- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ യുവാക്കൾ റഷ്യൻ യുദ്ധത്തിൽ കുടുങ്ങിയെന്ന് സ്ഥീരികരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിന് ഇരയായി ഒരു സംഘം ഇന്ത്യൻ യുവാക്കൾ റഷ്യയിലെ സ്വകാര്യസേനയുടെ ഭാഗമായി യുദ്ധത്തിൽ കുടുങ്ങിയെന്ന വാർത്ത വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരുടെ മോചനത്തിനായി ഇടപെട്ടെന്നും, റഷ്യൻ വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
' റഷ്യൻ സൈന്യവുമായി ഏതാനും ഇന്ത്യൻ യുവാക്കൾ ജോലിക്കായി കരാർ ഒപ്പുവച്ചിട്ടുണ്ടെന്ന വിവരം കിട്ടി. ഇവരെ എത്രയും വേഗം നാട്ടിലേക്ക് വിട്ടയയ്ക്കുന്നതിന് റഷ്യൻ അധികൃതരുമായി ഇന്ത്യൻ ഏംബസി സംസാരിച്ചുവരികയാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും, റഷ്യയിലെ സംഘർഷത്തിൽ നിന്ന് അകലം പാലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു', വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ യുവാക്കൾ വാഗ്്‌നർ സേനയുടെ കുരുക്കിൽ പെട്ടതായി വാർത്ത വന്നത്.
സംഭവം ഇങ്ങനെ
യുക്രെയിൻ അതിർത്തിയിൽ നിന്ന് നിസ്സഹായനായ 22 കാരൻ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു:' ഞങ്ങളെ രക്ഷിക്കണേ...ഞങ്ങൾ തൊഴിൽ തട്ടിപ്പിന് ഇരയായി'. ഇത് മൊഹമ്മദ് സുഫിയാന്റെ മാത്രം അനുഭവമല്ല. ഇതുപോലെ പല ഇന്ത്യാക്കാരും റഷ്യയുടെ സ്വകാര്യ സൈന്യത്തിൽ തൊഴിൽ തട്ടിപ്പിന് ഇരയായി കുടുങ്ങിയിരിക്കുകയാണ്.
ഇരകളായ യുവാക്കൾ വാഗ്‌നർ സൈന്യത്തിലാണ് എത്തിപ്പെട്ടിരിക്കുന്നതെന്ന് അവരുടെ കുടുംബങ്ങൾ സംശയിക്കുന്നു. ദുബായിൽ വച്ചാണ് റിക്രൂട്ടിങ് ഏജന്റുമാർ ഇവരെ കുരുക്കിയത്. നിലവിൽ കിട്ടുന്നതിനേക്കാൾ വലിയ തുകയായിരുന്നു ശമ്പള വാഗ്ദാനം. 2023 നവംബർ-ഡിസംബറിലായി ഇന്ത്യയിലേക്ക് മടങ്ങിയ യുവാക്കളിൽ നാലു പേരേ പിന്നീട് റഷ്യയിലേക്ക് അയച്ചു. ചെന്നൈയിൽ നിന്നാണ് ഇവർ വിമാനം കയറിയത്.
സുരക്ഷാ ജീവനക്കാർ, ഹെൽപ്പർമാർ എന്നീ തസ്തികകളിൽ ജോലി കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അവിടെ എത്തിയപ്പോഴാണ്, റഷ്യൻ സ്വകാര്യ സേനയിലേക്ക് തങ്ങളുടെ സമ്മതം കൂടാതെ റിക്രൂട്ട് ചെയ്തതെന്ന് മനസ്സിലായത്. അതിൽ ജമ്മുവിൽ നിന്നും അഹമ്മദാബാദിൽ നിന്നുമുള്ള രണ്ടുപേർ ഇന്ത്യയിലേക്ക് മടങ്ങി.
ഇപ്പോൾ റഷ്യയിൽ കുടുങ്ങി കിടക്കുന്നത് കർണാടകയിലെ കലബുർഗിയിൽ നിന്നുള്ള മൂന്നുയുവാക്കളും, തെലങ്കാനയിൽ നിന്നുള്ള ഒരാളുമാണ്. ഇവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള മറ്റ് 60 യുവാക്കളെയും സമാന രീതിയിൽ തൊഴിൽ തട്ടിപ്പിലൂടെ സ്വകാര്യ സേനയിൽ കുടുക്കിയെന്ന് പറയുന്നു.
