- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'കാതൽ' ക്രൈസ്തവ സഭയെ അപമാനിക്കുന്ന സിനിമ; സ്വവർഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി? വേറെ മതപശ്ചാത്തലം ആയിരുന്നെങ്കിൽ തിയേറ്റർ കാണില്ലായിരുന്നു':ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ

കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'കാതൽ ദ കോർ' സിനിമയ്ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാൻ മാർ തോമസ് തറയിൽ. സിനിമ സഭയെ അപമാനിക്കുന്നതാണെന്നും കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നടന്ന നസ്രാണി യുവശക്തി സംഗമത്തിൽ അദ്ദേഹം വിമർശിച്ചു.
'സഭയെ അപമാനിക്കുന്ന ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമ്മാതാക്കളെ ലഭിക്കുന്നു. സ്വവർഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയിൽ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും' അദ്ദേഹം ചോദിച്ചു. കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങൾ ആയതിലും വിമർശനം ഉന്നയിച്ചു.
'ഈ കഴിഞ്ഞ നാളിൽ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ്. ഒറ്റ കാര്യമേ ഉള്ളൂ. നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല', മാർ തോമസ് തറയിൽ പറഞ്ഞു.
സഭയെ ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എക്കാലവും വിദ്യാഭ്യാസ കച്ചവടക്കാരായി ചിത്രീകരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ' നവംബർ 23നാണ് റിലീസ് ചെയ്തത്.
ജിയോ ബേബിയുടെ ധാർമ്മികമൂല്യങ്ങൾ ചോദ്യംചെയ്ത് അടുത്തിടെ ഫാറൂഖ് കോളേജിലെ പരിപാടിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംവിധായകൻ രംഗത്തെത്തുകയും ചെയ്തു.
'കാതൽ' സിനിമയ്‌ക്കെതിരെ കെസിബിസി ജാഗ്രത കമ്മിഷനും രംഗത്തെത്തിയിരുന്നു. സ്വവർഗ പ്രണയത്തിന്റെ പ്രചാരണത്തിന് ക്രൈസ്തവ പശ്ചാത്തലം ഉപയോഗിച്ചതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും സിനിമ ക്രൈസ്തവ വിരുദ്ധമാണെന്നും ജാഗ്രത കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ വാർത്താക്കുറിപ്പിൽ ആരോപിച്ചിരുന്നു. സ്വവർഗ്ഗ ലൈംഗികതയെ തള്ളിപ്പറയുന്ന കത്തോലിക്കാ സമൂഹത്തിലെ ഒരു കുടുംബത്തെ തന്നെ കഥാപാത്രങ്ങളായി നിശ്ചയിച്ചു എന്നുള്ളത് ഇക്കാര്യത്തിൽ സഭയുടെ നിലപാട് ശരിയല്ല എന്ന് പരോക്ഷമായി സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് കമ്മീഷൻ പറയുന്നു.
ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന 'പുരോഗമനപരമായ' ആശയത്തെ ബന്ധപ്പെടുത്തിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ വെറുപ്പോടെ കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും 'മഹത്വ'വുമാണ് അടിസ്ഥാന ആശയം.
ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നത് യാദൃശ്ചികമായിരിക്കാനിടയില്ലെന്നും അദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.


