- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഗിയർ മാറ്റാൻ പോലും കഴിയാത്ത അവസ്ഥയിലും മനോധൈര്യം കൈവിടാതെ ബസ് ഡ്രൈവർ; സുരക്ഷിതമായി ബസ് നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച് താമരശ്ശേരി സ്വദേശി സിഗേഷ്; സംഭവം കുന്ദംകുളത്ത് വെച്ച്; കഴിഞ്ഞാഴ്ച മൂന്നാറിലും രക്ഷകനായത് ഇതേ ഡ്രൈവർ
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും മനോബലം കൈവിടാതെ ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച് താമരശ്ശേരി സ്വദേശിയായ ബസ് ഡ്രൈവർ. താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിഗേഷിനാണ് (48) യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ബസ് സുരക്ഷിതമായി നിർത്തിയ ഉടൻ ഡ്രൈവർ കുഴഞ്ഞു വീഴുകയും ചെയ്തു. സിഗേഷ് തളർന്ന് വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്. കുന്ദംകുളത്ത് വച്ചായിരുന്നു സംഭവം. ബസിൽ കുഴഞ്ഞ് വീണ സിഗേഷിനെ ഉടൻ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പക്ഷാഘാതത്തെ തുടർന്നായിരുന്നു സിഗേഷ് കുഴഞ്ഞ് വീണത്. പ്രയാസം അനുഭവപ്പെട്ടപ്പോൾ ഗിയർ മാറ്റാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ഏറെ പരിശ്രമിച്ച് ബസ് ഒതുക്കി നിർത്തിയ സിഗേഷിന് നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കൊടിയ വേദനയിലും ബസ് സുരക്ഷിതമായി നിർത്താൻ സിഗേഷ് കാണിച്ച ആത്മധൈര്യം 48 ജീവനുകൾക്കാണ് രക്ഷയായത്.
ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ താമരശ്ശേരിയിൽ നിന്നും സിഗേഷ് ഓടിച്ച ബസ്, കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദസഞ്ചാര യാത്ര പോയതായിരുന്നു ബസ്. സിഗേഷിനെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചപ്പോൾ യാത്രക്കാരെ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ മലക്കപ്പാറയിലെത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിനിടയിലും സിഗേഷ് ഓടിച്ച കെ എസ് ആർ ടി സി ബസ് പെട്ടുപോയിരുന്നു. ബസ്സിന്റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും അദ്ദേഹം യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിച്ചിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.