- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ഫാസ്റ്റ് പാസഞ്ചറിൽ കയറിയപ്പോൾ നിർഭാഗ്യവശാൽ മകളുടെ ടിക്കറ്റ് കീറിപ്പോയി; ആ ടിക്കറ്റ് സ്വീകരിക്കില്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ചെക്കിങ് ഇൻസ്പക്ടർക്ക് വാശി; വിദ്യാർത്ഥിനി ടിക്കറ്റ് എടുത്തെന്ന് കണ്ടെക്ടർ പറഞ്ഞിട്ടും പരസ്യമായി അധിക്ഷേപം; കെഎസ്ആർടിസി ബസ്സിൽ മകൾക്കുണ്ടായ ദുരനുഭവം കുറിച്ച് അച്ഛൻ
ഹരിപ്പാട്: കെ എസ് ആർ ടി സി എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങളിൽ അവരെ കൂടി വിശ്വാസത്തിലെടുത്ത് കോർപറേഷനെ കരകയറ്റാനുള്ള തീവ്രയത്‌നത്തിലാണ് മാനജ്‌മെന്റ്. അതിനിടെ ആനവണ്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്ന സംഭവങ്ങൾ കൂടി ഉണ്ടായാലോ? ഹരിപ്പാട് ഉണ്ടായ ഒരുസംഭവമാണ് ഇനി പറയുന്നത്. വിദ്യാർത്ഥിനിയുടെ ടിക്കറ്റ് കീറിയെന്ന് പറഞ്ഞ് ചെക്കിങ് ഇൻസ്‌പെക്ടർ പരസ്യമായി അധിക്ഷേപിക്കുകയും, പുതിയ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു. ഹരിപ്പാട് മഹാദേവികാട് സ്വദേശിയായ മനോജ് ബാബുവാണ് തന്റെ മകൾക്കുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിൽ കുറിച്ചത്. കുറിപ്പ് വൈറലായതോടെ, കെ എസ് ആർ ടി സി എംഡി ഇടപെട്ട് അന്വേഷണവും നടത്തി.
ഫോട്ടോഗ്രാഫറായ മനോജ്ബാബുവിന്റെ മകൾ ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. മകൾ എല്ലാ ദിവസവും കോളേജിൽ പോകുന്നത് കെഎസ്ആർടിസി ബസ്സിലാണ്. കഴിഞ്ഞ മാസം എട്ടാം തീയതി പതിവുപോലെ തോട്ടപ്പള്ളിയിൽ നിന്നും കെഎസ്ആർടിസി എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറി. ആലപ്പുഴ ശവക്കോട്ട പാലം ടിക്കറ്റ്( Rs 42/ )എടുക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ മകളുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റ് കീറാൻ ഇടയായി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ബസ്സിൽ ചെക്കിങ് ഇൻസ്‌പെക്ടർമാർ കയറുകയും ടിക്കറ്റ് പരിശോധനയ്ക്കിടെ മകളുടെ അടുത്ത് വന്ന് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. മകളുടെ കൈവശമുണ്ടായിരുന്ന കീറിയ ടിക്കറ്റ് കാണിച്ചെങ്കിലും ആ ഉദ്യോഗസ്ഥൻ പരിഗണിച്ചില്ല. ഈ ടിക്കറ്റ് സ്വീകാര്യമല്ല എന്നും വീണ്ടും ടിക്കറ്റ് എടുക്കണം എന്നും ആവശ്യപ്പെട്ടു. മകളുടെ കയ്യിൽ തിരികെ വരുവാനുള്ള കുറച്ചു പണമേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നൽകിയതാണെന്ന് കണ്ടക്ടർ പറഞ്ഞിട്ടും, കാണിച്ചിട്ടും, വീണ്ടും പുതിയ ടിക്കറ്റ് എടുക്കണം എന്ന വാശിയിലായിരുന്നു ചെക്കിങ് ഇൻസ്‌പെക്ടർ. ബസ്സിൽ ഉണ്ടായിരുന്ന നിരവധി യാത്രക്കാരുടെ മുൻപിൽ വെച്ച് മകളെ അധിക്ഷേപിച്ചു. ടിക്കറ്റ് മെഷീനിൽ നിന്ന് സ്റ്റേറ്റ്‌മെന്റ് എടുത്തു കൊടുക്കാം എന്ന് കണ്ടക്ടർ പറഞ്ഞിട്ടും അത് ഗൗനിക്കാതെ, കണ്ടക്ടറെ ശകാരിക്കുകയും, മകളെ വീണ്ടും അധിക്ഷേപിക്കുകയും ചെയ്തു. കൂടാതെ പുതിയ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു.
വിഷയത്തിൽ കെഎസ്ആർടിസി എംഡി ഇടപെട്ടതോടെ, ചെക്കിങ് ഇൻസ്‌പെക്ടർ അനുരഞ്ജനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താൻ അടുത്ത് തന്നെ വിരമിക്കുകയാണെന്നും, പരാതിയുമായി മുന്നോട്ട് പോകരുതെന്നും അഭ്യർത്ഥിച്ചതായി പെൺകുട്ടിയുടെ പിതാവ് മനോജ് ബാബു മറുനാടനോട് പറഞ്ഞു. മകളെ നേരിൽ കണ്ട് മാപ്പ് പറഞ്ഞാൽ നിയമനടപടികൾ പിൻവലിക്കാം എന്നാണ് കരതുന്നത്. എന്തായാലും, കീറിയ ടിക്കറ്റിന്റെ പേരിൽ ആളുകളെ അധിക്ഷേപിക്കാൻ തുടങ്ങിയാൽ കെ എസ് ആർ ടി സി എവിടെ പോയി നിൽക്കുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അതും ഓൺലൈൻ ടിക്കറ്റിങ്ങിന്റെ കാലത്ത്.
മനോജ് ബാബുവിന്റെ വൈറലായ കുറിപ്പ്
പ്രിയ ഗ്രൂപ്പ് അംഗങ്ങളെ... കഴിഞ്ഞദിവസം എന്റെ മകൾക്ക് കെഎസ്ആർടിസി ബസ്സിൽ ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവെക്കാനാണ് ഞാനിവിടെ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ മകൾക്ക് ഉണ്ടായത് പോലെ ഒരു അനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ഇത് ഇവിടെ ഷെയർ ചെയ്യുന്നത്. എന്റെ പേര് മനോജ് ബാബു. ഹരിപ്പാട് മഹാദേവികാട് സ്വദേശിയാണ്. എന്റെ മകൾ ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. മകൾ എല്ലാ ദിവസവും കോളേജിൽ പോകുന്നത് കെഎസ്ആർടിസി ബസ്സിലാണ്,
കഴിഞ്ഞ മാസം (08.02.2023 ) പതിവുപോലെ തോട്ടപ്പള്ളിയിൽ നിന്നും കെഎസ്ആർടിസി എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറുകയും ആലപ്പുഴ ശവക്കോട്ട പാലം ടിക്കറ്റ്( Rs 42/- )എടുക്കുകയും ചെയ്തു. നിർഭാഗ്യവശാൽ മകളുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റ് കീറാൻ ഇടയായി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ബസ്സിൽ ചെക്കിങ് ഇൻസ്‌പെക്ടർമാർ കയറുകയും ടിക്കറ്റ് പരിശോധനയ്ക്കിടെ മകളുടെ അടുത്ത് വന്ന് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. മകളുടെ കൈവശമുണ്ടായിരുന്ന കീറിയ ടിക്കറ്റും മോൾ കാണിച്ചു.
