- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കായികമായി നേരിടാൻ ഇർഫാൻ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തം; എഡിസി ലഫ്റ്റനന്റ് തടയുകയായിരുന്നു; തുടർന്ന് എഡിസിയുടെ ഷർട്ട് വലിച്ചു കീറുകയും ഇടതുവശത്തു നിന്നു തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഗവർണ്ണർ; പ്ലക്കാർഡുമായി ആളെത്തിയതും സുരക്ഷാ വീഴ്ച; 2019 ഡിസംബറിൽ ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്
കണ്ണൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായിരുന്നു കണ്ണൂരിൽ അന്ന് കണ്ടത്. 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബില്ലിനെ അനുകൂലിച്ചതിന്റെ പേരിലാണ് പ്രതിഷേധം നേരിടേണ്ടി വന്നത്. വലിയ സുരക്ഷാ വീഴ്ചയായി ഇത് ചിത്രീകരിക്കപ്പെട്ടു. എന്നാൽ പൊലീസ് ചെറിയ കേസു പോലും എടുത്തില്ല. ആരേയും അറസ്റ്റു ചെയ്തുമില്ല. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
ഗവർണറെ കരിങ്കൊടി കാട്ടാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. കർശന പരിശോധനയോടെയാണു സദസ്സിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. അന്ന് എംപിയായിരുന്ന കെകെ.രാഗേഷ് പൗരത്വഭേദഗതി ബിൽ സംബന്ധിച്ച് ഗവർണറെ പരോക്ഷമായും കേന്ദ്രസർക്കാരിനെ നേരിട്ടും വിമർശിച്ചാണു പ്രസംഗിച്ചത്. ചരിത്രകാരൻ ഇർഫാൻ ഹബീബും കേന്ദ്രസർക്കാരിനെ വിമർശിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നവരെ ജാമ്യമില്ലാ കേസിൽ കുടുക്കുന്ന കേരളത്തിൽ ഗവർണ്ണർക്കെതിരായ പ്രതിഷേധം പൊലീസ് കണ്ടില്ലെന്ന് നടിച്ചു. ഈ ദൃശ്യങ്ങൾ വിളിച്ചു വരുത്തി രാജ് ഭവൻ പരിശോധിച്ചിരുന്നു. എന്നാൽ അന്ന് പരമാവധി സംയമനം പാലിച്ചു.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ ഗവർണർ ചില കാര്യങ്ങൾ ആമുഖമായി പറയാനുണ്ടെന്നു സൂചിപ്പിച്ചാണു പ്രസംഗം തുടങ്ങിയത്. തന്റെ നിലപാടിനെ ന്യായീകരിച്ച് അദ്ദേഹം പ്രസംഗം തുടരുന്നതിനിടെ, മുൻനിരയിലെ ചില പ്രതിനിധികൾ പ്രതിഷേധ പ്ലക്കാർഡുമായി എണീറ്റുനിന്നു. പൊലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ, കൂടുതൽ പേർ എണീറ്റു നിന്നു മുദ്രാവാക്യം വിളിച്ചു. ഇതു പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നും ഗവർണർ നുണ പറയുന്നുവെന്നും അവർ വിളിച്ചുപറഞ്ഞു. ഗവർണ്ണറുടെ പരിപാടിയിൽ പ്ലക്കാർഡുമായി ആളുകൾ എത്തിയത് പോലും തടയേണ്ടതായിരുന്നു. ഇതൊന്നും പൊലീസ് അന്ന് ചെയ്തില്ല.
വേദിയിലുണ്ടായിരുന്ന ഇർഫാൻ ഹബീബ്, 'ഇത്തരത്തിലാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഗാന്ധിജിയെയല്ല, ഗോഡ്സെയെ ഉദ്ധരിക്കൂ' എന്നാവശ്യപ്പെട്ട് ഗവർണറുടെ അടുത്തെത്തി. ഇരുവരും തമ്മിൽ തർക്കിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇർഫാൻ ഹബീബിനെ ഏറെ പണിപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. 'പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെങ്കിൽ, പ്രസംഗിക്കാൻ എനിക്കും അവകാശമുണ്ട്' എന്നു ഗവർണർ വിളിച്ചുപറഞ്ഞു. മറ്റു കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നും എഴുതിത്ത്ത്ത്തയാറാക്കിയ പ്രസംഗം വായിക്കാമെന്നും ഗവർണർ പറഞ്ഞുവെങ്കിലും പ്രതിഷേധം തുടർന്നു.
