- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയെ വിമർശിച്ച് 'കത്തോലിക്ക സഭ'
തൃശൂർ: 'മോദിയുടെ ഗ്യാരന്റി ' യിൽ ഊന്നി ലോക്സഭ പ്രചാരണം ശക്തമാക്കാനാണ് സംസ്ഥാന ബിജെപിയുടെ തീരുമാനം. നാരീ ശക്തി റാലിയിലെ പ്രധാനമന്ത്രിയുടെ തൃശ്ശൂർ പ്രസംഗം സജീവ ചർച്ചയാക്കാനും കേന്ദ്ര സർക്കാർ നേട്ടം ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള മികച്ച പ്രയോഗം എന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ, നരേന്ദ്ര മോദി തൃശൂരിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രം രംഗത്തെത്തി.
മണിപ്പൂരിന്റെ വേദനയ്ക്ക് പരിഹാരം കാണാതെ തൃശൂരിൽ വന്ന് വികസനങ്ങളുടെ ഗ്യാരന്റി പ്രധാനമന്ത്രി പ്രസംഗിച്ചെന്നാണ് വിമർശനം. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യുടെ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമർശനം. 'മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരണ്ടി' എന്ന തലക്കെട്ടിലാണ് ലേഖനം. കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ഒരേ ഒരു ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുകയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരന്റിയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
കുക്കി വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതിനെ വിസ്മരിച്ചാണ് വലിയ ഉറപ്പുകളുമായി പ്രധാനമന്ത്രി എത്തിയതെന്നും വിമർശനമുണ്ട്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ച് ഒരു ബിജെപി ക്കാരനും മിണ്ടുന്നില്ലെന്നും ലേഖനത്തിൽ പരിഹസിക്കുന്നുണ്ട്. തൃശൂരിൽ സ്ത്രീ ശക്തി സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞത്. മോദിയുടെ ഗ്യാരണ്ടിയെന്ന് മലയാളത്തിൽ ഓരോ തവണയും പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം.
മോദിയുടെ ഗ്യാരണ്ടിയെന്ന് 18 തവണ മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെകുറിച്ച് പരാമർശിച്ചത്. '10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി, 10 കോടി ഉജ്ജ്വല ഗ്യാസ്, 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം, സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവരണം, പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും' നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടിയെന്നും സദസ് ഏറ്റുപറഞ്ഞു.
നവംബർ മാസത്തെ ലക്കത്തിലും 'മറക്കില്ല മണിപ്പുർ' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിൽ സുരേഷ് ഗോപിക്കും ബിജെപി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷമായ വിമർശനമായിരുന്നു അതിരൂപത മുഖപത്രമായ 'കത്തോലിക്ക സഭ'യിൽ ഉന്നയിച്ചിരുന്നത്.
മണിപ്പുർ കാലപസമയത്ത് പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നാണ് ലേഖനത്തിലൂടെ വിമർശിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മോദി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും അതിരൂപത മുഖപത്രം വിമർശിച്ചു.
മണിപ്പുരിലും യുപിയിലേക്കും നോക്കിയിരിക്കണ്ട അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദമായ പരാമർശം. ഇതിന് മറുപടിയെന്നവണ്ണം തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് ലേഖനത്തിൽ സുരേഷ് ഗോപിയോടുള്ള ചോദ്യം. അതിനൊപ്പം തന്നെ മണിപ്പുർ കത്തിയെരിയുമ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്നും ലേഖനത്തിൽ ചോദിച്ചിരുന്നു. എന്നാൽ ഈ മുഖപ്രസംഗത്തെ തൃശൂർ അതിരൂപത തള്ളിപ്പറഞ്ഞിരുന്നു.