- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ഹിന്ദ് ചാനലിലെ നിക്ഷേപം സംബന്ധിച്ച മുഴുവൻ വിവരങ്ങളും സിബിഐയുടെ പക്കലുണ്ട്; എന്നിട്ടും വീണ്ടും നോട്ടിസ് അയക്കുന്നത് എന്തിനെന്ന് എനിക്കറിയില്ല; ഏതെങ്കിലും രേഖയില്ലാത്തതല്ല പ്രശ്‌നം; സിബിഐ എന്റെ അറസ്റ്റ് ആഗ്രഹിക്കുന്നു, ഞാനതിന് ഒരുങ്ങിയിരിക്കുന്നു; തന്നെ ഇല്ലാതാക്കാൻ വൻ ഗൂഢാലോചന നടക്കുന്നെന്ന് ഡി കെ ശിവകുമാർ
ബംഗളൂരു: ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ഊർജ്ജമാണ് ഡി കെ ശിവകുമാർ എന്ന കരുത്തൻ. കർണാടകയിൽ ഭരണം പിടിച്ച തന്ത്രശാലി. ഇപ്പോൾ തെലുങ്കാനയിലും പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് ശിവകുമാർ വഹിച്ചത്. ഇതോടെ ഡികെയെ വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാറും ശ്രമം തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തിലെ കോൺ്രസിന്റെ ചാനലായ ജയ് ഹിന്ദ് ടിവിയിലെ നിക്ഷേപത്തിന്റെ വിവരങ്ങൾ തേടി ചാനൽ എംഡിക്ക് നോട്ടീസ് അയച്ചത് കഴിഞ്ഞ ദിവസമാണ്. ഇത് ഡികെയെ ഉന്നമിട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ഈ വിഷയത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്തുവന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വൻ ഗൂഢാലോചന നടക്കുന്നതായി ശിവകുമാർ പറഞ്ഞു. കേരളത്തിൽ ജയ്ഹിന്ദ് ചാനലിൽ ഡി.കെ. ശിവകുമാറിന്റെ നിക്ഷേപം സംബന്ധിച്ച വിശാദാംശങ്ങൾ ചാനൽ അധികൃതരിൽനിന്ന് സിബിഐ സംഘം തേടിയതിനെ കുറിച്ചാണ് ശിവകുമാർ പ്രതികരിച്ചത്. സിബിഐ തന്റെ അറസ്റ്റ് ആഗ്രഹിക്കുന്നു. അവരത് ചെയ്യട്ടെ. ഞാനതിന് ഒരുങ്ങിയിരിക്കുകയാണ്- ശിവകുമാർ വ്യക്തമാക്കി.
ജയ്ഹിന്ദ് ചാനലിൽ തന്റെ നിക്ഷേപം സംബന്ധിച്ച മുഴുവൻ വിവരങ്ങളും സിബിഐയുടെ പക്കലുണ്ടായിട്ടും വീണ്ടും നോട്ടീസ് അയച്ചതിൽ അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു. 'എങ്ങനെയാണ് അവർ നോട്ടീസ് അയക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. ഏതെങ്കിലും രേഖയില്ലാത്തതല്ല പ്രശ്‌നം. എന്നെ അപമാനിക്കാൻ ചില വമ്പന്മാർ ശ്രമിക്കുന്നു. എനിക്ക് അതൊന്നുമറിയാഞ്ഞിട്ടല്ല. എന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ. ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. എന്റെ മക്കളെയും ഭാര്യയെയും ബന്ധുക്കളെയും അവർ ചോദ്യം ചെയ്യുന്നു. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്' -ശിവകുമാർ പറഞ്ഞു.
ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ബംഗളൂരു ഓഫിസിൽനിന്നാണ് ജയ്ഹിന്ദ് ചാനൽ മാനേജ്‌മെന്റിന് നോട്ടീസ് അയച്ചത്. ആവശ്യമായ രേഖകളുമായി ജനുവരി 11ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് ചാനൽ എം.ഡി ബി.എസ്. ഷിജുവിന് നൽകിയ നോട്ടീസിൽ പറയുന്നു.
