- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യന് താഴെയുള്ള ഏത് ശക്തി തടഞ്ഞാലും പാർക്ക് നിർമ്മാണവുമായി മുന്നോട്ട് പോകണമെന്ന മണിയാശാന്റെ ആഹ്വാനം ആവേശമായി; കോടതി ഉത്തരവ് ലംഘിച്ചും മൂന്നാറിലെ ഹൈഡൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം തകൃതി; സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കേസ്
മൂന്നാർ: ഹൈഡൽ പാർക്കിലെ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ പൊലീസ് കേസെടുത്തു.
മൂന്നാർ പൊലീസ് 261/2023 ആയിട്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ബാങ്ക് സെക്രട്ടറി റാണി ഡി നായർ ഒന്നാം പ്രതിയും പ്രസിഡന്റ് കെ.വി.ശശി രണ്ടാം പ്രതിയുമാണ്. ശശി മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.
മൂന്നാർ സ്വദേശിയും കോൺഗ്രസ് നേതാവുമായ ആർ രാജാറാം കേരള ഹൈക്കോടതിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണത്തിനെതിരെ ഹർജ്ജി നൽകിയിരുന്നു.റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് ബാങ്ക് നിർമ്മാണം നടത്തുന്നതെന്നായിരുന്നു ഹർജ്ജിയിലെ പ്രധാന ആരോപണം.
ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവാകുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജാറാം റവന്യൂവകുപ്പ് സെക്രട്ടറിയെയും സമീപിച്ചിരുന്നു. പിന്നാലെ ബാങ്ക് നൽകിയിരുന്ന എൻഒസി അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ റവന്യൂവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നിരുന്നു.ഇതെത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബാങ്ക് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുകാണിച്ചാണ് രാജാറാം രണ്ടാംവട്ടം ഹൈക്കോടതിയെ സമീപിച്ചത്.
ഇപ്പോൾ വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 28-ന് സ്റ്റോപ്പ് മെമോ നൽകിയിരുന്നെന്നും ഇത് വകവയ്ക്കാതെ നിർമ്മാണ പ്രവർത്തനം നടത്തിയെന്നും കാണിച്ചാണ് വില്ലേജ് ഓഫീസർ പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്.
സൂര്യന് താഴെയുള്ള ഏത് ശക്തി തടഞ്ഞാലും പാർക്ക് നിർമ്മാണവുമായി മുന്നോട്ട് പോകണമെന്ന് എം എം മണി ആഹ്വാനം ചെയ്തിരുന്നു.ഇത് ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നു.അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണ സമിതി സംഘടിപ്പിച്ച യോഗത്തിലാണ് എം എം മണി വിവാദ പരാമർശം നടത്തിയത്.
നിയമ സംവിധാനത്തെ വെല്ലുവിളിച്ച്, ജനദ്രോഹപരമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തിയത്.ഇത് പൂർത്തിയായാൽ ചെറിയ മഴപെയ്താൽ പോലും പട്ടണം വെള്ളത്തിനടിയിലാവും.ആവശ്യമെങ്കിൽ നിയമപോരാട്ടം തുടരും.പൊലീസ് ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു നിയമനടപടികൾ നടത്തിവരുന്ന രാജാറാമിന്റെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.