കോഴിക്കോട് : ഏതാണ്ട് 500 കോടിരൂപയോളം ആസ്തിയുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന്് പിടിച്ചെടുത്തത്, നിയമയുദ്ധത്തിലേക്ക്. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപ്പോരാട്ടം കെപിസിസി ലീഗല്‍ സെല്‍ ഏറ്റെടുത്തു. കെപിസിസി നേതൃത്വം നേരിട്ടാണ് കേസ് നടത്തുക. അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

അതിനിടെ ചേവായൂര്‍ ബാങ്കില്‍നിന്ന് കോടികളുടെ നിക്ഷേപമാണ് പിന്‍വലിക്കപ്പെടുന്നത്. . കോവൂര്‍ ശാഖയില്‍നിന്ന് ഒരുകോടിയോളം രൂപയുടെനിക്ഷേപം പിന്‍വലിച്ചതായാണ് വിവരം. പാറോപ്പടി ശാഖയില്‍ നിന്ന് പത്തുലക്ഷത്തോളം രൂപയും ചൊവ്വാഴ്ച പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രീയമായി തങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ കോണ്‍ഗ്രസ് നിക്ഷേപം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ബാങ്ക് ചെയര്‍മാന്‍ ജി.സി. പ്രശാന്ത് കുമാര്‍ പറഞ്ഞു. മറ്റൊരു സഹകരണബാങ്ക് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വിഷയം നിയമപരമായി നേരിടുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

100 കോടിയുടെ ആസ്തിയും, 504 കോടി നിക്ഷേപവുമുള്ള കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കായ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. കല്ലേറ്റും സംഘര്‍ഷവുമുണ്ടാക്കി വോട്ടര്‍മാരെ വിരട്ടിയോടിച്ചും, ക്രമേക്കട് നടത്തിയുമാണ് ബാങ്ക് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലും നടന്നു.

സിപിഎമ്മിനാവട്ടെ ഒട്ടും പ്രതീക്ഷക്കാതെ കിട്ടിയ ലോട്ടറിയാണ്, ഈ നേട്ടം. പക്ഷേ ബാങ്ക് കൈയില്‍നിന്ന് പോയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭരണസമിതിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കയാണ്. യുഡിഎഫ് അനുകൂല നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും സമാന രീതിയില്‍ പണം പിന്‍വലിക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുകയാണ്.

61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണ് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കയാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 11 സീറ്റിലേക്കായി നടന്ന മത്സരത്തില്‍ വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്.

എന്നാല്‍ വ്യാപകമായ കള്ളവോട്ടും ക്രിത്രിമവും നടത്തിയാണ് ബാങ്ക് പിടിച്ചെടുത്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ശനിയാഴ്ച് വലിയ സംഘര്‍ഷമാണ് പോളിങ്് കേന്ദ്രമായ പറയഞ്ചേരി സ്‌കൂളിനുമുന്നില്‍ നടന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.

എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോര്‍ബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്. ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്.