ബെയ്ജിങ്: ഒക്ടോബർ മാസം പകുതി മുതൽ തന്നെ ചൈനയിൽ കുട്ടികളിൽ ന്യൂമോണിയ ബാധ കൂടി വന്നിട്ടുണ്ട്. എന്തിനെയും ഇരുമ്പുമറ തീർക്കുന്ന ചൈനീസ് ശൈലി കൊണ്ട തന്നെ അധികമാരും ഇത് ശ്രദ്ധിച്ചില്ലെന്നു മാത്രം. എന്നാൽ, ഇപ്പോൾ കുട്ടികളിൽ ന്യൂമോണിയ ബാധ മൂലം ആശുപത്രികൾ നിറയുന്ന അവസ്ഥ വരുമ്പോൾ ചൈനയെ വീണ്ടും സംശയദൃഷ്ടിയിൽ നിർത്തുകയാണ് ലോകരാജ്യങ്ങൾ. ചൈനയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പാണോ എന്നതാണ് ആശങ്ക.

കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. കോവിഡ് മഹാമാരിയുടെ നാളുകൾക്ക് ശേഷം ചൈനയിൽ ആശുപത്രികൾ നിറയുകയാണെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. അസുഖങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങൾ ചൈനയിയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂൾ കുട്ടികളിൽ രോഗം വ്യാപിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

'കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല'' പ്രോമെഡ് സൂചിപ്പിച്ചു. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമാണ് പ്രോമെഡ്.

കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കിയതും ഇൻഫ്ളുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളിൽ ഒരു സാധാരണ ബാക്ടീരിയ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ഉൾപ്പെടെയുള്ള അറിയപ്പെടുന്ന രോഗകാരികളുടെ രക്ത ചംക്രമണവുമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവിന് കാരണമായി ചൈനീസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ചൈനയിലും ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യു.കെയിൽനിന്നുള്ള ദ ടെലഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ന്യുമോണിയയുമായി ബന്ധപ്പെട്ട വാർത്തകൾ ആദ്യം പുറത്തുവിട്ടത് പ്രോമെഡ് ആണ്. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന നിരീക്ഷണസംവിധാനമാണ് പ്രോമെഡ്. 2019-ൽ കോവിഡിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് തന്നെയായിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗം പരക്കുകയാണെന്നും ഇത്രയധികം കുട്ടികളിലേക്ക് രോഗം അതിവേഗത്തിൽ വ്യാപിച്ചത് അസാധാരണമാണെന്നും പ്രോമെഡ് പറയുന്നു. ഈ വ്യാപനത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യക്തതയില്ലെന്നും ഇതുവരെ മുതിർന്നവരിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത് അടുത്ത മഹാമാരിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും പ്രോമെഡ് കൂട്ടിച്ചേർത്തു.

ബീജിങ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ഒക്ടോബർ പകുതി മുതൽ, വടക്കൻ ചൈനയിൽ ഇൻഫ്‌ളുവൻസ പോലുള്ള അസുഖങ്ങൾ മുൻ മൂന്ന് വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൈനയ്ക്ക് ലോകാരോഗ്യസംഘടന നൽകിയ നിർദ്ദേശം ഇങ്ങനെയാണ്:

• ശുപാർശ ചെയ്യുന്ന വാക്‌സിനേഷൻ ഉൾപ്പെടുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുക.

• അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക.

• അസുഖം ഉള്ളവർ വീട്ടിൽ തന്നെ തുടരുക.

• പരിശോധനയും ആവശ്യാനുസരണം വൈദ്യസഹായവും നേടുക.

• ഉചിതമായ മാസ്‌കുകൾ ധരിക്കുക.

• നല്ല വായുസഞ്ചാരം ഉറപ്പാക്കുക.

• സാനിട്ടൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക