മലപ്പുറം: ചേകന്നൂർ മൗലവിയുടെ മകൻ അന്തരിച്ചു. മരണം 40-ാം വയസ്സിൽ. ചേകന്നൂർ മൗലവി തിരോധനക്കേസ് 30വർഷം പിന്നിടുമ്പോഴാണു മകന്റെ മരണം. തിരോധാനക്കേസിൽ ഇപ്പോഴും എല്ലാം അവ്യക്തമാണ്. ചേകനൂർ മൗലവിയുടെ മകൻ പുതിയ നാലകത്ത് ഫഹദ് (40) ആണ് മരണപ്പെട്ടത്. വെട്ടം സ്വദേശിനിയായ ഫാരിസയാണ് ഫഹദിന്റെ ഭാര്യ.

30വർഷം മുമ്പ് മഴ തൂങ്ങിനിൽക്കുന്ന രാത്രിയിലാണ് ഒരുസംഘം ആളുകൾ ചേകന്നൂർ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹം തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താൻ വർഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. ആ കൂട്ടിക്കൊണ്ടുപോകലിന് 30 വർഷം പിന്നിടുമ്പോൾ മൃതദേഹം പോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. ഒറ്റപ്രതികൾ പോലും ശിക്ഷിക്കപ്പെട്ടില്ലെന്ന ദുഃഖംകൂടിയുണ്ട്.

കോളിളക്കമുണ്ടാക്കിയ കേസിലെ ഒമ്പത് പ്രതികളിൽ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു.അവസാനം ഇയാളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയായിരുന്നു. ചേകന്നൂർ മൗലവി (58) എന്ന ചേകന്നൂർ പി.കെ.അബുൽ ഹസ്സൻ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നായിരുന്നു കേസ്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരടക്കം ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുകയും ഒരു ഘട്ടത്തിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കോടതി ഒഴിവാക്കുകയും ചെയ്തത് കൂടി ചേർന്നതാണ് ചേകന്നൂർ കേസിന്റെ നാൾവഴികൾ.

ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂർ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്. 1993 ജൂലൈ 29ന് ആണ് എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്ന് ചേകനൂർ മൗലവിയെ രണ്ടുപേർ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകി. ഓഗസ്റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

2019ൽ ജംഇയ്യത്തുൽ ഇസ്ഹാനിയ തലവനും ഭീകരനുമായ സെയ്തലവി അൻവരിയെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോൾ അത് വഴിമുട്ടിയ ചേകന്നൂർ മൗലവിക്കേസ് വീണ്ടും പുനഃരന്വേഷണത്തിന് സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം.
തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിൽ മൂന്നുപേർ അറസ്റ്റിലായതോടെയാണ് തീവ്രവാദ സംഘടനയായ ഇയ്യത്തുൽ ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ സ്ഥാപക നേതാവും ചേകന്നൂർ മൗലവികേസിൽ നേരിട്ടുപങ്കുള്ളതായി സംശയിക്കുന്ന സെയ്തലവി അൻവരിയെതേടി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നത്.

കേസിനെ തുടർന്നു മുങ്ങിയ സെയ്തലവി അൻവരിയെ കുറിച്ചു അന്വേഷണ സംഘങ്ങൾക്ക് യാതൊരു വിവരവുമില്ലായിരുന്നു. സെയ്തലവി പിടിയിലാകുന്നതോടെ ചേകന്നൂർ മൗലവി തീരോധനകേസിനും തുമ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതെല്ലാം പ്രതീക്ഷയായി തന്നെ അവശേഷിച്ചു.

ചേകന്നൂർ മൗലവികേസിലെ ഒന്നാം പ്രതി വി.വി.ഹംസയെ തെളിവുകളുടെ അഭാവത്തിൽ 2018ലാണ് ഹൈക്കോടതി വെറുതെ വിട്ടത്. കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകൾ കോടതിയിൽ എത്താത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്നാണ് മൗലവിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ കോടതി വിധിയോടെ ചേകന്നൂർ മൗലവി കേസ് വീണ്ടും തിരോധാന കേസായി മാറുകയായിരുന്നു. മതപ്രഭാഷണം നടത്താൻ പോയ ചേകന്നൂർ മൗലവി കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമാണെന്നാണ് കോടതി നിരീക്ഷിച്ചത്.

ഇതെ തുടർന്ന് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തുവരുന്നിരുന്നു. രണ്ടുഭാര്യമാരിലായി ചേകന്നൂർ മൗലവിക്ക് ഏഴുമക്കളാണുള്ളത്. ആദ്യഭാര്യ ഹവ്വാഉമ്മയിൽ സുഹ്‌റ, സൽമ, റസിയ എന്നീ മൂന്നു പെൺമക്കളാണുള്ളത്. ഇതിൽ മൂത്തമകൾ സുഹ്‌റ ഭർത്താവ് നസ്‌റുദ്ദീനൊപ്പം തൃശൂർ കൊടുങ്ങല്ലൂരിലാണ് താമസം. താഴെയുള്ള സൽമയും റസിയയും ഭർത്താക്കന്മാരായ ഇഖ്ബാലിനും എൻ.വി അയ്യൂബ്ഖാനും കൂടെ പാലക്കാട് കുമരനെല്ലൂരിലാണ്. ഹവ്വാഉമ്മ മൂന്നു മക്കളുടെ വീടുകളിലായി മാറി മാറി താമസിക്കുന്നു. രണ്ടാംഭാര്യ സുബൈദ തിരൂർ പറവണ്ണയിലാണ് താമസം. ഇവരിലെ മക്കളായ യാസർ, സിയാസ്, എന്നിവർ വിദേശത്തായിരുന്നു.മറ്റൊരു മകനായ ആസിഫ് നേരത്തെ മരിച്ചിരുന്നു.

പ്രതിക്കെതിരെ ലഭിച്ച തെളിവുകൾ കോടതിയിൽ എത്താത്തതിനാലാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്നും കേസിന്റെ തുടക്കംമുതൽ നിയമനടപടികൾക്ക് നേതൃത്വം നൽകിയിരുന്ന ചേകന്നൂർ മൗലവിയുടെ അമ്മാവനായ സാലിം ഹാജി വിധിയെ കുറിച്ച് പ്രതികരിച്ചിരുന്നത്. സിബിഐ അന്വേഷിച്ചുകണ്ടെത്തിയ പ്രധാനതെളിവുകൾ ഒന്നുംതന്നെ കോടതിയിൽ എത്തിയില്ലെന്നും കേസിലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും വിവരങ്ങൾ കോടതിയിൽ എത്താതെ അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്നും സലീം ഹാജി ആരോപിച്ചിരുന്നു. മരിച്ച ചേകന്നൂരിന്റെ മകൻ പുതിയ നാലകത്ത് ഫഹദിന്റെ മൃതദേഹം തിങ്കൾ രാവിലെ 10 മണിക്ക് പറവണ്ണ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.