തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെല്ല ചന്ദ്രജോസ് കയറിയത് വലിയ ചർച്ചയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അതു ക്ഷമിച്ചു. ആരും രക്ഷാപ്രവർത്തനവും നടത്തിയില്ല. അങ്ങനെ കേരളം ചർച്ചയാക്കിയ വ്യക്തിയാണ് ചെല്ല ചന്ദ്രജോസ്. പരേതരായ സി ചെല്ലന്റെയും സിൽവിയുടെയും മകനാണ്.

2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തൻവീട്ടിൽ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്നത്. ഓഫിസ് ഫോണിൽ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ അന്നത്തെ മന്ത്രിമാരായ കെ ബാബുവും കെ പി മോഹനനുമാണ് മുഖ്യമന്ത്രിയുടെ മുറിയിൽ ജോസിനെ കണ്ടത്. ഇറങ്ങിപ്പോകാൻ ശ്രമിച്ച ജോസിനെ രണ്ടു മന്ത്രിമാരും ചേർന്നു പിടിച്ചു വച്ചു. മറ്റാരും ഇടപെട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൽസമയ സംപ്രേഷണം അന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാം ലോകം നേരിട്ടു കണ്ടു. ഓഫീസിലേക്കെത്തിയപ്പോൾ ആരാണ് എന്ന് അന്ന് ഉമ്മൻ ചാണ്ടി ചോദിച്ചപ്പോൾ 'ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്' എന്നായിരുന്നു ചെല്ല ചന്ദ്രജോസിന്റെ മറുപടി.'ഞാനിവിടെ ഉള്ളപ്പോൾ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം' എന്നു ജോസ് പറഞ്ഞത് ലോകമാകെ ചർച്ചയായി. ഇതെല്ലാം ഉമ്മൻ ചാണ്ടി ഒരു പുതിയൊരു അനുഭവം മാത്രമായി കണ്ടു. അന്വേഷണത്തിൽ ചെല്ല ചന്ദ്രജോസ് പ്രശ്‌നക്കാരനല്ലെന്നും തെളിഞ്ഞു.

കന്റോൺമെന്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കാൻ ഉമ്മൻ ചാണ്ടി നിർദ്ദേശം നൽകുകയായിരുന്നു. കായികതാരമായിരുന്ന ചെല്ല ചന്ദ്രജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടി വർഷങ്ങൾക്കു മുൻപ് പാറശാല മുതൽ കാസർകോട് വരെ ഓടി അർബുദ രോഗികൾക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. പിന്നീട് വിവാദത്തിൽ എത്തി ചെല്ല ചന്ദ്രജോസ്.

2014ൽ കേരള പൊലീസ് സംഘടിപ്പിച്ച വനിതാ പൊലീസ് ശാക്തീകരണ സെമിനാർ വേദിയിലും ജോസ് താൻ മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് എത്തി. പരിപാടി തുടങ്ങുന്നതിനു മുൻപു മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന ജോസിനെ പൊലീസുകാർ പിടികൂടി പുറത്താക്കുകയായിരുന്നു. 12 വർഷം എയർഫോഴ്‌സിൽ കാഷ്വൽ ലേബററായി ജോലി ചെയ്തു. സ്പോർട്സ് ക്വോട്ടയിൽ പോലും ജോലി ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.