കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസുകൾ പരിശോധിക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസ് വരുന്നത് കണ്ട് പെട്ടെന്നായിരുന്നു ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും ഓടിക്കളഞ്ഞത്. പിന്നീട് പിടികൂടിയപ്പോഴാണ് ഡ്രൈവർക്ക് ലൈസൻസില്ലെന്ന് വ്യക്തമായത്. തുടർന്ന് ലൈസൻസില്ലാതെ ബസോടിച്ച ഡ്രൈവർക്കും ബസ് ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.

മാവൂർ- കോഴിക്കോട് റൂട്ടിലോടുന്ന കെ എൽ 11 യു 2124 നമ്പർ സിറാജുദ്ദീൻ ബസ് ഓടിച്ച മുക്കം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ്, ബസ് ഉടമ ചേവരമ്പലം സ്വദേശി റഷീദ് എന്നിവർക്കെതിരെയാണ് ട്രാഫിക്ക് പൊലീസ് കേസെടുത്തത്. ലൈസൻസില്ലാത്ത ഇയാൾ കുറേ ദിവസങ്ങളായി ഈ ബസ് ഓടിച്ചിരുന്നതായാണ് അറിയുന്നത്. പിടിച്ചെടുത്ത ബസ് എ ആർ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന ബസ് നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.

കഴിഞ്ഞ വർഷം 'സിറാജുദ്ദീൻ' ബസ് മെഡിക്കൽ കോളെജ് ഇറക്കത്തിൽ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബസിൽ സ്പീഡ് ഗവേർണർ പ്രവർത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ടയർ പൂർണമായും തേഞ്ഞ നിലയിലുമായിരുന്നു. തുടർന്ന് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം മാവൂർ ബസ് സ്റ്റാന്റിന്റെ എതിർവശത്തുള്ള കടയും ഈ ബസ് ഇടിച്ചു തകർത്തിരുന്നു.

വടകരയിലാണ് മദ്യപിച്ച് ബസോടിച്ച ഡ്രൈവർ പൊലീസ് പിടിയിലായത്. വടകര കടമേരി പടിഞ്ഞാറെ കണ്ടിയിൽ എൻ രാജീവ് ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മാക്‌സി മില്യൻ ബസ് ഓടിക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് പയ്യോളി ബസ് സ്റ്റാന്റിൽ ആൽകോ സ്‌കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പൊലീസ് പരിശോധന. മൂന്നു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 24 ന് ഈ റൂട്ടിൽ തന്നെ മറ്റൊരു ബസ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിയിലായത്. അന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.