- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശം': സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്; കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത് വി പി സുഹ്‌റയുടെ പരാതിയിൽ
കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. ചാനൽ ചർച്ചയ്ക്കിടെയിലെ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ വനിത അവകാശ പ്രവർത്തക( നിസയുടെ അധ്യക്ഷ) വി.പി. സുഹ്‌റ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തൽ അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് വി.പി. സുഹ്‌റ പരാതി നൽകിയത്. ഒക്ടോബറിൽ നൽകിയ പരാതി നടക്കാവ് പൊലീസിന് കമീഷണർ കൈമാറുകയായിരുന്നു. ഉമർ ഫൈസിയുടെ പരാമർശത്തിനെതിരെ അന്നുതന്നെ തട്ടമൂരി പരസ്യ പ്രതിഷേധം സുഹ്‌റ നടത്തുകയും ചെയ്തിരുന്നു. കുടുംബശ്രീയുടെ തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടിയിൽ വച്ചായിരുന്നു ഈ പ്രതിഷേധം.
പ്രധാനമായും രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐ പി സി 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്.
സി പി എം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ തട്ടം പ്രസ്താവനക്ക് പിന്നാലെ നടന്ന ചാനൽ ചർച്ചക്കിടെയായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമർശം. ഒക്ടോബറിലായിരുന്നു ടെലിവിഷൻ ചർച്ച നടന്നത്. മാസങ്ങൾക്ക് ശേഷമാണ് സുഹറയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹറ പലവട്ടം രംഗത്തെത്തിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതിയിൽ കേസെടുക്കാത്തത്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി പി എം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതാണെന്നായിരുന്നു സുഹ്‌റയുടെ വിമർശനം.
നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിക്കിടെ തട്ടം ഉരിയുള്ള വി പി സുഹ്‌റയുടെ പ്രതിഷേധം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അന്ന് പരിപാടിയിൽ അതിഥിയായെത്തിയ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിന് പിന്നാലെ പി ടി എ പ്രസിഡന്റ് അക്രമാസക്തനായതും വലിയ വാർത്തയായിരുന്നു. പി ടി എ പ്രസിഡന്റ് വി പി സുഹ്‌റയെ അസഭ്യം പറഞ്ഞെന്ന് പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിൽ വി പി സുഹ്‌റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