ്ങിയെന്നതാണ് വസ്തുത.
അതിനിടെ വിനോദയാത്രയ്ക്കു മുൻപ് സ്‌കൂൾ അധികൃതർ യാത്രാസംബന്ധമായ വിവരങ്ങൾ ഗതാഗത വകുപ്പിന് കൈമാറണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശിച്ചു. ''കുട്ടികളുടെ അവധി നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്, പരീക്ഷ പ്ലാൻ ചെയ്യുന്നുണ്ട്. അവർക്കു വേണ്ട സിലബസും കരിക്കുലവും പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ എന്തുകൊണ്ട് അവർക്കു വേണ്ട യാത്രകൾ കൂടി പ്ലാൻ ചെയ്തുകൂടാ? കുട്ടികൾക്ക് നൽകേണ്ട ശ്രദ്ധ മുഴുവൻ നൽകി സ്‌കൂൾ അധികൃതർ, ഇന്ന സ്‌കൂളിലെ ഇത്ര കുട്ടികൾ ഇന്ന ബസിൽ ഇന്ന സ്ഥലത്തേക്ക് പോകുന്നുവെന്നും, ബസിന്റെയും ഡ്രൈവറുടെയും ഫിറ്റ്‌നസ് പരിശോധിച്ച് വിവരം നൽകണമെന്നും ആവശ്യപ്പെട്ടാൽ, ഞങ്ങളത് 100 ശതമാനം ചെയ്തു കൊടുക്കും'' ശ്രീജിത്ത് പറഞ്ഞു.
ബസിന്റെ അമിതവേഗം സംബന്ധിച്ച് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിട്ടും ബസ് ഉടമ ഇക്കാര്യം ഡ്രൈവറെയോ മറ്റു ജീവനക്കാരെയോ വിളിച്ച് അറിയിക്കാത്തത് ഗുരുതര പിഴവാണ്. പൊലീസ് കേസ് തന്നെയാണ് ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പ്രധാന വഴിയെന്നാണ് വിലയിരുത്തൽ. നിയമം പാലിക്കാത്തവരെ ഒറ്റപ്പെടുത്തിയും പാലിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അസുര(ലൂമിനസ്) ബസ് സ്‌കൂളിലെത്തിയത് പറഞ്ഞസമയത്തെക്കാളും ഒന്നരമണിക്കൂർ വൈകിയെന്ന് രക്ഷിതാക്കൾ പറയുന്നു. വേളാങ്കണ്ണിയിൽനിന്നോ മറ്റോ ഓട്ടംകഴിഞ്ഞെത്തിയ ബസാണെന്നും പാലക്കാട് ആശുപത്രിയിലെത്തിയ ബന്ധുക്കൾ പറഞ്ഞു.
വൈകിയെത്തിയത് നികത്താനാവണം പുറപ്പെട്ടതുമുതൽ അതിവേഗത്തിലായിരുന്നു ബസെന്ന് കുട്ടികൾ ഫോണിൽ പറഞ്ഞതായും ഇവർപറയുന്നു. സ്‌കൂളിലെത്തി ഉടൻ കുട്ടികളെക്കയറ്റി യാത്രപുറപ്പെട്ടു. എൻജിൻപോലും ഓഫ് ചെയ്തില്ല. അപകടസ്ഥലത്തേക്ക് ഓടിയെത്തിയവർ കണ്ടകാഴ്ചകൾ ഭീതിപ്പെടുത്തുന്നതായിരുന്നു. ആദ്യംകണ്ടത് വലതുവശം പാതിതകർന്ന കെ.എസ്.ആർ.ടി.സി. ബസ്. യാത്രക്കാർ റോഡിൽ വീണുകിടക്കുന്നു. അറ്റുപോയ ശരീരഭാഗങ്ങളുൾപ്പെടെ ചിതറിക്കിടക്കുന്നു. ബസിന്റെ പിന്നിൽനിന്നുള്ള അഞ്ചുവരിസീറ്റുകൾ പൂർണമായി തകർന്നു. മൂന്നുസീറ്റുകൾ റോഡിനുനടുവിലുള്ള ഡിവൈഡറിലേക്ക് തെറിച്ചുവീണു. അല്പംമുന്നിലായി റോഡരികിൽ മറിഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് ബസും.
ടൂറിസ്റ്റ് ബസിൽനിന്ന് കുട്ടികളുടെ കൂട്ടനിലവിളി ഉയർന്നിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ വശം അടർന്ന് ടൂറിസ്റ്റ് ബസിനുള്ളിലേക്ക് തറച്ചുകയറിയിരുന്നു. ബുധനാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസിന്റെ അതിവേഗമാണ് ഒന്പതുപേരുടെ ജീവനെടുത്തത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ലൂമിനസ് (അസുര) എന്നുപേരുള്ള ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ ഇടിച്ചുകയറിയത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിൽ. ഇവിടെ നാലുവരിപ്പാതയിൽ ബസുകളുടെ അനുവദനീയവേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്.
ദേശീയപാത-544 വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപം രാത്രി 11.34-നാണ് ദുരന്തമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികളായ എറണാകുളം ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത് (17), ആരകുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എസ്. ഇമ്മാനുവേൽ (17), പത്താം ക്ലാസ് വിദ്യാർത്ഥികളായ മുളന്തുരുത്തി പൈങ്കാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ ക്രിസ് വിന്റർബോൺ തോമസ് (15), മുളന്തുരുത്തി പൈങ്കാരപ്പിള്ളി രശ്മി നിലയത്തിൽ ദിയ രാജേഷ് (15), തിരുവാണിയൂർ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ എൽന ജോസ് (15), സ്‌കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ വീട്ടിൽ വി.കെ. വിഷ്ണു (33) എന്നിവരും കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരായ കൊല്ലം വളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ അനൂപ് (23), തൃശ്ശൂർ നടത്തറയിലെ രോഹിത് (25), കൊല്ലം പുനലൂരിലെ ദീപു (25) എന്നിവരുമാണ് മരിച്ചത്.
ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണുണ്ടായിരുന്നത്. കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ 40 യാത്രക്കാരും.
മറുനാടന്‍ മലയാളി ബ്യൂറോ