- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസ് മുറിയിൽ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തി അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; സസ്പെൻഷനിലായ കേന്ദ്ര സർവകലാശാല അദ്ധ്യാപകനെ തിരിച്ചെടുത്തു; നന്നായി പെരുമാറാൻ ഉപദേശം നൽകി കൊണ്ട് തിരിച്ചെടുക്കൽ
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികളെ ലൈംഗികാതിക്രമം നടത്തിയെന്ന് ആക്ഷേപം ഉയർന്ന അദ്ധ്യാപകനെ തിരിച്ചെടുത്തു. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് സസ്പെൻഷന് ഒടുവിൽ തിരിച്ചെടുത്തത്. ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) അന്വേഷിച്ചശേഷം അദ്ധ്യാപകനോട് നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ടാണ് നടപടി.
പരാതി നൽകിയ 34 വിദ്യാർത്ഥിനികൾ അന്വേഷണ സമയത്ത് നൽകിയ മൊഴികളിൽ നേരിയ വ്യത്യാസമുണ്ടെന്ന് ഐ.സി.സി റിപ്പോർട്ടിൽ പറയുന്നു. ക്ലാസ് മുറിയിൽ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തിയ ഇഫ്തികർ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എന്നാൽ, പല വിദ്യാർത്ഥികളും ഈ ആക്ഷേപം ഉന്നയിച്ചില്ല. നേരത്തെ പരാതി നല്കിയപ്പോൾ 34 വിദ്യാർത്ഥികൾ സംയുക്തമായി പരാതി നൽകിയിരുന്നു.
അതിനുശേഷം രണ്ട് വിദ്യാർത്ഥികൾ അന്വേഷണം നടക്കുന്നതിനിടെയും പരാതി നൽകി. 19 വിദ്യാർത്ഥികൾ ഐ.സി.സി അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ജനുവരി അഞ്ചിന് നൽകിയ പരാതി ജനുവരി 16നാണ് വി സി പരാതി സെല്ലിന് കൈമാറുന്നത്.
16 സിറ്റിങ്ങാണ് ഐ.സി.സി നടത്തിയത്. ഒടുവിൽ കുറ്റാരോപിതനായ അദ്ധ്യാപകനെ ഗുണദോഷിച്ച് വിടുകയായിരുന്നു. ഡോ. കെ.എ. ജർമിന നേതൃത്വം നൽകുന്ന 11 അംഗ കമ്മിറ്റിയാണ് ഐ.സി.സി. ഇവർ നൽകിയ റിപ്പോർട്ടിൽ വിദ്യാർത്ഥികൾ നൽകിയ മൊഴികളും പരാതികളും ചേർത്തുവെച്ച് നിഗമനത്തിലെത്താനാവുന്നില്ലെന്ന വിചിത്ര നിരീക്ഷണമാണ് നടത്തിയത്. അദ്ധ്യാപകന് ഒന്നാംവർഷ ക്ലാസുകൾ നൽകേണ്ടതില്ലെന്നാണ് മറ്റൊരു നിർദ്ദേശം.
വകുപ്പുതല അന്വേഷണമാവാം എന്നും പറയുന്നു. നല്ല പൊതുസമ്പർക്ക പ്രവർത്തകനാണെന്ന് ശ്ലാഘിക്കുന്ന റിപ്പോർട്ടിൽ മേലിൽ മര്യാദവിട്ട് പെരുമാറരുതെന്ന ഗുണദോഷവും നൽകിയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. അദ്ധ്യാപകനെ തിരിച്ചെടുത്തതിൽ വിദ്യാർത്ഥികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ലൈംഗികാതിക്രമ കേസിൽ അദ്ധ്യാപകനെതിരെ ബേക്കൽ പൊലീസിൽ പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