- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വകുപ്പുകളിലെ ജീവനക്കാരുടെ നിയമനവും സ്ഥലമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള അധികാരങ്ങൾ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് നിയമിച്ച അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർമാർക്ക് കൈമാറി സർക്കാർ ഉത്തരവിറക്കിയത് മന്ത്രിമാർ അറിയാതെ; എല്ലാം പിണറായി നിശ്ചയിക്കും! പ്രതിഷേധിക്കാൻ പോലും മന്ത്രിമാരില്ല; എല്ലാം നോർത്ത് ബ്ലോക് തിരീമാനിക്കുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ ഇനി എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തലവന്മാരെ നിയമിക്കുന്നത് പോലും മുഖ്യമന്ത്രി മാത്രമാകും. മന്ത്രിമാർക്ക് പോലും ഇക്കാര്യത്തിൽ റോളില്ല. ഇതിനൊപ്പമാണ് വകുപ്പു തലവന്മാരുടെ അധികാരങ്ങളിൽ പലതും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർക്കു നൽകി പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമായത്. ഈ ഉത്തരവ് ഭരണരംഗത്തു നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങൾക്കും പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നാണ് സൂചന. എന്നിട്ടും മന്ത്രിമാർ ആരും ഇതിനെ ചോദ്യം ചെയ്യുന്നില്ല. സിപിഐ മന്ത്രിമാരും മിണ്ടുന്നില്ല. എല്ലാ വകുപ്പുകളിലും സെക്രട്ടറിയേറ്റിൽ നിന്നും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുണ്ട്. ഇവരിലേക്ക് അധികാരം എത്തുന്നതാണ് പുതിയ തീരുമാനം. സെക്രട്ടറിയേറ്റിൽ നോർത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇവിടേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനം എന്നാണ് ഉയരുന്ന ആരോപണം.
ഇതിന് വേണ്ടി മന്ത്രിസഭാ തീരുമാനം ഇല്ലാതെ ഇത്തരം ഉത്തരവ് ഇറക്കിയതിനെതിരെ സിപിഎം, സിപിഐ അനുകൂല സർവീസ് സംഘടനകൾ രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിമാർ വിഷയം ഉയർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സിപിഐക്കാരും മിണ്ടിയില്ല. റോഡ് ക്യാമറ വിവാദവും അജൻഡയിൽ ഉണ്ടായിരുന്നില്ല. ഏതാനും വിഷയങ്ങൾ മാത്രം പരിഗണനയ്‌ക്കെടുത്ത ശേഷം മന്ത്രിസഭാ യോഗം പെട്ടെന്നു പിരിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം എല്ലാം അംഗീകരിക്കപ്പെട്ടു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർക്ക് കൂടുതൽ അധികാരം നൽകി കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് ഭരണരംഗത്തു നിയമപരവും സാങ്കേതികവുമായ പ്രശ്‌നങ്ങൾക്കും പ്രതിസന്ധിക്കും വഴിയൊരുക്കും. ഇക്കാര്യം വകുപ്പു മേധാവികൾ ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ജീവനക്കാരുടെ നിയമനവും സ്ഥലമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള അധികാരങ്ങൾ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നിന്നു നിയമിച്ച അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർമാർക്ക് കൈമാറി സർക്കാർ ഉത്തരവിറക്കിയിരുന്നു. വകുപ്പ് മേധാവികൾ കാലങ്ങളായി കൈവശംവെച്ചിരുന്ന ചുമതലകളാണിത്. സർക്കാർ ഉത്തരവിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയന്റ് കൗൺസിൽ അടക്കം സർവിസ് സംഘടനകൾ രംഗത്തെത്തി. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം നിയന്ത്രണം പൊതുഭരണ വകുപ്പിന്റെ കൈവശമാകുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിലാണ് മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ പോലും പ്രതിഷേധം അറിയിക്കാത്തത്.