സിആർപിസിയുടെ 91 ാം വകുപ്പ് പ്രകാരം, ഡികെയും ഭാര്യ ഉഷ ശിവകുമാറും ചാനലിൽ നടത്തിയ നിക്ഷേപങ്ങളും, അവർക്ക് നൽകിയ ലാഭവിഹിതവും, ഇടപാട് രേഖകളും, സാമ്പത്തിക ഇടപാട് രേഖകളും, ബാങ്ക് വിശദാംശങ്ങളും, ഓഹരി ഇടപാട് വിവരങ്ങളും അടക്കം സിബിഐക്ക് ചാനൽ കൈമാറണം. സിആർപിസിയുടെ 91 ാം വകുപ്പ് പ്രകാരം കേസിൽ ആവശ്യമായ രേഖകൾ വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ശിവകുമാറിന്റെ മകനും മറ്റ് കുടുംബാംഗങ്ങളും ചാനലിൽ നടത്തിയ നിക്ഷേപങ്ങളും സിബിഐ ആവശ്യപ്പെട്ടിരുന്നു.
സിബിഐ നോട്ടീസ് കിട്ടിയതായി സ്ഥിരീകരിച്ച ജയ്ഹിന്ദ് എംഡി ബി എസ് ഷിജു ഏജൻസി ആവശ്യപ്പെട്ട എല്ലാ രേഖകളും റെക്കോഡുകളും കൈമാറുമെന്നും വ്യക്തമാക്കുകയുണ്ടായി. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരം വ്യക്തമാക്കുന്നതാണ് സിബിഐയുടെ നോട്ടീസെന്ന് അദ്ദേഹം പ്രതികരിച്ചു. ക്രമക്കേടുകൾ ഒന്നും കണ്ടെത്താനാവാതെ, കർണാടകയിലെ മുൻ ബിജെപി സർക്കാർ അന്വേഷിച്ച് അവസാനിപ്പിച്ച കേസാണിത്. വീണ്ടും കേസ് കുത്തിപ്പൊക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെയും, നേതാക്കളെയും പീഡിപ്പിക്കാനും താറടിക്കാനുമാണെന്നും ഷിജു വ്യക്തമാക്കി.
ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സിബിഐക്ക് കൈമാറിയ ബിജെപി സർക്കാറിന്റെ നടപടി സിദ്ധരാമയ്യ സർക്കാർ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ബിജെപി സർക്കാറിന്റെ നടപടി നിയമപ്രകാരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്ന ഇത്. വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് കർണാടകയിൽ 577 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിവകുമാറിന്റേതല്ലാതെ മറ്റൊരു കേസുപോലും സിബിഐക്ക് വിട്ടിട്ടില്ല.
കോൺഗ്രസ് എംഎൽഎ ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ സമാന കേസ് നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ കേസ് ബിജെപി സർക്കാർ ലോകായുക്തക്ക് വിടുകയാണുണ്ടായത്. ഡി.കെ. ശിവകുമാറിനെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത കേസ് 2019 സെപ്റ്റംബർ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ സിബിഐക്ക് കെമാറുകയായിരുന്നു. 2020 ഒക്ടോബർ മൂന്നിന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ആദായ നികുതി വകുപ്പും ശിവകുമാറിനെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയിരുന്നു.
കർണാടകയിലെ ഉജ്ജ്വല വിജയത്തോടെ തെന്നിന്ത്യയിലെ താരമായ ഡി കെ ശിവകുമാറിനെ വീഴ്‌ത്താനുള്ള തന്ത്രങ്ങൾ ബിജെപിയും ആലോചിച്ചു വരികയാണ്. ഇതിനിടെയാണ് സിബിഐ നോട്ടീസും എത്തിയത്.
മറുനാടന് ഡെസ്ക്