കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനുള്ള ആൾത്തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. ദിവസം ചെല്ലുംതോറം ഒരു തീർത്ഥാടന കേന്ദ്രമെന്നത് പോലെയാണ് അദ്ദേഹത്തിന്റെ കല്ലറയിൽ ആളുകൾ എത്തുന്നത്. പുതുപ്പള്ളി ഓർത്തഡോക്‌സ് പള്ളിയുടെ ചരിത്രത്തിലും ഇത് അപൂർവ്വ സംഭവമാണ്. സഭയുടെ പിതാക്കന്മാരെ അടക്കിയ ഭാഗത്താണ് ഉമ്മൻ ചാണ്ടിയെ അടക്കിയിരിക്കുന്നത്. എന്നിട്ടും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് ആൾത്തിരക്ക്.

വാഴ്‌ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുള്ള പ്രാർത്ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവർത്തിക്കുകയാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ. ഇതെല്ലാം പതിവായതോടെ ചില കോണുകളിൽ നിന്നു വിമർശനങ്ങലും ഉയർന്നികുന്നു. ഉമ്മൻ ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.

അതേസമയം ഇത്തരം വിമർശനങ്ങളെ തള്ളുകയാണ് അദ്ദേഹത്തിന്റെ കുടുംബം. കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥന വിമർശനങ്ങളെ തള്ളിയ ചാണ്ടി ഉമ്മൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വിമർശനങ്ങളെ അവഗണിക്കാനാണ് ഓർത്തഡോക്‌സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഓർത്തഡോക്‌സ് സഭ പ്രതികരിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ആളുകൾ പ്രാർത്ഥിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. കുടുംബം ഇടപെട്ട് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാർത്ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. എന്നാൽ ആരുടെയും വിശ്വാസത്തെ എതിർക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനുള്ള സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി പന്തലിനു മുകളിലേക്ക് പടർന്ന സംഭവവും വാർത്തയായിരുന്നു. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാനുള്ള അളുകളുടെ ശ്രമത്തിനിടയിലാണ് തീ കത്തിയത്. മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീണ്ടും തീ ആളിപ്പടരുകയാണുണ്ടായത്. ഫയർ എക്സ്റ്റിീക്യൂഷർ ഉപയോഗിച്ച് തീ അണച്ചെങ്കിലും പന്തലിനു മുകളിലെ കുറച്ചുഭാഗം കത്തി നശിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി ദിവസേന നിരവധിയാളുകളാണ് എത്തുന്നത്. ഇപ്പോഴിതാ കബറിടത്തിലേക്ക് തീർത്ഥാടന യാത്രാ പാക്കേജുമായി ട്രാവൽ ഏജൻസികളും എത്തിയിരിക്കുകയാണ്. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസാണ് പതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയവരുടെ എണ്ണം കണ്ട് അതിശയിച്ചുപോയി. ഞങ്ങളും അവിടെയിറങ്ങി. അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് കല്ലറ സന്ദർശിക്കാൻ സാധിച്ചത്.പള്ളിയങ്കണത്തിൽ അനുഭവപ്പെട്ട ആത്മീയ അന്തരീക്ഷവും ശാന്തതയും അന്നത്തെ യാത്രയിൽ ഉണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു. പല മതങ്ങളിലും രാഷ്ട്രീയപാർട്ടികളിലും വിശ്വസിക്കുന്നവർ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു. അവർക്കെല്ലാം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്തതാണെന്നാണ് വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ എസ്. പ്രശാന്തൻ പറയുന്നത്.