സ്ഥലമാറ്റവും നിയമനവും സ്ഥാനക്കയറ്റവും അടക്കമുള്ളവയുടെ മേൽനോട്ടം കൂടാതെ വകുപ്പുകളിലെ ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട നടപടികളുടെ അധികാരവും പൊതുഭരണ ഉദ്യോഗസ്ഥർക്കാകും. ജോലി ചെയ്യുന്ന വകുപ്പുകളിലെ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് എല്ലാ ജനുവരി ഒന്നിനകം ഇറക്കുന്നതിന് നടപടി സ്വീകരിക്കുന്നതും സ്ഥാനക്കയറ്റത്തിന് ഡി.പി.സി യോഗങ്ങൾ ഡിസംബറിനകം വിളിച്ചുചേർക്കാനും അവർക്ക് ചുമതലയുണ്ട്. കോടതിയലക്ഷ്യത്തിന് കേസുകൾക്ക് സാഹചര്യമൊരുക്കാതെ ഭരണപരമായ ഫയലുകൾ ബന്ധപ്പെട്ട ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി യഥാസമയം കൈകാര്യം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. വകുപ്പുകളിലെ നോൺ ഗെസറ്റഡ് ജീവനക്കാരുടെ വർഷം തോറുമുള്ള ശമ്പള വർധന, അവധി, സേവന പുസ്തകം തുടങ്ങിയവയുടെ ചുമതലയും പൊതുഭരണ ഉദ്യോഗസ്ഥനാകും.
ഉത്തരവിലെ വാക്കുകളിലും പ്രയോഗങ്ങളിലും പോലും പ്രശ്‌നമുണ്ട്. വകുപ്പിലെ അധികാരങ്ങളും ചുമതലകളും പൊതുഭരണ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാരിൽ 'നിക്ഷിപ്ത'മാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെയും വകുപ്പിലെയും മേലുദ്യോഗസ്ഥർക്ക് നിയമപരമായ ചുമതലയില്ല. ഇത് വകുപ്പ് ഡയറക്ടർമാർ, കമ്മിഷണർമാർ, ഗവ.സെക്രട്ടറിമാർ എന്നിവരുടെ അധികാരം പരിമിതപ്പെടുത്തും. ചട്ടം അനുസരിച്ച് നിയമനാധികാരി ആയ വകുപ്പ് അധ്യക്ഷൻ നേരിട്ടു നിർവഹിക്കേണ്ട ചുമതലകളും ഈ ഉത്തരവിലൂടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു കൈമാറി. ഇതു നിയമപരമായി നിലനിൽക്കില്ല.
വകുപ്പു മേധാവിയായ ഡയറക്ടറുടെ നിയന്ത്രണത്തിനു വിധേയമായി അല്ല അധികാരം നൽകിയിരിക്കുന്നത്(ഡെലിഗേഷൻ ഓഫ് പവർ). ഈ സാഹചര്യത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു വേണമെങ്കിൽ ഡയറക്ടർക്ക് എതിരെയും സർക്കാരിലേക്കു റിപ്പോർട്ട് അയയ്ക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. നിലവിൽ പ്രത്യേക വിജിലൻസ് ഓഫിസർ പദവിയിൽ സീനിയർ ഉദ്യോഗസ്ഥർ ഉള്ള വകുപ്പുകൾ ഉണ്ട്. ഉത്തരവ് അനുസരിച്ച് വകുപ്പിലെ വിജിലൻസ് മേധാവിയുടെ ചുമതലയും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർക്ക് ആണ്.
28 ചുമതലകളാണ് അഡ്‌മിനിസട്രേറ്റിവ് ഓഫിസർമാർ അടക്കമുള്ളവർക്ക് നൽകുന്നത്. ഇതെല്ലാം വകുപ്പ് മേധാവികൾക്ക് നഷ്ടമാകും. നിയമനം ലഭിച്ച ജീവനക്കാരുടെ സ്വഭാവ വെരിഫിക്കേഷൻ, സ്ഥാനക്കയറ്റം, ഹയർ ഗ്രേഡ് അനുവദിക്കൽ, നിയമനം സ്ഥിരപ്പെടുത്തൽ, സീനിയോറിറ്റി എന്നിവയുടെ നിയന്ത്രണവും വകുപ്പ് മേധാവിക്ക് നഷ്ടമാകും. വകുപ്പിലെ വിജിലൻസ് മേധാവിയുടെ ചുമതലയും നിബന്ധനകൾക്ക് വിധേയമായി ഇവർക്കാരും. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഉത്തരവിറക്കിയത്. പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചുമതലകൾ അവർക്ക് കൈമാറുന്നത്.
മറുനാടന് മലയാളി ബ്യൂറോ