- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം; തർക്കത്തിന്റെ പഴക്കവും വ്യത്യസ്ത വീക്ഷണകോണുകളും പരിഗണിച്ചായിരുന്നു ഒറ്റസ്വരത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തത്: തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കക്കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തർക്കത്തിന്റെ പഴക്കവും വ്യത്യസ്ത വീക്ഷണകോണുകളും പരിഗണിച്ചായിരുന്നു ഒറ്റസ്വരത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറയിട്ട സുപ്രീംകോടതി വിധി പുറപ്പെടുവിച്ചവരിൽ ഒരാൾ ഡി.വൈ. ചന്ദ്രചൂഡും ഉണ്ടായിരുന്നു.
അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു അയോധ്യ ഭൂമിതർക്ക കേസിൽ തീർപ്പുകൽപ്പിച്ചുള്ള വിധി പുറപ്പെടുവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോർഡിന് നഗരത്തിൽതന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളിപണിയാൻ അഞ്ചേക്കർ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചിൽ അംഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്. ഇവർക്ക് പുറമേ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
വിധിന്യായത്തിൽ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു പതിവുള്ളതല്ല. സാധാരണഗതിയിൽ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങൾ പ്രത്യേക വിധിയെഴുതുന്നതെങ്കിൽ അയോധ്യ കേസിൽ അതും തിരുത്തപ്പെട്ടു. വിധിയോടു യോജിച്ചുതന്നെ, തനിക്കു കൂടുതലായി പറയാനുള്ള കാരണങ്ങൾ എന്ന നിലയ്ക്ക് ഒരു ജഡ്ജി അനുബന്ധമെഴുതി. അതാരാണെന്നും വ്യക്തമാക്കിയിരുന്നില്ല. 2019 നവംബർ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതർക്ക കേസിൽ വിധിപറഞ്ഞത്.
കേസുകളിലെ വിധി വ്യക്തിപരമായി ബാധിക്കാറില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗവിവാഹത്തിന് നിയമസാധുതയില്ലെന്ന ഭരണഘടനാ ബെഞ്ച് വിധിയിൽ ഒരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ശരിവെച്ചുള്ള വിധിയെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
മറുനാടന് ഡെസ്ക്