കൊല്ലം: രക്ഷാപ്രവർത്തനത്തിന് എത്തിയ ഡിവൈഎഫ് ഐക്കാർക്കും മർദ്ദനം. കൊല്ലം നഗരമധ്യത്തിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. യൂത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഡിവൈഎഫ് ഐ ഞെട്ടി.

കൊല്ലത്തെ ചിന്നക്കടയിൽ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് കരുനാഗപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ കരിങ്കൊടി കാണിക്കാൻ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാട്ടാൻ ശ്രമം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ ഡിഫിയുടെ രക്ഷാപ്രവർത്തനം തല്ലുകൊള്ളലായി.

വാൾപയറ്റിന് സമാനമായി പ്രവർത്തകർ നടുറോഡിൽ വടിവീശി ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്തിമാരും സഞ്ചരിക്കുന്ന വാഹനവ്യൂഹം കടന്നുപോയതിന് തൊട്ടുപിന്നാലെയാണിത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾക്കുനേരെ കരിങ്കൊടി കാട്ടിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടേക്കെത്തുകയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. പൊലീസെത്തി പിന്നീട് പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി.

എന്നാൽ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിൽനിന്നും യൂത്ത് കോൺഗ്രസുകാർ ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വിഷ്ണു സനൽ പന്തളം, ഫൈസൽ കുളപ്പാടം ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൈയും കാലും കൊണ്ട് ചവിട്ടിയൊതുക്കുന്നതായിരുന്നു ഡിഫിയുടെ രക്ഷാപ്രവർത്തന രീതി. അതാണ് ചന്നിക്കടയിലും ഡിഫിക്കാർ ഉദ്ദേശിച്ചത്. എന്നാൽ പതിവിന് വിപരീതമായി രക്ഷാപ്രവർത്തകരെ തടയാൻ യൂത്ത് കോൺഗ്രസ് വടിയെടുത്തു. ഇതോടെ ഡിഫിക്കാർക്ക് നല്ല തല്ലും കൊണ്ടു. നേരത്ത പത്തനംതിട്ടയിൽ യുവമോർച്ചക്കാർ ഡിഫിക്കാരെ ഇത്തരത്തിൽ വിരട്ടിയിരുന്നു. രക്ഷാപ്രവർത്തകരുടെ കാറിന്റെ ചില്ലും യൂത്ത് കോൺഗ്രസുകാർ തകർത്തു. ഇതോടെ ജീവനും കൊണ്ട് ഡിഫിക്കാർ രക്ഷപ്പെട്ടു.

ചിന്നക്കടയിൽ യൂത്ത് കോൺഗ്രസുകാർ തിരിച്ചടിക്കുമെന്ന് ഡിഫിക്കാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല. കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന പ്രദേശത്ത് വലിയ തോതിൽ പൊലീസ് ഉണ്ടായിരുന്നു. സംഘർഷത്തിൽ ഇരുവിഭാഗം പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകർ വിവിധ ആശുപത്രികളിൽൽ ചികിത്സ തേടി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നിട്ടും കൊല്ലത്ത് ചില സ്ഥലത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്ന് അടക്കം പൊലീസിനെ എത്തിച്ചാണ് കൊല്ലത്ത് നവകേരള സദസിന് സുരക്ഷയൊരുക്കുന്നത്.