- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല; മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്; മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം': പരാതി പിൻവലിക്കാൻ ആലോചിക്കുന്നു എന്ന് അവതാരക
കൊച്ചി: ചട്ടമ്പി സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ, തന്നെ അസഭ്യം പറഞ്ഞ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് അവതാരക. ശ്രീനാഥ് ഭാസിക്ക് മാപ്പ് നൽകുന്നുവെന്ന് അവതാരക വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടാണ് പരാതിക്കാരിയുടെ പ്രതികരണം.
ശ്രീനാഥ് ഭാസിയെ നേരിൽ കണ്ട് സംസാരിച്ചെന്നും നടൻ തെറ്റുകൾ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞു.' ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടൻ സമ്മതിച്ചു. ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,' പരാതിക്കാരി പ്രതികരിച്ചു.
അവതാരക പറഞ്ഞത് ഇങ്ങനെ:
'ശ്രീനാഥ് ഭാസിയെ കണ്ടു, സംസാരിച്ചു. അദ്ദേഹം എന്റെ കാല് പിടിച്ച് മാപ്പു പറയുന്ന അവസ്ഥയായിരുന്നു. ചെയ്തുപോയ തെറ്റുകളെല്ലാം, പറഞ്ഞ തെറികളൊക്കെ...ചാനൽ ഇന്റർവ്യൂവിൽ ശ്രീനാഥ് ഭാസി പറഞ്ഞത് 'അവരെ അങ്ങനെ തെറിയൊന്നും വിളിച്ചിട്ടില്ല' എന്നാണ്. പക്ഷെ, ഇന്ന് നിർമ്മാതാക്കളുടെ സംഘടന എന്റെ പരാതി വായിച്ചു. അതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും, ഇതെല്ലാം ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഇതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് ഒരു കലാകാരൻ കാലുപിടിച്ച് മാപ്പ് പറയുമ്പോൾ മാപ്പ് കൊടുക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ട്. കാരണം എനിക്ക് അയാളുടെ കുടുംബത്തെയോ കരിയറിനെയോ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത്. നമ്മളേക്കാൾ താഴ്ന്ന നിലയിലുള്ള ഒരാളാണ് എന്നുള്ളതുകൊണ്ട് എന്തും പറയാം. എങ്ങനേയും പ്രവർത്തിക്കാം. ഇവിടെയാരും പ്രതികരിക്കില്ല എന്ന ചിന്താഗതി സമൂഹത്തിന്റെ ഉയർന്ന തട്ടിലുള്ളവർക്കോ മറ്റാർക്കോ ഉണ്ടാകരുത് എന്നായിരുന്നു എന്റെ ആവശ്യം.'
അതേസമയം, അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ നിർമ്മാതാക്കളുടെ തീരുമാനം. കേസിൽ ഒരു രീതിയിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരിൽ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിളിച്ച് ചർച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയിൽ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവർത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിർമ്മാതാക്കൾ അറിയിച്ചു.
എന്നാൽ സിനിമയിൽ മാതൃക കാട്ടേണ്ടവരിൽ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാൽ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാൽ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. നിലവിൽ ചില സിനിമകളുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാവാനുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങും പൂർത്തിയാവാനുണ്ട്. ഇതെല്ലാം പൂർത്തിയായ ശേഷം കുറച്ചുനാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താനാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. എത്ര കാലത്തേയ്ക്ക് എന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും. തെറ്റ് തിരുത്തി നേരെയാവുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.
നടൻ ഒരു സിനിമയ്ക്കായി കരാറിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാമെന്നും നടൻ സമ്മതിച്ചിട്ടുണ്ട് എന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. പൊലീസിന് ലൊക്കേഷനിൽ അടക്കം പരിശോധന നടത്താമെന്നും നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവ ശേഖരിച്ചു. അഭിമുഖം നടന്ന സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.എന്നാൽ അഭിമുഖം നടന്ന സമയം ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നു എന്ന പരാതി അവതാരകയിൽ നിന്നും ഉണ്ടായിട്ടില്ല.
'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.സംഭവത്തിൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി ശ്രീനാഥിനെ പൊലീസ് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