- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രശ്മിക മന്ദാനയിൽ തുടങ്ങി സാറാ ടെണ്ടുൽക്കർ വരെ ഡീപ് ഫേക്കിന്റെ ഇരകൾ; എഐ സാങ്കേതിക വിദ്യാ ഇന്ത്യയിൽ വ്യാപകമായി ദുരുപയോഗിക്കാൻ സാധ്യത; ഡീപ് ഫേക്കിന് പൂട്ടിടാൻ നിയമ നടപടികളുമായി കേന്ദ്രം; വ്യാജ ഫോട്ടോ നിർമ്മിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്ന വിധത്തിൽ നിയമം വരും
ന്യൂഡൽഹി: സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിൽ വൻ ഗവേഷണം തന്നെ നടക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല. അത്തരത്തിലാണ് സാങ്കേതിക വിദ്യകളുടെ ദുരുപയോഗം രാജ്യത്തു നടക്കുന്നത്. എഐ സാങ്കേതിക വിദ്യ കൂടുതൽ ശക്തമാകുമ്പോൾ ഇന്ത്യയിൽ അത് ദുരുപയോഗിക്കാൻ സാധ്യതകൾ വളരെ കൂടുതലാണ്. ഇതിന്റെ സൂചന പുറത്തുവന്നത് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക വീഡിയോ പുറത്തുവന്നതോടെയാണ്. രശ്മികയുടെ വീഡിയോക്കെതിരെ ബോളിവുഡ് സിനിമാ ലോകവും ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തിറങ്ങുകയുണ്ടായി.
ഇതിന് പിന്നാലെ കത്രീന കൈഫും കജോളും സാറാ ടെണ്ടുൽക്കറും വരെ ഡീപ് ഫേക്കിന്റെ ഇരകളായി. ഇതോടെ ശക്തമായ നിയമ നിർമ്മാണ ആവശ്യവും ഉയരുകയുണ്ടായി. ഡീപ്ഫേക്ക് കേസുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ നിയമത്തിന് രൂപം നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നവർക്ക് കനത്തപിഴ ചുമത്തുന്ന തരത്തിൽ ശക്തമായ നിയമം കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.
ചലച്ചിത്ര നടിമാർ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഇതിനോടകം ഡീപ്ഫേക്കിന് ഇരയായത്. വർധിച്ചുവരുന്ന ഈ ഭീഷണി നേരിടുന്നതിന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. യോഗത്തിലാണ് ഡീപ്ഫേക്ക് വീഡീയോയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ ധാരണയായത് എന്നാണ് റിപ്പോർട്ടുകൾ.
ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നു. അത്തരം ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം അത് സൃഷ്ടിക്കുന്നവർക്കും അവ പോസ്റ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾക്കുമായിരിക്കും. അവർ വലിയ പിഴയടക്കേണ്ടി വരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. ഡീപ്‌ഫേക്ക് എങ്ങനെ കണ്ടെത്താം, ഡീപ്‌ഫേക്കുകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയും, അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
ഏതെങ്കിലും ആപ്പിലെയോ വെബ്സൈറ്റിലെയോ ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിനെയും അധികാരികളെയും ഡീപ്‌ഫേക്കിനെക്കുറിച്ച് അറിയിക്കാൻ കഴിയും. അങ്ങനെ നടപടിയെടുക്കാം. പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുകയും അതിനായി സർക്കാരും വ്യവസായവും മാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ഇത്തരം ഉള്ളടക്കത്തിന് പുതിയ നിയന്ത്രണം ആവശ്യമാണെന്ന് ചർച്ചകളിൽ നിന്ന് വ്യക്തമായി. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കാൻ ശ്രമിക്കുമെന്നും വൈഷ്ണവ് പറഞ്ഞു.
രാജ്യത്ത് ഡീഫ്ഫേക്ക് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ നവംബർ 18ന് കേന്ദ്രമന്ത്രി വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഉടൻ തന്നെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച് കൊണ്ടായിരുന്നു നോട്ടീസ്. ഡീപ്ഫേക്ക് വീഡിയോയ്ക്ക് പിന്നിലുള്ളവർ ആരാണെന്ന് തിരിച്ചറിയണമെന്നും ഡീപ്ഫേക്ക് ഉള്ളടക്കം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു നിർദ്ദേശം. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചത്.
നേരത്തെ തന്റെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ സാറ ടെൻഡുൽക്കറും രംഗത്തുവന്നിരുന്നു. എക്‌സിൽ ഫേക്ക് അകൗണ്ടുകൾ ക്രിയേറ്റ് ചെയ്താണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിൽ പലതും വെരിഫൈഡ് ബ്ലൂടിക്കോടുകൂടിയതാണ്. പണം കൊടുത്ത് ബ്ലൂ ടിക് വാങ്ങിയാണ് വ്യാജ അകൗണ്ടുകൾ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ദിവസവും പോസ്റ്റ് ചെയ്യുന്നതെന്നും സാറ പറഞ്ഞു.
സോഷ്യൽ മീഡികളിൽ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് തനിക്ക് അക്കൗണ്ട് ഉള്ളതെന്നും മറ്റെല്ലാം വ്യാജമാണെന്നും സാറ പറയുന്നു. 'സോഷ്യൽ മീഡിയയെന്നത് സന്തോഷവും സങ്കടവും നിത്യജീവിതത്തിലെ കാര്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നൊരു മനോഹരമായ ഇടമാണ്. എന്നാൽ, സാങ്കേതികത വിദ്യയെ ദുരുപയോഗം ചെയ്ത്, ഇന്റർനെറ്റ് വഴി യാഥാർഥ്യത്തേയും സത്യത്തേയും ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി ഡീപ്പ് ഫേക്ക് ചിത്രങ്ങൾ കാണാനിടയായി'-സാറ കുറിച്ചു.
'സാറ ടെൻഡുൽക്കർ എന്ന പേരിലുള്ള വ്യാജ എക്‌സ് അക്കൗണ്ടിലൂടെ ഞാനെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എനിക്ക് എക്‌സിൽ അക്കൗണ്ട് ഇല്ല. ഇക്കാര്യം എക്‌സ് അധികൃതർ ശ്രദ്ധിക്കുമെന്നും പേജ് സസ്‌പെൻഡ് ചെയ്യുമെന്നും കരുതുന്നു. വ്യാജ വാർത്തകളെ വിനോദോപാധികളെന്ന തരത്തിൽ പ്രോത്സാഹിപ്പിക്കരുത്. യാഥാർത്ഥ്യത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം'-സാറ കുറിച്ചു. സാറയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെനാളായുള്ളതാണ്. എന്നാൽ ഇരുവരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും വ്യാജ ചിത്രങ്ങളാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്.