തേഞ്ഞിപ്പലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്.ഐ.യുമായുള്ള നേർക്കുനേർ പോരാട്ടം രൂക്ഷമാകുമ്പോൾ വെട്ടിലാകുന്നത് കേരളാ പൊലീസ്. ഗവർണറുടെ വാക്കുകൾ കേൾക്കാതിരിക്കാൻ പൊലീസിന് കഴിയുന്നില്ല. എന്നാൽ കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയെ പരിഗണിക്കുകയും വേണം. സംഘർഷം പരിധി വിടാതെ പ്രതിസന്ധികൾ പരിഹരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. അതുകൊണ്ടാണ് ലാത്തി വീശലും വെള്ളം ചീറ്റളും ടിയർ ഗ്യാസ് പ്രയോഗവും ഉണ്ടാകാത്തത്.

സർവ്വകലാശാലയിൽ കാലു കുത്താൻ അനുവദിക്കില്ലെന്നായിരുന്നു എസ് എഫ് ഐയുടെ വെല്ലുവളി. എന്നാൽ അത് ഗവർണർ പൊളിച്ചു. അതിന് ശേഷമാണ് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുള്ളിൽ താമസിക്കുന്ന ഗവർണർ ബാനറുകൾ മാറ്റിച്ചാണ് ഇടപെടൽ പുതിയ തലത്തിലെത്തിച്ചത്. അത് മറ്റൊരു തലത്തിൽ എസ് എഫ് ഐയെ വെല്ലുവിളിക്കലാണ്. ഇതിനോട് എങ്ങനെ എസ് എഫ് ഐ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ഏതായാലും പൊലീസിനാണ് തലവേദന. ക്രമസമാധാന നില തകരുന്നില്ലെന്ന് ഉറപ്പാക്കാൻ കരുതലോടെ പ്രവർത്തിക്കേണ്ട അവസ്ഥയിലാണ് പൊലീസ്.

കാലിക്കറ്റ് സർവകലാശാലയിൽ ബാനർ യുദ്ധം പുതിയ പ്രതിസന്ധിയാണ്. തനിക്കെതിരായ ബാനറുകൾ ഞായറാഴ്ചരാത്രി കാമ്പസിലിറങ്ങി അഴിപ്പിച്ച ഗവർണർ പൊലീസിനോടും സർവലാശാലാ അധികൃതരോടും പൊട്ടിത്തെറിച്ചിരുന്നു. ബാനറുകളഴിച്ചതിന് പിന്നാലെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ കൂടുതൽ രൂക്ഷമായ ഭാഷയിൽ ബാനറുകൾ സ്ഥാപിച്ചു. കാമ്പസിലുടനീളം മുദ്രാവാക്യങ്ങൾ എഴുതി. ഗവർണർക്കനുകൂലമായി സ്ഥാപിച്ചിരുന്ന ബാനറുകളിലൊന്ന് കത്തിക്കുകയും ചെയ്തു. പൊലീസിനേയും വെല്ലുവിളിച്ചും ആക്രോശിച്ചുമായിരുന്നു എസ് എഫ് ഐയുടെ പ്രതിഷേധം. എല്ലാ അർത്ഥത്തിലും പൊലീസ് കരുതലെടുത്താണ് സ്ഥിതി സംഘർഷത്തിലേക്ക് കൊണ്ടു പോകാതെ നോക്കിയത്. എസ് എഫ് ഐ ഇനിയെടുക്കുന്ന നിലപാടും പൊലീസ് സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകീട്ട് 3.30-ന് യൂണിവേഴ്‌സിറ്റി സനാതന ധർമ്മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേർന്നു നടത്തുന്ന സെമിനാർ ഗവർണർ ഉദ്ഘാടനംചെയ്യും. ഇതു മാത്രമാണ് മൂന്നുദിവസം കാമ്പസിൽ തങ്ങുന്ന ഗവർണർക്കുള്ള ഔദ്യോഗിക പരിപാടി. 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന തലക്കെട്ടിൽ ഇ.എം.എസ്. സെമിനാർ കോപ്ലക്‌സിലെ സെമിനാറിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജാണ് അധ്യക്ഷൻ. ആർ എസ് എസ് നേതൃത്വത്തിലുള്ള പ്രസ്ഥാനമാണ് ഭാരതീയ വിചാര കേന്ദ്രം. പി പരമേശ്വരൻ എന്ന ആർ എസ് എസ് സൈദ്ധാന്തികൻ രൂപം നൽകിയ പ്രസ്ഥാനം. കാലിക്കറ്റിൽ ഈ പ്രസ്ഥാനം നടത്തുന്ന സെമിനാറിനെ എസ് എഫ് ഐ എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം.

