- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ദിവ്യ എസ് അയ്യർക്ക് മികച്ച കളക്ടർക്കുള്ള പുരസ്‌കാരം കിട്ടിയപ്പോൾ ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം; സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പുരസ്‌കാരം വാങ്ങുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ മികച്ച കളക്ടർക്കുള്ള ദി ഇന്ത്യൻ എക്സ്‌പ്രസ് എക്‌സലൻസ് ഇൻ ഗവേണൻസ്് പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ വിലക്ക്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പുരസ്‌കാരങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇത് ഗുരുതരചട്ട ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ. പൊതുഭരണ വകുപ്പ് മുഖേന മാത്രമേ അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കാവൂ. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനാണ് പത്തനംതിട്ട ജില്ലാ കളക്ടർ അവാർഡ് വാങ്ങിയത്. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ദി ഇന്ത്യൻ എക്സ്‌പ്രസ് എക്‌സലൻസ് ഇൻ ഗവേണൻസ്് പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നാണ് ദിവ്യ എസ് അയ്യർ ഏറ്റുവാങ്ങിയത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്കിലൂടെ ദിവ്യ എസ് അയ്യർ ഈ വിവരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നത്. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും നന്ദി അറിയിക്കുന്നതായും ദിവ്യ എസ് അയ്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
പത്തനംതിട്ട കളക്ടറുടെ പോസ്റ്റ്
ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ.
ഇന്ത്യൻ എക്സ്‌പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ ആദരണീയരായ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ മോദി, ഇന്ത്യൻ എക്സ്‌പ്രസ്സ് ചെയർമാൻ ശ്രീ വിവേക് ഗോയെങ്ക മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിചേർന്ന ജില്ലാ കളക്ടർമാരുമായി അനുഭവങ്ങൾ പങ്കിട്ടതും ഏറെ ഹൃദ്യമായി.
ഇക്കൊല്ലം ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നതു. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം ഈ പുരസ്‌കാരം സമർപ്പിക്കുന്നു.