ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. കോൺഗ്രസ് നേതാവിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലാണ് നോട്ടീസ്.

സിബിഐയുടെ ബെംഗളൂരു യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജനുവരി 11 ന് മുമ്പായി നേരിട്ട് ഹാജരായി ആവശ്യമായ രേഖകൾ കൈമാറണമെന്നാണ് ജയ്ഹിന്ദ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിആർപിസിയുടെ 91 ാം വകുപ്പ് പ്രകാരം, ഡികെയും ഭാര്യ ഉഷ ശിവകുമാറും ചാനലിൽ നടത്തിയ നിക്ഷേപങ്ങളും, അവർക്ക് നൽകിയ ലാഭവിഹിതവും, ഇടപാട് രേഖകളും, സാമ്പത്തിക ഇടപാട് രേഖകളും, ബാങ്ക് വിശദാംശങ്ങളും, ഓഹരി ഇടപാട് വിവരങ്ങളും അടക്കം സിബിഐക്ക് ചാനൽ കൈമാറണം.

സിആർപിസിയുടെ 91 ാം വകുപ്പ് പ്രകാരം കേസിൽ ആവശ്യമായ രേഖകൾ വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ശിവകുമാറിന്റെ മകനും മറ്റ് കുടുംബാംഗങ്ങളും ചാനലിൽ നടത്തിയ നിക്ഷേപങ്ങളും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ നോട്ടീസ് കിട്ടിയതായി ജയ്ഹിന്ദ് എംഡി ബി എസ് ഷിജു പിടിഐയോട് സ്ഥിരീകരിച്ചു. ഏജൻസി ആവശ്യപ്പെട്ട എല്ലാ രേഖകളും റെക്കോഡുകളും കൈമാറും. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരം വ്യക്തമാക്കുന്നതാണ് സിബിഐയുടെ നോട്ടീസെന്ന് അദ്ദേഹം പ്രതികരിച്ചു. ക്രമക്കേടുകൾ ഒന്നും കണ്ടെത്താനാവാതെ, കർണാടകയിലെ മുൻ ബിജെപി സർക്കാർ അന്വേഷിച്ച് അവസാനിപ്പിച്ച കേസാണിത്. വീണ്ടും കേസ് കുത്തിപ്പൊക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെയും, നേതാക്കളെയും പീഡിപ്പിക്കാനും താറടിക്കാനുമാണെന്നും ഷിജു വാർത്താ ഏജൻസിയോട് പറഞ്ഞു.

2020 ലാണ് സിബിഐ ശിവകുമാറിന് എതിരെ കേസെടുത്തത്. മുൻ ബിജെപി സർക്കാരാണ് അനധികൃത സ്വത്ത് സമ്പാദനകേസ് സിബിഐയ്ക്ക് കൈമാറിയത്. 2013 ഏപ്രിൽ 1 മുതൽ 2018 ഏപ്രിൽ 30വരെ ശിവകുമാറും കുടുംബാംഗങ്ങളും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2017ൽ നടന്ന റെയ്ഡിനെ തുടർന്ന് ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണത്തിന്റെ തുടർച്ചയായിട്ടായിരുന്നു സിബിഐ കേസ്.