റഷ്യൻ ഭാഷയിൽ എഴുതിയ കരാറുകളിലാണ് ഒപ്പുവപ്പിച്ചത്. യൂടുബ് വഴി വ്ളോഗർമാർ എന്ന വ്യാജേനയാണ് യുവാക്കളെ വല വീശി പിടിക്കുന്നത്. എങ്ങനെ റഷ്യയിലേക്ക് വരാം എന്ന പേരിൽ, സെക്യൂരിറ്റി-ഹെൽപ്പർ ജോലികൾക്കാണ് അവസരം. അതേസമയം, മറ്റൊരു വ്ളോഗർ ഈ തൊഴിൽ തട്ടിപ്പ് പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. 30,000 മുതൽ 40,000 രൂപവരെ ശമ്പളം വാങ്ങിയിരുന്ന യുവാക്കൾക്ക് രണ്ട് ലക്ഷം രൂപയാണ് റഷ്യയിലെ ജോലിക്ക് ദുബായിയിലെ ഏജന്റുമാർ വാഗ്ദാനംചെയ്തത്. ഇതിനായി ഓരോരുത്തരിൽനിന്നും മൂന്നര ലക്ഷം രൂപ വീതം ഏജന്റുമാർ കൈക്കലാക്കിയതായും യുവാക്കളിൽ ഒരാളുടെ ബന്ധു പറഞ്ഞു.
റഷ്യൻ സ്വകാര്യ സേനയിൽ ചേർന്ന പലരും, യുക്രെയിൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ്. വിസിറ്റർ വിസയിൽ കൊണ്ടുപോയ യുവാക്കളെയാണ് ചതിച്ച് വാഗ്‌നർ ആർമിയിൽ ചേർത്തത്. ഒരു റഷ്യൻ സൈനികന്റെ മൊബൈലിൽ നിന്നാണ് ഒരു യുവാവ് സഹായം അഭ്യർത്ഥിച്ച് സന്ദേശം അയച്ചത്. തങ്ങളെ കുടുക്കിയ യൂടൂബിലെ വ്ളോഗർമാരുടെ പേരും യുവാക്കൾ സന്ദേശത്തിൽ പറയുന്നുണ്ട്. നാല് പേരിൽ ഒരാളെ വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നും, അയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നും ഒരു യുവാവ് വീഡിയോയിൽ പറഞ്ഞു.
യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇടപെടണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഔവൈസി കേന്ദ്രി വിദേശ കാര്യ മന്ത്രാലയത്തോടും, മോസ്‌കോയിലെ ഇന്ത്യൻ ഏംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ യുവാക്കളെ പോലെ നേപ്പാളി യുവാക്കളെയും ഇതുപോലെ റഷ്യൻ സ്വകാര്യ സേനയിലേക്ക് റിക്രൂട്ട് ചെയ്തതായി ജനുവരിയിൽ വിവരം കിട്ടിയിരുന്നു. ചില നേപ്പാളി യുവാക്കൾ യുദ്ധത്തിൽ പങ്കെടുത്തുകൊല്ലപ്പെടുകയും ചെയ്തു.
വാഗ്‌നർ പട
അറപ്പില്ലാതെ കൊല്ലാനും, ബലാത്സംഗം ചെയ്യാനുമൊക്കെ കഴിയുന്ന ജയിൽപ്പുള്ളികളെ വെച്ച് ഒരു സ്വകാര്യ സേന. അതാണ് റഷ്യൻ പ്രസിഡന്റ് വാ്ളാദിമിർ പുടിന്റെ നേതൃത്വത്തിൽ വളർത്തിയെടുത്ത വാഗ്നർ ഗ്രൂപ്പ്. ഇപ്പോൾ അമ്പതിനായിരം പേർ ഉള്ള ഈ സേനയിലെ 80 ശതമാനവും ക്രൂരമായ കുറ്റ കൃത്യങ്ങൾ നടത്തിയ ക്രിമിനലുകളാണ്! അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നു
വെറുമൊരു ഗുണ്ടാ സംഘമല്ല ഇവർ. ആധുനിക ആയുധങ്ങളും റോക്കറ്റുകളും ടാങ്കുകളുമൊക്കെയുള്ള പട്ടാളമാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അവർ നാശം വിതച്ചു കഴിഞ്ഞു. പുടിനെ എതിർക്കുന്നവർ ലോകത്ത് എവിടെയായാലും കൊല്ലപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. കാലകയേപ്പടപോലെ കടന്നുപോകുന്നിടമെല്ലാം നക്കിത്തുടച്ച് പോകുന്ന വാഗ്നർ സൈന്യം, ഇപ്പോൾ യുക്രൈയിൽ റഷ്യക്കുവേണ്ടി പോരടിക്കയാണ്. കൊള്ളയും, കൊലയും, ബലാത്സംഗവും നടത്തി അവർ യുദ്ധം ആഘോഷിക്കുന്നു!
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ബിനാമി സേനയാണ് ഇതെന്ന് പരസ്യമായ രഹസ്യമാണ്. പുടിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗൻസി പ്രിഗോസിൻ 2014-ലാണ് വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ആഗോളതലത്തിൽ വ്യാപാരബന്ധങ്ങളും ആയുധക്കച്ചവടവുമുള്ള സംഘടനയാണ് വാഗ്നർ.