കോഴിക്കോട്: ചെക്യാട് പഞ്ചായത്ത് ഭരണ സമിതിയെ നോക്കു കുത്തിയാക്കി പെർമിറ്റില്ലാതെ ചെക്യാട് ബാങ്ക് കെട്ടിടം പുനർ നിർമ്മാണം തകൃതിയായി നടക്കുന്നതായി പരാതി. സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടി കൈകൊള്ളണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് വാർഡംഗം കെ.പി.കുമാരന്റെ കത്ത്.

ചെക്യാട് പാറക്കടവ്- ചെക്യാട് പി.ഡബ്ള്യൂ.ഡി റോഡ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചൊക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻഭാഗം റോഡ് ഉയർത്തിയത് കാരണം ബാങ്ക് കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് ഉയർത്തിയെടുക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി തീരുമാനിക്കുകയും യു.എൽ.സി.സിക്ക് കോൺട്രാക്ട് കൊടുക്കുകയും ചെയതിരിക്കുകയാണെന്നാണ് പരാതി. അതേ സമയം യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര സജീവമാണെന്ന ആരോപണം നേരത്തെ ഉയർന്നിട്ടുണ്ട്. നിലവിൽ കത്തു നൽകിയ വാർഡംഗം കെ.പി.കുമാരൻ സ്വതന്ത്രനാണ്.

നിലവിലെ ബാങ്ക് കെട്ടിടം പൊളിച്ചു നീക്കി പണി തുടരുന്നതിനിടയിലാണ് ബിൽഡിങ് പെർമിറ്റില്ലാതെ അനധികൃതമായാണ് പണി നടക്കുന്നതെന്നാണു പരാതി ഉയർന്നിരിക്കുന്നത്. വിഷയത്തിൽ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് വാർഡംഗംമായ കെ.പി. കുമാരന് ഒരു കത്തും ലഭിച്ചു. അഴിമതി ആരോപിച്ചാണു ചില ഭരണ സമിതി മെമ്പർമാർക്ക് ' വോയിസ് ഓഫ് വയലോളി താഴ' എന്ന് കാണിച്ച് കത്ത് വരുന്നത് .അനധികൃത നിർമ്മാണം കത്ത് മുഖേന പഞ്ചായത്തിൽ അറിഞ്ഞിട്ടും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് പരാതിക്കാരുടെ ആരോപണം.

എല്ലാ മെമ്പർമാർക്കുമുള്ള കത്ത് പഞ്ചായത്ത് ഓഫീസിൽ പോസ്റ്റ് വഴി എത്തിയിരുന്നന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ കാര്യം മനസ്സിലാക്കി ബാക്കി കത്തുകൾ മുക്കിയതാണെന്നും ആരോപണമുണ്ട്. പെർമിറ്റില്ലാതെ അനധികൃതമായി നടക്കുന്ന ബിൽഡിങ് പണിയിലെ അഴിമതിയിൽ എനിക്ക് പങ്കില്ലെന്നും ഈ കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണ മെന്നും കാണിച്ച് കത്ത് കിട്ടിയ മെമ്പർകെ.പി കുമാരൻ പഞ്ചായത്ത് സെക്രടറിക്ക് കത്ത് നൽകിയെങ്കി ലും ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് സിപിഎം മെമ്പറും ഒരു മുന്മെമ്പറും പഞ്ചായത്തിൽ വന്ന് പഞ്ചായത്ത് സെക്രട്ടറി യുമായി ദീർഘ നേരം ചർച്ച നടത്തിയതിന് ശേഷമാണ് പരാതി സ്വീകരിച്ചതെന്നാണു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഭരണ കക്ഷിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ബിൽഡിങ് നിർമ്മാണത്തിന് ഒരു തടസ്സവും ഉണ്ടാവില്ലന്ന ഉറപ്പിലാണ് ബാങ്കിന്റെ പണി തുടരുന്നത് എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഇപ്പോൾ രാവും പകലും പണി യെടുത്തു കൊണ്ടി രിക്കുകയാണെന്നും ഇവർ പറയുന്നു. ബാങ്ക് കെട്ടിടം പുനർ നിർമ്മിക്കുന്നതിനു പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റ് എടുക്കുന്നതിന് ബാങ്കിന് വലിയ തടസ്സങ്ങൾ ഉള്ളതിനാൽ രാത്രി കാലത്ത് പോലും പണി നടത്തി പൂർത്തീകരിക്കാൻ നോക്കുന്നതെന്നാണ് ആരോപണം.

നിയമപരമായി പഞ്ചായത്തിൽ അപേക്ഷ കൊടുക്കണമെങ്കിൽ വയൽ നികത്തിയ സ്ഥലമായതുകൊണ്ട് ഭൂമിയുടെ തരം മാറ്റണമെന്നും വൈദ്യുതി ലൈൻ പോകുന്നതിന്റെ ചുവട്ടിലായതുകൊണ്ട് കെ.എസ്.ഇ.ബി യിൽ നിന്നും പെർമിറ്റ് വാങ്ങണമെന്നും ഇവർ ആരോപിക്കുന്നു. ഇതൊക്കെ ശരിയായാൽ സ്ഥലപരി മിതിയും പ്രശ്നമാകും. ഇതൊക്കെ മറികടക്കാനുള്ള ഏക വഴി പൊളിച്ചു പുതയ ബിൽഡിങ് അവിടെ തന്നെ എടുത്തു പഴയ നമ്പര് തന്നെ നിലനിർത്താനാണ് ഇവർ ശ്രമിക്കുന്നതെന്നാണ് പരാതി. ഇതിനെ തിരെയാണ് പഞ്ചായത്തിൽ പരാതികൾ ഉയർന്നിട്ടുള്ളത്.