- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതിവനങ്ങളും പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യവും ഉദ്യാനങ്ങളും കാരക്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകളും; പരേതാത്മാക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഒരുപോലെ ശാന്തത ലഭിക്കുന്നയിടം! ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം കോഴിക്കോട്ട് എത്തുമ്പോൾ
കോഴിക്കോട്: മലയാളിക്ക് ഇന്നും അന്ത്യനിദ്രയെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ നിറയുന്നത് ചുടുകാടാണ്. ആ വാക്കിൽതന്നെ വല്ലാത്തൊരു ഭീതിയുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയുമെല്ലാം അത്യാധുനിക ശ്മശാനങ്ങൾ കാണുമ്പോൾ അത്തരത്തിലൊന്നു നമുക്കും ഉണ്ടായാലെന്തെന്ന് മലയാളിക്കും തോന്നാറുണ്ട്. അതിനോട് എല്ലാ അർഥത്തിലും നീതിപുലർത്തുന്ന ഒരു ശ്മശാനമാണ് കോഴിക്കോട്ട് ഒരുങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനത്തിന്റെ നിർമ്മാണ ജോലികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അടുത്ത മാസം 31ന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നമ്മുടെ ഇതുവരെയുള്ള പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളെയെല്ലാം ഇതോടെ മാറ്റേണ്ടിവരുമെന്നാണ് നിർമ്മാണത്തിന് ചുക്കാൻപിടിക്കുന്നവർ വ്യക്തമാക്കുന്നത്. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിലാണ് 2.6 ഏക്കർ സ്ഥലത്ത് പ്രശാന്തി ഗാർഡൻ എന്ന പേരിൽ സർക്കാരിന് കീഴിൽ മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.90 കോടി രൂപ ചെലവഴിച്ച് ശ്മശാനം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
പരേതാത്മാക്കൾക്കും ബന്ധുക്കൾക്കുമെല്ലാം ഒരുപോലെ ശാന്തത ലഭിക്കുന്നയിടമെന്ന സങ്കൽപത്തിലാണ് സച്ചിൻദേവ് എം എൽ എയുടെ നേതൃത്വത്തിൽ ഇത്തരം ഒരു പുത്തൻ ആശയത്തിന് വിത്തുപാകിയതും സാക്ഷാത്കാരത്തിലേക്കു എത്തിക്കൊണ്ടിരിക്കുന്നതും. ഫർണസ്, ചിമ്മിനി എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത്. വൈദ്യുതി, വെള്ളം, ലാൻഡ്സ്കേപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും 31ന് അകം പൂർത്തീകരിക്കും. സച്ചിൻ ദേവ് എംഎൽഎ യുടെ അധ്യക്ഷതയിൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. മറ്റ് ശ്മശാനങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം ഒരുങ്ങുന്നത്.
സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. ഉദ്യാനം, ഇടവഴികൾ, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയായാൽ ബാലുശ്ശേരി മണ്ഡലത്തിലെ കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂർ, പനങ്ങാട്, ബാലുശേരി, ഉള്ള്യേരി, നടുവണ്ണൂർ, അത്തോളി, ഉണ്ണികുളം പഞ്ചായത്തുകൾക്കു ഇത് പ്രയോജനപ്പെടും. ഒരേസമയം രണ്ടു മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഒരുക്കുന്നത്.
മരണാനന്തരച്ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. 2018 ഡിസംബർ 27ന് മന്ത്രി എ സി മൊയ്തീനായിരുന്നു നിർമ്മാണത്തിന് തറക്കല്ലിട്ടത്. കോവിഡ് കാരണമാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കാലതാമാസം നേരിട്ടത്. ആവശ്യമായിവന്നാൽ ഇലക്ട്രിക്കൽ ക്രിമറ്റോറിയവും സജ്ജീകരിക്കാൻ കഴിയുമെന്നതും ഇതിനെ വേറിട്ടതാക്കുന്നു.
കേരളത്തിൽ വീടുകളുടെ സങ്കൽപങ്ങളിൽ ഉണ്ടായപോലുള്ള മാറ്റത്തിനാവും പുതിയ ശ്മശാന സങ്കൽപവും തുടക്കമിടുക. ഇത്തരം ഒരു മാതൃക കേരളത്തിന് മൊത്തം അനുഗ്രഹമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ തീരുമാനം വരേണ്ടതുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്