- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിലടിയും കൂക്കിവിളിയും അപശബ്ദങ്ങളുമായി സൂം മീറ്റിങ്ങിലേക്ക് ഇടിച്ചുകയറി ജീവനക്കാർ; ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ; ബൈജൂസിന്റെ അസാധാരണ പൊതുയോഗത്തിൽ നാടകീയ രംഗങ്ങൾ
ബെംഗളൂരു: ബൈജൂസ് എഡ് ടെക് കമ്പനി സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് രണ്ട് മുഖ്യനിക്ഷേപകർ. പുറത്താക്കണമെന്ന പ്രമേയം യോഗത്തിൽ നിരാകരിച്ചെന്നാണ് ബൈജൂസ് മാനേജ്‌മെന്റിന്റെ അറിയിപ്പ്. 2015 ൽ സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് പ്രോസസ് എൻവി, പീക്ക് എക്സ്സി എന്നീ മുഖ്യനിക്ഷേപകരാണ് വോട്ടുചെയ്തത്. ഇവർക്ക് പുറമേ മറ്റ് ചില നിക്ഷേപകർ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.
ബോർഡിന്റെ അസാധാരണ പൊതുയോഗമാണ് ചേർന്നതെന്നും പ്രമേയം വോട്ടിനിട്ട് തള്ളിയെന്നുമാണ് മാനേജ്‌മെന്റിന്റെ അറിയിപ്പ്. പ്രോസസിന്റെയും പീക്കിന്റെയും വക്താക്കൾ പ്രതികരിച്ചില്ല. യോഗം ബൈജു രവീന്ദ്രൻ ബഹിഷ്‌കരിച്ചു. മണിക്കൂറുകൾ നീണ്ട സൂം യോഗത്തിൽ ബൈജൂസിന്റെ നിരവധി ജീവനക്കാർ ഇടിച്ചുകയറിയെന്നും, വിസിലടിയും കൂക്കിവിളിയും വഴി യോഗ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നത്തെ അസാധാരണ പൊതുയോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നാണ് ബൈജൂസ് വാർത്താക്കുറിപ്പിൽ പറയുന്നത്. അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബൈജൂസ് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പിന്നാലെ, ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതോടെ അദ്ദേഹത്തിനെതിരായ നീക്കങ്ങൾ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കമ്പനിയിൽ ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഡയറക്ടർ ബോർഡിനേയും നിയമിക്കണം. ഇന്നത്തെ അസാധാരണ പൊതുയോഗം നിയമവിരുദ്ധമാണെന്നാണ് ബൈജു രവീന്ദ്രന്റെ വാദിച്ചത്.
നേരത്തെ കർണാടക ഹൈക്കോടതി ബൈജു രവീന്ദ്രന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വരുന്നത് വരെ ജനറൽ ബോഡി യോഗം ചേർന്ന് ബൈജുവിനെ പുറത്താക്കരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, ജനറൽ ബോഡി യോഗവുമായി മുന്നോട്ട് പോകാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു. കോടതി തീരുമാനത്തിന് അനുസരിച്ചാവും ബോർഡിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്താകുക.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ ബോർഡിൽനിന്ന് ബൈജുവിനെയും ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥിനെയും ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രനെയും പുറത്താക്കണമെന്ന് പൊതുയോഗ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. വമ്പൻ നഷ്ടവും നിരവധി കോടതി വ്യവഹാരങ്ങളും നേരിടുന്ന ബൈജു രവീന്ദ്രന് മറ്റൊരു തിരിച്ചടിയാണ് ഓഹരി ഉടമകളുടെ യോഗവും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും. ഓഡിറ്റർ രാജിവെച്ചതും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ പാപ്പരാക്കൽ നടപടികൾ തുടങ്ങിയതും അമേരിക്കയിൽ വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച കോടതി നടപടികളും കൂടുതൽ ആഘാതമായി.
അതിനിടെ, ഓഹരി ഉടമകളെ തണുപ്പിക്കാൻ ബൈജു രവീന്ദ്രൻ കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. എല്ലാവരുടെയും സമ്മതത്തോടെ രണ്ട് നോൺ-എക്‌സിക്യൂട്ടിവ് ഡയറക്ടർമാരെ നിയമിക്കാമെന്നും പണം വിനിയോഗിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ ദുബായിലുള്ള ബൈജുവിന് ഉടൻ നാട്ടിൽ തിരിച്ചെത്തേണ്ടി വന്നേക്കും. രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് വന്ന സാഹചര്യത്തിലാണ് ഇത്. ദുബായിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്ര വേണ്ടെന്ന് വച്ചു.
കണ്ണൂരുകാരനായ ബൈജു അതിവേഗമാണ് ശതകോടീശ്വരനായി മാറിയത്. കോവിഡിന് ശേഷം ബൈജൂസ് തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്നു. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി നേടി ഒരു ദിവസം പിന്നിടുമ്പോഴാണ് ഇ.ഡി കുരുക്കിട്ടത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും കാട്ടി ബൈജു രവീന്ദ്രൻ ഓഹരി ഉടമകൾക്ക് കത്തയച്ചിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് കത്തിൽ. ഇതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം. ബൈജു അറസ്റ്റിലാകാനും സാധ്യതയുണ്ട്.
ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം. ബൈജൂസിന്റെ മാതൃ കമ്പനിയായ ആയ തിങ്ക് ആൻഡ് ലേണിന്റെ റൈറ്റ്‌സ് ഇഷ്യൂ പൂർണമായി സബ്സ്‌ക്രൈബ് ചെയ്തതായി ബൈജു ബുധനാഴ്ച ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ അറിയിച്ചിരുന്നു.
നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്ന് യോഗം വിളിച്ചത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതായിരുന്നു യോഗത്തിന്റെ ഒരു അജണ്ട. സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