കൊച്ചി: യുട്ഊബർമാർ സിനിമയെ കുറിച്ച് മോശം റിവ്യു നടത്തുന്നതിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ തുടരുകയാണ്. യുട്ഊബർ ഉണ്ണി വ്‌ലോഗിനെ (ഉണ്ണിക്കൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ എളമക്കര പൊലീസ് കേസെടുത്തു. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്‌ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.

ഉണ്ണി വ്ളോഗ് നൽകിയ സ്വകാര്യ പരാതിയിൽ എളമക്കര പൊലീസിനോട് അന്വേഷിക്കാൻ ആലുവ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ മാസം ജനുവരി 5 നാണ് ഉണ്ണി വ്ളോഗിനെ സംവിധായകനായ അനീഷ് അൻവർ ജാതിപരമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഉണ്ണി വ്ളോഗ് പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടർന്നാണ് ഉണ്ണി വ്ളോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.

ജനുവരിയിൽ ആണ് രാസ്ത എന്ന അനീഷ് അൻവർ ചിത്രം റിലീസ് ചെയ്തത്. അന്നേദിവസം തന്നെ് ഉണ്ണി വ്‌ലോഗ്‌സ് റിവ്യു ഇട്ടിരുന്നു. പിറ്റേദിവസം അനീഷ് അൻവർ തന്നെ വിളിച്ച ഫോൺകോൾ റെക്കോർഡ് ഉണ്ണി പുറത്തുവിടുകയും ചെ്തു. ഉണ്ണി വ്‌ലോഗ്‌സിനെ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ഒരുക്കിയ ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.