പിന്നീട് പ്രതിഷേധം കൊണ്ട് തന്റെ വായടപ്പിക്കാമെന്നു കരുതേണ്ടെന്നു പറഞ്ഞു ഗവർണർ പ്രസംഗം നിർത്തി മടങ്ങി. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ടതിനാൽ അപ്പോൾ തന്നെ വിട്ടയച്ചു. കേസും എടുത്തില്ല. പയ്യാമ്പലം ഗവ. ഗെസ്റ്റ് ഹൗസിലെത്തിയ ഗവർണർ, തന്നെ അനുനയിപ്പിക്കാൻ വന്ന വിസിയെ കാണാൻ ആദ്യം കൂട്ടാക്കിയില്ല. പ്രസംഗങ്ങളുടെയും പ്രതിഷേധത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം വൈകിട്ടോടെ കൂടിക്കാഴ്ച അനുവദിച്ചു.
കെ.കെ.രാഗേഷ് പ്രകോപനം തുടങ്ങിയപ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ല, വേദിയിൽ സംഘാടകർ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ടു തടഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം വിസിയോട് ഉന്നയിച്ചു. സ്ഥിതി മോശമാക്കിയതു സംഘാടകരാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തലവനായ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നു ഗവർണർ പിന്നീട് ആരോപിച്ചു. കണ്ണൂരിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി രാജ്ഭവൻ കേന്ദ്രത്തിനു റിപ്പോർട്ട് നൽകി. സംഭവം വിവാദമായതിനെ തുടർന്നു രാജ്ഭവൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം ചോദിക്കുകയും തുടർന്നു ജില്ലാ പൊലീസ് മേധാവിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതിനിടെ ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടന്നിരുന്നു എന്ന ഗവർണറുടെ ആരോപണം തള്ളിയ ചരിത്രകാരൻ ഇർഫാൻ ഹബീബിനു മറുപടിയുമായി ഗവർണർ നേരിട്ട് രംഗത്തു വന്നു. ആ പരിപാടിയുടെ വിഡിയോ ഒന്നുകൂടി പരിശോധിക്കാൻ ഇർഫാൻ ഹബീബ് തയാറാകണമെന്നു ഗവർണർ ആവശ്യപ്പെട്ടു. തന്നെ കായികമായി നേരിടാൻ ഇർഫാൻ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതു വ്യക്തമാണ്. ആ നീക്കം തിരിച്ചറിഞ്ഞ് തന്റെ എഡിസി ലഫ്റ്റനന്റ് തടയുകയായിരുന്നു. തുടർന്ന് എഡിസിയുടെ ഷർട്ട് വലിച്ചു കീറുകയും ഇടതുവശത്തു നിന്നു തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. അതു അക്കാദമിക പ്രവർത്തനമായിരുന്നോ എന്നു വ്യക്തമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
ഒരു തെരുവുഗുണ്ടയെപ്പോലെയാണ് ഇർഫാൻ ഹബീബ് പെരുമാറിയത്. ഫേസ്ബുക്കിൽ കുറിപ്പുകൾ എഴുതിയതിനും യോഗങ്ങളിൽ കറുത്ത ഷർട്ട് ധരിച്ചതിനും അറസ്റ്റ് നടക്കുന്ന കേരളത്തിൽ തനിക്കു നേരെയുണ്ടായ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഇർഫാൻ ഹബീബ് നിഷേധിക്കുകയാണ്. അബുൽ കലാം ആസാദിനെ തെറ്റായി അവതരിപ്പിച്ചത് ചോദ്യം ചെയ്യുകയാണുണ്ടായത്. കായികമായി ആക്രമിച്ചുവെന്ന ആരോപണം ഇപ്പോൾ ഗവർണർ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