ഗവർണർക്കെതിരായ ബാനറുകൾ മാറ്റാൻ വെള്ളിയാഴ്ചതന്നെ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്.എഫ്.ഐ. തയ്യാറായിരുന്നില്ല. ബാനർ മാറ്റിയാൽ ചാൻസലറെ സ്വാഗതംചെയ്യുന്ന താത്കാലിക കമാനം പൊളിക്കുമെന്നും പൊലീസിനെ അറിയിച്ചു. തുടർന്ന് പ്രകോപനമുണ്ടാക്കേണ്ടെന്ന ധാരണയിൽ പൊലീസ് പിന്മാറുകയായിരുന്നുവെന്നാണ് വിവരം. കാമ്പസിൽ പലയിടങ്ങളിലായി ഗവർണർക്കെതിരേ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. വലിയ പ്രകോപനങ്ങളിലേക്ക പോകരുതെന്ന് എസ് എഫ് ഐ്ക്ക് സിപിഎം നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

സെമിനാറിനുശേഷവും അതിഥിമന്ദിരത്തിലെത്തുന്ന ഗവർണർ രാത്രി എട്ടോടെയാകും തിരുവനന്തപുരത്തേക്കു തിരിക്കുക. അതുവരെ കാമ്പസിൽ ശക്തമായ പൊലീസ് കാവൽ തുടരും. എസ്.എഫ്.ഐ.യുടെ പ്രതിഷേധസാധ്യത മുന്നിൽക്കണ്ട് തിങ്കളാഴ്ച കൂടുതൽ പൊലീസുകാരെ വിന്യസിക്കുന്നുണ്ട്. പൊലീസുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും എസ് എഫ് ഐ പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. എന്നാൽ പരമാവധി കരുതൽ പൊലീസ് എടുക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസുള്ളത് മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടു തന്നെ മലപ്പുറം എസ് പിക്കാണ് ഈ പ്രശ്‌നങ്ങൾ കൂടുതൽ തലവേദനയുണ്ടാക്കുന്നത്.

ബാനർ ആരാണ് കെട്ടിയതെന്നും എന്തുകൊണ്ട് അഴിച്ചുമാറ്റിയില്ലെന്നും ചോദിച്ച് ഉച്ചയോടെ ഗവർണർ പൊലീസുകാരെ ശകാരിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിനെ ഫോണിൽ വിളിച്ചും കുപിതനായി. ബാനർ കെട്ടിയവർക്കെതിരേ നടപടി വേണമെന്നും എന്തു നടപടിയാണ് എടുത്തതെന്ന് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യണമെന്നും വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബാനറുകൾ മാറ്റിയില്ലെന്ന് അറിഞ്ഞതോടെ ഗവർണർ രാത്രി ഏഴരയോടെ അതിഥിമന്ദിരത്തിൽനിന്ന് റോഡിലേക്കിറങ്ങിവന്ന് പൊലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിൽ ബാനറുകൾ അഴിച്ചുമാറ്റി. അതോടെ, എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിൽ പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് ഗവർണർ താമസിക്കുന്ന അതിഥിമന്ദിരത്തിനു 150 മീറ്റർ അകലെ പൊലീസ് തടഞ്ഞു. തുടർന്ന് കാമ്പസിൽ കൂടുതൽ ബാനറുകൾ കെട്ടിയ പ്രവർത്തകർ ഗവർണറുടെ കോലവും അദ്ദേഹത്തിന്റെ ചിത്രമുള്ള ബോർഡും കത്തിച്ചു. 'ഡൗൺ ഡൗൺ ചാൻസലർ', 'മിസ്റ്റർ ചാൻസലർ ഇതു കേരളമാണ്', 'ഇവിടെ പാൻ പരാഗ് തുപ്പരുത്' എന്നിങ്ങനെ എഴുതിയ ബാനറുകളാണ് സ്ഥാപിച്ചത്. കാമ്പസിലെ റോഡുകളിലും പ്രതിഷേധമുദ്രാവാക്യങ്ങളും എഴുതി.

കറുത്ത തുണിയിൽ എസ്.എഫ്.ഐ.യുടെ പേരോടുകൂടിയാണ് മൂന്ന് ബാനറുകളും കെട്ടിയത്. ഇതിനടുത്തായി ചാൻസലറെ സ്വാഗതംചെയ്ത് സനാതന ധർമ്മപീഠം ചെയർ സ്ഥാപിച്ച കമാനരൂപവും തിങ്കളാഴ്ച നടക്കുന്ന സെമിനാറിന്റെ പരസ്യബോർഡുമുണ്ട്.