പക്ഷേ ആ ഉദ്യോഗസ്ഥൻ പരിഗണിച്ചില്ല, ഈ ടിക്കറ്റ് സ്വീകാര്യമല്ല എന്നും വീണ്ടും ടിക്കറ്റ് എടുക്കണം എന്നും ആവശ്യപ്പെട്ടു. മകളുടെ കയ്യിൽ തിരികെ വരുവാനുള്ള മിതമായ പണമേ ഉണ്ടായിരുന്നുള്ളൂ. മകൾക്ക് ടിക്കറ്റ് നൽകിയതാണെന്ന് കണ്ടക്ടർ സാർ പറഞ്ഞിട്ടും, കാണിച്ചിട്ടും, വീണ്ടും മോളോട് പുതിയ ടിക്കറ്റ് എടുക്കണം എന്ന് വരെ വാശിയിൽ ചെക്കിങ് ഇൻസ്‌പെക്ടർ ആ ബസ്സിൽ ഉണ്ടായിരുന്ന നിരവധി യാത്രക്കാരുടെ മുൻപിൽ വെച്ച് എന്റെ മകളെ അധിക്ഷേപിക്കുകയും, ഈ കാലഘട്ടത്തിൽ ടിക്കറ്റ് മെഷീനിൽ നിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കാം എന്നിരിക്കെ, അത് എടുത്തു കൊടുക്കാം എന്ന് കണ്ടക്ടർ പറഞ്ഞിട്ടും കണ്ടക്ടറെ ശകാരിച്ച് മകളെ വീണ്ടും മറ്റു യാത്രക്കാരുടെ മുമ്പിൽ വച്ച്, വാക്കുകൾകൊണ്ട് മോൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകും വിധം പെരുമാറുകയും ചെയ്തു, കൂടാതെ പുതിയ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു.
ഒരു വിദ്യാർത്ഥിനി എന്ന പരിഗണന പോലും നൽകിയില്ല. മകൾക്ക് ഇനിയും കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി ഞാൻ കെഎസ്ആർടിസി അധികൃതരെ പരാതിയുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പത്താം തീയതി,ആലപ്പുഴ ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് പരാതി നൽകാൻ, ഡിപ്പോയിൽ ചെന്നു, കാരണം DTO യുടെ ചാർജ് വഹിക്കുന്ന ഓഫീസർ ഹരിപ്പാട് ഡിപ്പോയിൽ ആണെന്ന് അറിയാൻ കഴിഞ്ഞു.
ഞാൻ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റേഷൻ ഓഫീസറാണ് അത് കൈപ്പറ്റിയത്. എന്നോട് മകൾക്ക് സംഭവിച്ച കാര്യങ്ങളൊക്കെ കൃത്യമായി ചോദിച്ചറിഞ്ഞതിനു ശേഷം പരാതി ഓഫീസർക്ക് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 12 ദിവസത്തിനു ശേഷം രണ്ടുപേർ എന്നെ സമീപിക്കുകയും, കെഎസ്ആർടിസിയിലെ ജീവനക്കാരാണെന്ന് ബോധിപ്പിക്കുകയും ചെയ്തു, ഞങ്ങൾക്ക് അറിയാവുന്ന ആളാണ്, തെറ്റ് ചെയ്ത ആൾ ഞാൻ സഹകരിക്കണമെന്നും, മകളെ കൊണ്ട് പരാതി പിൻവലിച്ചു, എന്ന് എഴുതി തരണമെന്നും ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു വീട്ടിൽ ചെന്ന് എല്ലാവരുമായി ആലോചിച്ചതിനു ശേഷം ഒരു മറുപടി നൽകാമെന്ന്. എന്റെ മകൾക്കുണ്ടായ മാനസിക വിഷമത്തിന് ഇതൊരു പരിഹാരമാകുമോ, എന്റെ മകൾ ഈ സംഭവം ഉണ്ടായ ദിവസം, ആലപ്പുഴയിൽ ബസ് ഇറങ്ങി എനിക്ക് ഫോൺ ചെയ്തു. കരഞ്ഞുകൊണ്ടാണ് ഫോൺ ചെയ്തത്, എനിക്ക് പെട്ടെന്ന് ഓടി ചെല്ലാവുന്ന ഒരു ദൂരത്തിൽ അല്ല അവൾ, ഇതിൽ തെറ്റ് ചെയ്ത ആൾ സംസാരിക്കാതെ ഇടനില നിൽക്കാൻ വന്ന സാറന്മാരെ നിങ്ങൾക്കുമില്ലേ മക്കൾ, ഈ അനുഭവം താങ്കൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക? ഈ ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആണ് എന്റെ തീരുമാനം. ബഹുമാനപ്പെട്ട കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അടിയന്തര ശ്രദ്ധ ഈ പരാതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
https://m.facebook.com/groups/698404240500748/permalink/1946183082389518/?sfnsn=wiwspwa&ref=share
മറുനാടന് മലയാളി ബ്യൂറോ